UPDATES

പ്രവാസം

ഒമാനില്‍ ആളില്ലാ കസേരകളോട് പ്രസംഗിച്ച് മോദി; വന്നത് വെറും 13,000 പേര്‍

ഒമാന്‍ ജനസംഖ്യയിലെ 20 ശതമാനം ഇന്ത്യക്കാരാണ്

വന്‍ ജനസാന്നിധ്യം പ്രതീക്ഷിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തില്‍ പ്രതീക്ഷിച്ചതിന്റെ പകുതിയാളുകള്‍ പോലും എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മസ്കത്തിലെ സുൽത്താൻ ഖാബുസ് സ്റ്റേഡിയത്തിൽ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ 30,000-ത്തിലേറെ ആളുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും എത്തിയത് കേവലം 13,000 പേര്‍ മാത്രമായിരുന്നു എന്നാണ് മസ്കത്തില്‍ നിന്നുള്ള മനോരമ റിപ്പോര്‍ട്ട് അടക്കം പറയുന്നത്. മോദി പ്രസംഗിക്കുമ്പോള്‍ കാലിയായിക്കിടക്കുന്ന സ്റ്റേഡിയവും നിരവധി പേര്‍ ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്.

മോദിയുടെ പലസ്തീന്‍, ഒമാന്‍, യു എ ഇ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന് ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുന്ന മെഗാ പരിപാടിയായിരുന്നു. ‘ഫെബ്രുവരി 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന മസ്കറ്റിലെ പ്രവാസി ഇന്ത്യക്കാരുടെ സമ്മേളനം പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കും’ എന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഒമാന്റെ ജനസംഖ്യയില്‍ 20 ശതമാനവും ഇന്ത്യക്കാരായതുകൊണ്ടു തന്നെ ഇങ്ങനെ ഒരു പരിപാടിയില്‍ ആളുകളെ പങ്കെടുപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള വിഷയമല്ല. എങ്കില്‍ പോലും ഇന്ത്യന്‍ എംബസി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറല്ല എന്നാണ് അവരുടെ ഒരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എംബസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പുറമെ നിരവധി കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളെ അരദിവസത്തേക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുവാദം കൊടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ തൊഴില്‍ സേനയെ ജോലിക്കു നിര്‍ത്തിയിട്ടുള്ള കമ്പനികളില്‍ നിന്നും എത്ര പേര്‍ പങ്കെടുക്കണം എന്ന കൃത്യമായ നിര്‍ദേശം പോലും എംബസി നല്‍കിയിരുന്നു. കൂടാതെ പങ്കെടുക്കുന്നവരി 80 ശതമാനവും നീല കോളര്‍ തൊഴിലാളികള്‍ ആയിരിക്കണം എന്നും പറഞ്ഞിട്ടുണ്ട്.

എന്നാല്‍ എംബസി അധികൃതരുടെയും മറ്റും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് വളരെ കുറഞ്ഞ ആള്‍ക്കൂട്ടം മാത്രമാണ് മോദിയെ കേള്‍ക്കാനെത്തിയത്. ഇതില്‍ തന്നെ ബിജെപി അനുഭാവികളായ ഉത്തരേന്ത്യക്കാരായിരുന്നു കൂടുതലും എന്നാണ് റിപ്പോര്‍ട്ടുകള്‍.

25,000 അംഗങ്ങളുള്ള മസ്കത്തിലെ ഇന്ത്യന്‍ സോഷ്യൽ ക്ലബ്ബിന്‍റെ നേതൃത്വത്തിലാണു മോദിക്കു സ്വീകരണം ഒരുക്കിയത് എങ്കിലും ഇതിലെ പകുതി പേര്‍ പോലും പരിപാടിക്ക് എത്തിയില്ല. ഇവരുള്‍പ്പെടെ 30,000 പേര്‍ക്ക് പാസ് നല്‍കിയിരുന്നു. വി.വി.ഐ.പി, വി.ഐ.പി കസേരകള്‍ മിക്കതും ഒഴിഞ്ഞു കിടന്നു. കോണ്‍ഗ്രസ്, സിപിഎം അനുഭാവികള്‍ പാസ് വാങ്ങിയതിനു ശേഷം പരിപാടി ബഹിഷ്കരിച്ചതാണ് ആളു കുറയാന്‍ കാരണമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ പ്രവാസികള്‍ക്കായി മോദി എന്തു ചെയ്തു എന്ന് മറ്റുള്ളവര്‍ തിരിച്ചു ചോദിക്കുന്നു.

മോദിയുടെ പരിപാടിയില്‍ ആളെ കൂട്ടാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ചെയ്തത് ഇതൊക്കെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