UPDATES

പ്രവാസം

പ്രവാസികളുടെ ‘ദുര്‍മരണം’; 2005നും 2015നും ഇടയില്‍ ഗള്‍ഫില്‍ മരിച്ചത് 30,000 ഇന്ത്യക്കാര്‍

വേതന നിഷേധം മുതല്‍ പീഢനവും അപമാനവും വരെയുള്ള നിരവധി പരാതികളാണ് പ്രവാസി തൊഴിലാളികളില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും ലഭിക്കുന്നത്

തെലുങ്കാന ജില്ലയിലെ കല്ലേഡ ഗ്രാമത്തില്‍ നിന്നും ആളുകള്‍ തൊഴിലന്വേഷിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പട്ടിണിയില്‍ നിന്നും രക്ഷനേടുന്നതിനാണ്. ഒരു കാര്‍ഷീക ഗ്രാമമായ കല്ലേഡയില്‍ പക്ഷെ ജലക്ഷാമം രൂക്ഷമായതിനാല്‍ തന്നെ കൃഷി ഒരിക്കലും ലാഭകരമാവാറില്ല എന്ന് മാത്രമല്ല അതിജീവിനത്തിന് പോലും ഉപകരിക്കുന്നില്ല. അപ്രതീക്ഷിതമായി ഉണ്ടാവുന്ന വരള്‍ച്ച കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു. പക്ഷെ ഇവിടെ നിന്നും ഗള്‍ഫിലേക്ക് പോകുന്നവരില്‍ നല്ലൊരു ഭാഗവും അവിടെ വച്ച് മരിക്കുകയാണ് ചെയ്യുന്നതെന്ന് തോമസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്റെ റോളി ശ്രീവാസ്തവ സ്‌ക്രോളിന് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സെപ്തംബറില്‍ കല്ലേഡയില്‍ നിന്നും ദുബായിലേക്ക കുടിയേറിയവരില്‍ മരിച്ച രണ്ടാമനാണ് ചിത്തം എന്ന 45കാരന്‍. 2014ന് ശേഷം ഏകദേശം 450 ഇന്ത്യന്‍ പ്രവാസി തൊഴിലാളികള്‍ ദുബായില്‍ വച്ച് മാത്രം മരണത്തിന് കീഴടങ്ങി എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം കല്ലേഡയില്‍ നിന്നുള്ള മൂന്ന് പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരിച്ചതായി മുന്‍ ഗ്രാമത്തലവന്‍ അന്‍കാതി ഗംഗാധര്‍ പറയുന്നു. ചിത്തം ഹൃദയസ്തംഭനം മൂലം മരിച്ചെന്നാണ് അറിയിപ്പ് ലഭിച്ചതെങ്കിലും കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോള്‍ അദ്ദേഹം ആരോഗ്യവാനായിരുന്നു എന്നും ഗംഗാധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഗ്രാമത്തില്‍ നിന്നുള്ള 24കാരനായ മറ്റൊരു ചെറുപ്പക്കാരന്‍ തൊട്ടു മുന്‍മാസം ഇതേ കാരണത്താല്‍ മരണമടഞ്ഞതായി ഗ്രാമവാസികളും പറയുന്നു.

മാനസിക പിരിമുറുക്കം, അനാരോഗ്യം, കടുത്ത ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഇവയാണ് തൊഴിലാളികളുടെ മരണകാരണമെന്നാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്ത് നിന്നും ഗള്‍ഫിലേക്ക് പോകുന്ന തൊഴിലാളികളുടെ ദുര്‍മരണ നിരക്ക് സന്തുലിതമായ നിലനില്‍ക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മരണങ്ങളെ കുറിച്ച് ആളുകള്‍ കുറച്ചു ദിവസങ്ങള്‍ ആശങ്കപ്പെടുമെങ്കിലും നാട്ടില്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവര്‍ വീണ്ടും പ്രവാസത്തിന് തയ്യാറാവുകയാണ് ചെയ്യുകയെന്ന് ഗംഗാധര്‍ വിശദീകരിക്കുന്നു.

