ആസിഫിന്റെ കുടുംബത്തിന് ഒരു വീട് പോലും ഇല്ല. എന്നിട്ടും അവർ കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക പോലും വേണ്ട എന്നാണ് പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള റസിയ മുഹറം മലപ്പുറത്തുള്ള ആയിശ ബീവിയുടെ കാലില്‍ വീണ് തന്റെ ഭര്‍ത്താവ് മുഹറം അലി ചെയ്ത കുറ്റത്തിന് മാപ്പ് അപേക്ഷിച്ചപ്പോള്‍ ആയിശ രണ്ടാമതൊന്നും ചിന്തിച്ചില്ല.
മുഹറം അലി ആയിശ ബീവിയുടെ 24 വയസുള്ള ആസിഫ് എന്ന മകനെ സൗദിയില്‍ വച്ച് കഴുത്തറുത്ത് കൊല്ലുകയുണ്ടായി.
“പടച്ചതമ്പുരാന്‍ എന്റെ മകന് അത്രമാത്രമേ ആയുസ് കൊടുത്തിട്ടുള്ളൂ. നിന്റെ ഭര്‍ത്താവിനെ അതിനു ശിക്ഷിച്ചാല്‍ എന്ത് പ്രയോജനം? നിങ്ങള്‍ എങ്കിലും സുഖമായി ജീവിക്കുക” എന്നു പറഞ്ഞാണ് ആയിശ, റസിയയെ പിടിച്ചെഴുന്നേല്‍പ്പിച്ചത്.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുഹറം, ആയിശ ബീവിയുടെ മകനെ കൊലപ്പെടുത്തിയത്. സൗദിയിലെ അല്‍ ഹസ്സയിലുള്ള ഒരു പെട്രോള്‍ പമ്പിലായിരുന്നു ഇരുവര്‍ക്കും ജോലി.
ആസിഫ്, മുഹറം അലിയുടെ മേലുദ്യോഗസ്ഥനായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് മുഹറത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കേസ് നടക്കുന്നതിനിടയില്‍ മുഹറം മാനസിക വിഭ്രാന്തി കാണിച്ചു. അദ്ദേഹത്തെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. എന്നാല്‍ മാനസിക വിഭ്രാന്തി ഉള്ളത് കൊണ്ട് ശിക്ഷ നടപ്പാക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുഹറം സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ കോടതി തീരുമാനിച്ചു.
ഇതിനിടയിലാണ് ആസിഫിന്റെ മരണത്തിനു നീതി ലഭിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന സൗദിയിലെ അല്‍ ഹസ്സയിലുള്ള കേരള മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) മാറി ചിന്തിച്ചത്.
മുഹറത്തിന് വിവാഹപ്രായമായ രണ്ടു പെണ്‍കുട്ടികളുണ്ട്. മാനസിക നില തെറ്റിയ ആളെ സഹായിക്കേണ്ടേ? അങ്ങനെ മുഹറത്തിന്റെ മോചനത്തിനായി ശ്രമിച്ചു എന്ന് കെ.എം.സി.സിയുടെ കുഞ്ഞസ്ലന്‍ കുട്ടി പറയുന്നു.
ഞങ്ങള്‍ ആസിഫിന്റെ കുടുംബത്തോട് സംസാരിച്ചപ്പോള്‍ അവര്‍ കൊലക്കുറ്റം ചുമത്തി വാങ്ങുന തുക (blood money) പോലും വേണ്ട എന്നു വ്യക്തമാക്കി മാപ്പ് കൊടുക്കാന്‍ സമ്മതിക്കുകയായിരുന്നു; അദ്ദേഹം പറയുന്നു.
ആസിഫിന്റെ കുടുംബത്തിന് ഒരു വീട് പോലും ഇല്ല. എന്നിട്ടും അവര്‍ കൊലക്കുറ്റം ചുമത്തി വാങ്ങുന്ന തുക പോലും വേണ്ട എന്നാണ് പറഞ്ഞത്.
ഇത് റമദാന്‍ ആണ്. ഞാന്‍ റസിയയുടെ ഭര്‍ത്താവിന് മാപ്പ് കൊടുക്കുന്നു എന്നാണ് ആയിശ പറഞ്ഞത്.