UPDATES

പ്രവാസം

ഡൊണാള്‍ഡ് ട്രംപിന്റെ അറേബ്യന്‍ ഗുണ്ടകള്‍; ഖത്തറില്‍ സംഭവിക്കുന്നത്

ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍ ക്യൂബയുടെ ചരിത്ര പുസ്തകത്തില്‍ നിന്ന് വായിച്ചു തുടങ്ങട്ടെ ഖത്തര്‍ ഭരണാധികാരികള്‍!

എണ്ണ, പ്രകൃതിവാതക വിഭവശേഷിയാല്‍ സമ്പന്നം. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍. വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തില്‍ ലോകത്തില്‍ത്തന്നെ മുന്‍പന്തിയില്‍. വിവിധ രംഗങ്ങളില്‍ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഈ രാജ്യം സ്വീകരിച്ച നിലപാടുകള്‍ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെടുത്ത വേറിട്ട നിലപാടുകള്‍ ശ്രദ്ധേയമാണ്. ഖത്തര്‍ അമേരിക്കയ്ക്കും അവരുടെ അറേബ്യന്‍ ശിങ്കിടികള്‍ക്കും തലവേദനയാകുന്നതിന്റെ കാരണങ്ങള്‍ മറ്റൊന്നുമല്ല.

തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് ഖത്തറിനോട് നിസ്സഹകരണം പ്രഖ്യാപിച്ച അയല്‍രാജ്യങ്ങളുടെ നടപടി ഞെട്ടലോടെയാണ് ലോകം കേട്ടത്. സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യു.എ.ഇ, ലിബിയ, യമന്‍, മാലദ്വീപ് എന്നീ രാജ്യങ്ങളുടെ നിലപാട് ഫലത്തില്‍ ഖത്തറിനെ ലോകത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്.

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സൗദി സന്ദര്‍ശനത്തോടെയാണ് ഖത്തറിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജി.സി.സി അംഗരാജ്യങ്ങള്‍ തീരുമാനിച്ചത്. ട്രംപ് ഇറാനെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സൗദിയുടെ നേതൃത്വത്തില്‍ ഇറാനെതിരേ സംയുക്തമായി നീങ്ങാനും ട്രംപ് ആഹ്വാനം ചെയ്തു. എന്നാല്‍, ഇറാനെതിരായ നീക്കം ഖത്തര്‍ എതിര്‍ത്തു. ഇറാന് അനുകൂലമായി ഖത്തര്‍ അമീറിന്റെ പ്രസ്താവന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു; ഇതോടെ ഖത്തറിനെതിരേ നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഹസന്‍ റുഹാനിയുമായി ഖത്തര്‍ അമീര്‍ ടെലിഫോണില്‍ ബന്ധപ്പെട്ടുവെന്ന വാര്‍ത്ത വന്നതോടെ വിഷയം കൂടുതല്‍ വഷളായിരിക്കുന്നു.

അഞ്ചു രാജ്യങ്ങള്‍ ഒന്നിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രൂപീകരിച്ച് ഈ മേഖലയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അതില്‍ അതിപ്രധാനമാണ് ഖത്തര്‍. ഇത് സവിശേഷ തന്ത്രപ്രധാന രാഷ്ട്രമാണ്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ വ്യോമസേന പ്രധാനമായും ഉയോഗപ്പെടുത്തിയത് ഖത്തര്‍ ആര്‍മിയുടെ വിമാനത്താവളവും സൗകര്യവുമാണ്. ഇറാഖിന്റെ നട്ടെല്ലൊടിച്ച വ്യോമാക്രമണങ്ങള്‍ ഈ താവളത്തില്‍ നിന്നുയര്‍ന്ന വിമാനങ്ങളില്‍ നിന്നാണ് നടന്നത്. ഖത്തറിനെ തകര്‍ക്കാനും ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ആസൂത്രിത നീക്കങ്ങള്‍ നടന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

ഇതിനു മുമ്പും ഖത്തറില്‍ പ്രതിസന്ധികള്‍ രൂപപ്പെട്ടിട്ടുണ്ട്. 1996ലും 2004ലും ജിസിസി രാജ്യങ്ങള്‍ക്കും ഖത്തറിനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം തരണംചെയ്തു മുന്നോട്ടുവന്നു. മൂന്നു രാജ്യങ്ങളുടെയും അതിര്‍ത്തികള്‍ അടച്ചത് ഈ രാജ്യം നേരിടുന്ന പുതിയ പ്രതിസന്ധിയാണ്.

