UPDATES

പ്രവാസം

യുഎസ് എച്ച് 1 ബി നിയന്ത്രണത്തിന് പിന്നാലെ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യക്ക് തിരിച്ചടി: 457 വിസ പിന്‍‌വലിക്കുന്നു

457 വിസകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

യുഎസ് എച്ച്-1ബി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയ 457 വിസ പരിപാടി പിന്‍വലിക്കുന്നു. വിദേശത്ത് നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് യുഎസില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന എച്ച്1-ബി വിസകള്‍ക്ക് സമാനമാണ് ഓസ്‌ട്രേലിയയിലെ 457 വിസ പദ്ധതി. ധാരാളം ഇന്ത്യന്‍ വിദഗ്ധര്‍ ഈ വിസകളില്‍ ഓസ്‌ട്രേലിയയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നുണ്ട്.

എച്ച്-1ബി വിസകള്‍ക്ക് യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. സമാനമാണ് 457 വിസകളില്‍ ഓസ്‌ട്രേലിയ സ്വീകരിച്ചിരിക്കുന്ന നിലപാട് സൃഷ്ടിക്കാന്‍ പോകുന്ന ആഘാതവും. സാങ്കേതിക വിദഗ്ധരെ എല്ലാം പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള തീരുമാനമാണിത്. 457 വിസകള്‍ ഉള്ള വിദഗ്ധ വിദേശത്തൊഴിലാളികള്‍ക്ക് പരമാവധി നാല് വര്‍ഷം ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിന് നിലവിലെ ചട്ടങ്ങള്‍ അനുമതി നല്‍കിയിരുന്നു.

457 വിസകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വളര്‍ന്നുവരുന്ന കുടിയേറ്റത്തെ കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ പടരുന്ന ആശങ്കയാണ് 457 വിസ പരിപാടി പിന്‍വലിക്കാന്‍ യാഥാസ്ഥിതിക സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ഓസ്‌ട്രേലിയ ഒരു കുടിയേറ്റ രാജ്യമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ബഹുസംസ്‌കാര രാഷ്ട്രമാണ് ഓസ്‌ട്രേലിയ എന്നും ടേണ്‍ബുള്‍ പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയന്‍ തൊഴിലുകള്‍ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് തന്നെ ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ 457 വിസകള്‍ക്ക് പകരമായി പുതിയ വിസ പദ്ധതി ആവിഷ്‌കരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്.

ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ ഉള്ള മൊത്തം 12 ദശലക്ഷം വരുന്ന തൊഴില്‍സേനയില്‍ വെറും 96,000 പേര്‍ മാത്രമാണ് ഈ വിസ പ്രകാരം ജോലി ചെയ്യുന്നത്. ഇതില്‍ നാലില്‍ ഒന്നും ഇന്ത്യക്കാരാണെന്നതാണ് നമുക്ക് ആശങ്ക ഉളവാക്കുന്നത്. ഇവര്‍ ഐടി, ശാസ്ത്രീയ, ആരോഗ്യ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നവരെ ബാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡ്യൂട്ടണ്‍ വിശദീകരിച്ചു. അവരവരുടെ വിസയിലുള്ള നിബന്ധനകള്‍ പ്രകാരം നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇനി മുതല്‍ 457 വിസകള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യില്ലെന്ന് ടേണ്‍ബുള്‍ വ്യക്തമാക്കി.

ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് 457 വിസ പദ്ധതിക്ക് സമാനമായ മറ്റൊരു വിസ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു കുടിയേറ്റ രാജ്യമാണെങ്കില്‍ പോലും ഭാവിയില്‍ ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് പൗളിന്‍ ഹാന്‍സണെ പോലുള്ള വലതുതീവ്രവാദികള്‍ ആവശ്യപ്പെടുന്നത്. ഇവരുടെ ആവശ്യങ്ങള്‍ വലിയ പൊതുജന പിന്തുണ ലഭിക്കുന്നതാണ് സര്‍ക്കാരിനെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ പ്രേരിപ്പിക്കുന്നത്. വണ്‍ നേഷന്‍ പാര്‍ട്ടി എന്ന തീവ്രവലതുപക്ഷ കക്ഷിയുടെ നേതാവായ പൗളിന്‍ ഹാന്‍സണ്‍ വലിയ വെല്ലുവിളിയാണ് സര്‍ക്കാരിനുയര്‍ത്തുന്നത്. അവരെ നിശബ്ദമാക്കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട്. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കണമെന്നും മുസ്ലീങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്നത് തടയണമെന്നും ഈ വര്‍ഷം ആദ്യം പൗളിന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പ്രചാരണങ്ങളുടെ ഫലമായി ഓസ്‌ട്രേലിയയില്‍ വംശീയ വിദ്വേഷ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