ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും.
സൗദിയിലേക്കുള്ള എല്ലാ വിധ സന്ദര്‍ശക വിസ നിരക്ക് 300 റിയാലാക്കി കുറച്ചു. ബിസിനസ് സന്ദര്‍ശനത്തിനൊപ്പം ബന്ധു സന്ദര്‍ശനവും മുന്നൂറ് റിയാല്‍ അടച്ചാല്‍ മതിയാകും. ഒരു മാസത്തെയും ഒരു വര്‍ഷത്തെയും സന്ദര്‍ശക വിസക്കും ഇനി മുതല്‍ മുന്നൂറ് റിയാല്‍ മതി. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും.
മൂന്ന് മാസം കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ ഒരു മാസത്തിനു ശേഷം രാജ്യത്തിന് പുറത്ത് പോയി വരണം. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്ന് മാസത്തിന് ശേഷം പുറത്ത് പോയി വരണം. ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യമിട്ടാണ് നിരക്ക് കുറച്ചത്. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടായിരം റിയാല്‍ ഫീസും കഴിഞ്ഞ ദിവസം കളഞ്ഞിരുന്നു.
ഡിസംബറിന് മുന്നോടിയായി എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും. സമ്പദ്ഘടനയില്‍ ടൂറിസം മേഖലവഴി വന്‍നേട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ആയിരം റിയാലിലേറെ ചിലവുണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്.
51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സൗദിയിലേക്കുള്ള യാത്ര അനായാസമാകും. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിസ നിരക്ക് കുറച്ച നടപടി ഗുണമാകും. ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും പുതിയ തീരുമാനം നേട്ടമാകും