എണ്ണയിലാണ് അമേരിക്കന്‍ കണ്ണ്; പേരിന് ഭീകരവാദവും
കടലില്‍ നിന്നു മുത്തും പവിഴവും പെറുക്കി ഉപജീവനം നടത്തിയിരുന്ന ഒരു ജനതയ്ക്ക് ചുട്ടുപൊള്ളുന്ന മണല്‍ക്കാടിനടിയില്‍ ലോകത്തെ സമ്പന്നമാക്കുന്നതിനുള്ള അത്ഭുതനിധിയുണ്ടെന്ന സൂചന ആദ്യം നല്‍കിയത്, 1930 കളില്‍ അറബ് ജനത അബൂ നഫ്ത് അഥവ എണ്ണയുടെ പിതാവ് എന്നു വാത്സല്യപൂര്‍വം വിളിച്ച മേജര്‍ ഫ്രാങ്ക് ഹോംസ് ആയിരുന്നു. ന്യൂസിലാന്‍ഡുകാരനായ ഭൗമശാസ്ത്രജ്ഞന്‍ മേജര്‍ ഫ്രാങ്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത പട്ടാള സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിന്റെ കോര്‍ട്ടര്‍ മാസ്റ്റര്‍ പദവി അലങ്കരിക്കുന്ന കാലം – 1918. മൊസപ്പൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) സൈനികര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി വരുമ്പോഴാണ് ഭൂമിക്കടിയില്‍ എണ്ണയുടെ ഊറലുണ്ടെന്നു നിരീക്ഷിക്കുന്നത്. താന്‍ കണ്ടെത്തിയ സത്യം ദിവസവും എഴുതുന്ന കത്തുകളിലൂടെ ഭാര്യയുമായി പങ്കുവച്ചു. യുദ്ധത്തിനുശേഷം 1920-ല്‍ ഫ്രാങ്ക് ഗള്‍ഫ് നാടുകളിലേക്കു യാത്ര തിരിച്ചു. മൊസപ്പൊട്ടോമിയന്‍ ഭൂമിയുടെ അടിയില്‍ കണ്ടെത്തിയ നിധി ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടെന്ന് അദ്ദഹം മനസ്സിലാക്കി. ലോകസമ്പദ്‌വ്യവസ്ഥയുടെ ധമനികളിലൂടെ ഒഴുകേണ്ട രക്തമാണ് എണ്ണയെന്നു തിരിച്ചറിഞ്ഞിട്ടാവണം 1922-ല്‍ സൗദി അറേബ്യയിലെത്തി ഇബ്‌നു സഊദുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ കാല്‍ച്ചുവട്ടിനടിയിലുള്ള നിധി ശേഖരത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തത്.

അറേബ്യന്‍ മണ്ണിലെ പെട്രോളിന്റെ ചരിത്രം ഇന്നു മറ്റൊരു ദിശയില്‍ എത്തി നില്‍ക്കുകയാണ്. ലോകത്ത് എണ്‍പത് മില്യണ്‍ ബാരല്‍ പെട്രോള്‍ ഒരു ദിവസം ഉത്പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ എട്ടിലൊന്ന് സൗദി അറേബ്യയില്‍ നിന്നുമാണ്. ഈ അളക്കാനാവാത്ത പ്രകൃതി വിഭവത്തില്‍ തന്നെയാണ് കാലാകാലങ്ങളിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ കണ്ണ്.

ഖത്തറിനെ ഇങ്ങനെ ഒറ്റപ്പെടുത്തുന്ന നടപടിയിലൂടെ ഉയരുന്ന പ്രശ്‌നങ്ങള്‍ അറേബ്യയിലെ അമേരിക്കന്‍ ഗുണ്ടാ രാജ്യങ്ങള്‍ക്കും ആത്മഹത്യാപരമാണ്. എണ്ണയുത്പ്പാദക രാജ്യങ്ങളില്‍ പെട്ടതായതുകൊണ്ട് അവരെയെല്ലാം തീവ്രമായ പ്രതിസന്ധികള്‍ കാത്തിരിക്കുന്നുണ്ട്. അത്തരമൊരു പ്രതിസന്ധി അറേബ്യയില്‍ രൂപപ്പെടുന്നത് തന്നെയാണ് അമേരിക്കന്‍ ഭരണകൂടം കാത്തിരിക്കുന്നതും. ട്രംപിന്റെ സൗദി സന്ദര്‍ശനവും കരുനീക്കങ്ങങ്ങളും ഇതിനുള്ള കെണിയൊരുക്കലായിരുന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഒരിക്കല്‍പ്പോലും ഐക്യം പുലര്‍ത്തിയിട്ടില്ലാത്ത അറേബ്യന്‍ രാജഭരണ വിഡ്ഢികള്‍ ഇപ്പോഴത്തെ അമേരിക്കന്‍ കെണിയിലും സുന്ദരമായി വീണുകൊടുത്തു. ഭവിഷ്യത്തുകള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു എന്ന് പറയാം; കാരണം എണ്ണവില നിലവാരത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കുറവുവന്നിട്ടുണ്ട്.

