ഓരോ ആഴ്ചയും നൂറുകണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ നിന്നും തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു വരുന്നത്
ഇനി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മാത്രമേ പ്രവാസി ഭാരതീയ ദിവസം സംഘടിപ്പിക്കുകയുള്ളു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ ഇടവേളയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണാനും വിദേശ ഇന്ത്യക്കാരെയും ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തി ആയിരിക്കും മീറ്റിംഗ് സംഘടിപ്പിക്കുക എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
അടുത്ത വര്‍ഷം വാരണാസിയില്‍ ആണ് പ്രവാസി ഭാരതീയ ദിനം സംഘടിപ്പിക്കുക. ഇതിനിടയില്‍ പത്തോളം മീറ്റിംഗുകള്‍ നടന്നു കഴിഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ഉള്ള ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. എണ്ണ വില ഇടിവും രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യക്കാരെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇതിനിടയില്‍, ഓരോ ആഴ്ചയും നൂറുകണക്കിന് ഇന്ത്യക്കാരാണ് സൗദിയില്‍ നിന്നും തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു വരുന്നത്. നിതാഖത്ത്, എണ്ണ പ്രതിസന്ധി, എന്നിവ തൊഴില്‍ നഷ്ട്ടപെടുന്നതില്‍ ആക്കം കൂട്ടിയിട്ടുണ്ട് എന്ന് സൗദി ആസ്ഥാനമായ ചാരിറ്റി ഓഫ് പ്രവാസി മലയാളി സംഘടനയുടെ ഭാരവാഹി അയൂബ് കരൂപ്പടന്ന പറഞ്ഞു.
ചുരുങ്ങിയത് 400 പേരെങ്കിലും ഒരു മാസം തൊഴില്‍ നഷ്ട്ടപെട്ടു തിരിച്ചു പോകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. സൗദിയില്‍ നിലവില്‍ 18 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിട്ടുണ്ട്. ഒപ്പം 2018 സെപ്റ്റംബര്‍ മുതല്‍ 12 തൊഴില്‍ മേഖലകള്‍ കൂടി ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഒമാനില്‍ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി 87 തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. നീക്കി വെയ്ക്കപ്പെട്ട മേഖലകളില്‍ ഇനി കുടിയേറ്റ തൊഴിലാളികള്‍ക്ക് അവസരം നല്‍കില്ല. ഇത് നിലവില്‍ ജോലി ചെയ്യുന്നവരില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.
ഒപ്പം 25000 തൊഴില്‍ അവസരങ്ങള്‍ സ്വദേശികള്‍ക്കായി മാത്രം നിജപ്പെടുത്തുന്ന പദ്ധതിയും ലക്ഷ്യം കാണാറായി. ഇത് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ കാര്യമായി മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് കുടിയേറ്റ തൊഴിലാളികളുടെ അവകാശത്തിനായ് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക മിനി മോഹന്‍ സംശയം പ്രകടിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരുന്നവരുടെ പുനരധിവാസ പദ്ധതികള്‍ ചര്‍ച്ചയിലെ വരുന്നില്ല എന്നാണ് മിനി പറഞ്ഞത്. എന്നാല്‍ ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. 69 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വരുമാനം. ചൈനയാണ് രണ്ടാം സ്ഥാനത്ത് (64 ബില്യണ്‍ ഡോളര്‍). ഫിലിപ്പൈന്‍സ് (33 ബില്യണ്‍ ഡോളര്‍) ആണ് മൂന്നാം സ്ഥാനത്ത്.
ലോകത്താകെ ഇത്തരത്തില്‍ പണമയയ്ക്കുന്നതില്‍ ഏഴ് ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകബാങ്ക് പറയുന്നു. എണ്ണ വില വര്‍ദ്ധിക്കുന്നതും ഗള്‍ഫ് മാത്രം അല്ലാതെ തന്നെ യുറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യക്കാര്‍ കുടിയേറുന്നതും ആണ് വര്‍ധനയ്ക്കു കാരണം എന്ന് ലോക ബാങ്ക് ഉദ്യോഗസ്ഥന്‍ ദിലീപ് രാത അഴിമുഖത്തോടു പറഞ്ഞു.
2016ല്‍ 573 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2017ല്‍ 613 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എണ്ണവിലയിലെ വര്‍ദ്ധനവും യൂറോയുടേയും റൂബിളിന്റേയും മൂല്യം ഉയര്‍ന്നതും ഇതിന് കാരണമായിട്ടുണ്ട് എന്നാണ് ലോകബാങ്ക് പറയുന്നത്. ലോക ബാങ്ക് റിപ്പോര്‍ട്ടിലെ കുടിയേറ്റവും വികസനവും എന്ന ഭാഗത്താണ് ഇത് പറയുന്നത്. എന്നാല്‍ 2018ല്‍ ഈ വര്‍ദ്ധനവ് ഉണ്ടാവില്ല എന്നാണ് കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംഘടനകള്‍ പറയുന്നത്.