ട്രംപ് എത്തും മുന്‍പ് ഖത്തറിനെതിരെ യുഎസ് മാധ്യമങ്ങള്‍ വന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് കാണാം. ട്രംപ് മടങ്ങിയ ശേഷം അദ്ദേഹത്തെയും അമേരിക്കയേയും കുറ്റപ്പെടുത്തി ഖത്തര്‍ ന്യൂസ് ഏജന്‍സിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ഹിന്‍ഹമദ് അല്‍ത്താനിയുടെ പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ സ്‌ഫോടനങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവം.

നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധി അടുത്തൊന്നും പരിഹരിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമാകുന്നത്. കുവൈത്ത് അമീറിന്റെ സമാധാന ശ്രമങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. അദ്ദേഹം സൗദി നേതൃത്വങ്ങളുമായി കഴിഞ്ഞദിവസം റിയാദിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ ഫലങ്ങള്‍ക്കും തുടര്‍ചര്‍ച്ചകള്‍ക്കുമായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍, യമന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണെന്നും ഇത് നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തര്‍ ചില തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നുവെന്നാരോപിച്ചാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായ ബന്ധം മുറിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനതിരായ പ്രവര്‍ത്തനങ്ങളിലെ കടമകള്‍ നിര്‍വഹിക്കുകയായിരുന്നുവെന്നും വിദേശ മന്ത്രാലയം ആണയിടുന്നു.

തീര്‍ത്തും വരണ്ട കാലാവസ്ഥയുള്ള ഖത്തറിലെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമല്ല. അതിനാല്‍ അവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മറ്റു രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 40 ശതമാനം സൗദിയില്‍ നിന്നാണ്. ഇപ്പോഴത്തെ വിലക്ക് ഖത്തറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കും. അവരുടെ ചരക്കുഗതാഗതങ്ങളാവട്ടെ യുഎഇ വഴിയുള്ള വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ആശ്രയിച്ചുമാണ് എന്നത് ട്രംപ് ഗുണ്ടകളുടെ ആക്രമണത്തില്‍ താത്ക്കാലികമായെങ്കിലും ഈ രാജ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഭക്ഷ്യപ്രതിസന്ധി തന്നെയാവാം അതില്‍ പ്രധാനപ്പെട്ടത്.

പക്ഷേ വിരല്‍ത്തുമ്പില്‍ ലോകമുള്ള ഇക്കാലത്ത് ഖത്തറിനോട് രാഷ്ട്രീയപരമായി അനുഭാവമുള്ള ഇന്ത്യയും ചൈനയും റഷ്യയും വിയറ്റ്‌നാമും ലെബനോനും അടക്കമുള്ള രാജ്യങ്ങളെ, വിശപ്പ് പരിഹരിക്കാനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ രാജ്യത്തിന് ആശ്രയിക്കാം. ഖത്തറും ഇന്ത്യയും തമ്മില്‍ 18 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇന്ത്യക്കു പ്രകൃതിവാതകം (എല്‍എന്‍ജി) ഏറ്റവും കൂടുതല്‍ നല്‍കുന്ന രാജ്യവും ഖത്തര്‍ തന്നെ- 65 ശതമാനം. എത്തിലിന്‍, പ്രൊപ്പലിന്‍, അമോണിയ, യൂറിയ, പോളിഎത്തിലിന്‍ എന്നിവയും ഇന്ത്യ ഖത്തറില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. ഭക്ഷ്യ, കാര്‍ഷിക, വ്യാവസായിക മേഖലകളില്‍കൂടി ഇന്ത്യയടക്കമുള്ള കാര്‍ഷിക വിശാല രാജ്യങ്ങളുമായി സഹകരണം സാധ്യമാക്കിയാല്‍ അമേരിക്കയോടും ശിങ്കിടികളോടും പോയി പണിനോക്കാന്‍ പറയാന് ഖത്തറിനു സാധിക്കും. അത് മാത്രമാണ് ഇടനിലക്കാരുടെ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ഖത്തറിനു മുന്നിലുള്ള പോംവഴി.

വിരാമാതിലകം: പ്രതിരോധവും ഉപരോധവും കൊണ്ട്, ഭക്ഷണവും മരുന്നും വ്യാവസായിക ഉപകരണങ്ങളുമെല്ലാം അമേരിക്ക നിഷേധിച്ചപ്പോഴും ആത്മാഭിമാനത്തോടെ അതിജീവിച്ച ഒരു രാജ്യമുണ്ട് ലോകത്ത്- ക്യൂബ. ചെഗുവേരയും ഫിദല്‍ കാസ്‌ട്രോയും ഖത്തറിലും ഉയര്‍ന്നുവരും എന്ന് വ്യാമോഹിക്കുന്നില്ല. പക്ഷേ ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍ ക്യൂബയുടെ ചരിത്ര പുസ്തകത്തില്‍ നിന്ന് വായിച്ചു തുടങ്ങട്ടെ ഖത്തര്‍ ഭരണാധികാരികള്‍!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