ജലക്ഷാമം മൂലം കൃഷി ഉപജീവനത്തിന് ഉതകാത്തതിനാല്‍ തെലങ്കാനയില്‍ നിന്നുള്ള ആളുകള്‍ രാജ്യത്തെ വലിയ നഗരങ്ങളിലേക്കും ഗള്‍ഫിലേക്കും കുടിയേറുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നിന്നും പ്രതിവര്‍ഷം ശരാശരി 10,000 പേരും കല്ലേഡയില്‍ നിന്നും 200 പേരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നു. വ്യാജ ഏജന്റുമാര്‍ കൃത്രിമമായി സൃഷ്ടിക്കുന്ന വലിയ പ്രതീക്ഷകളാണ് പലരേയും കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്കൊണ്ട് ധാരാളം പണം സമ്പാദിക്കാമെന്ന പ്രതീക്ഷയാണ് പലരേയും ഇതിലേക്ക് നയിക്കുന്നത്.

1980കളില്‍ കടുത്ത വരള്‍ച്ചയാണ് പലരേയും ഗള്‍ഫ് കുടിയേറ്റത്ത് പ്രേരിപ്പിച്ചത്. തുടക്കത്തില്‍ ചില സാമ്പത്തിക നേട്ടങ്ങളൊക്കെ ഉണ്ടായെങ്കിലും അതിനവര്‍ വലിയ വിലയാണ് നല്‍കേണ്ടി വന്നത്. മനുഷ്യത്വരഹിത സാഹചര്യത്തില്‍, നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും പിരിഞ്ഞ് ഏറെക്കാലം അവര്‍ക്ക് കഠിനാധ്വാനം ചെയ്യെണ്ടി വന്നു. ചിത്തത്തിന്റെ കാര്യം തന്നെയെടുത്താല്‍ പ്രതിമാസം അദ്ദേഹത്തിന് 12,000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ സാധിച്ചിരുന്നില്ല. അതില്‍ 4000 മുതല്‍ 5000 രൂപ വരെ നാട്ടിലേക്ക് അയയ്ക്കുന്നു. 13 വര്‍ഷം ദുബായില്‍ ജോലി ചെയ്ത അദ്ദേഹത്തിന് വെറും അഞ്ച് തവണയാണ് നാട്ടില്‍ ഭാര്യയെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നുള്ളു.

തെലങ്കാനയില്‍ നിന്നുള്ള രാമണ്ണ ചിറ്റ്‌ല 16 വര്‍ഷം ദൂബായില്‍ ജോലി ചെയ്ത ആളാണ്. ഏജന്റുമാരുടെ ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. ദുബായില്‍ തൊഴിലാളികളോട് വളരെ മോശമായാണ് പെരുമാറുന്നതെന്നും അവര്‍ ദുരിതത്തിലാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഭൂരിപക്ഷവും ഏജന്റുമാരുടെ പ്രലോഭനങ്ങളില്‍ വീണ് വഞ്ചിക്കപ്പെടുന്നവരാണ്. ഇതില്‍ ഒരു മാറ്റം വരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

വേതന നിഷേധം മുതല്‍ പീഢനവും അപമാനവും വരെയുള്ള നിരവധി പരാതികളാണ് പ്രവാസി തൊഴിലാളികളില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാരിനും സന്നദ്ധ സംഘടനകള്‍ക്കും ലഭിക്കുന്നത്. ശുചീകരണ തൊഴിലുകളിലൂടെയും നിര്‍മ്മാണ തൊഴിലൂടെയും മറ്റും പണം ലഭിക്കും എന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍ പലപ്പോഴും ഏജന്റുമാരില്‍ നിന്നും 50,000 മുതല്‍ 100,000 വരെ കടം വാങ്ങുന്നു. പക്ഷെ അവരുടെ വേതനവുമായി ഈ തുക ഒരിക്കലും സന്തുലനം പ്രാപിക്കുന്നില്ല. പണം മിച്ചം വെക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ രോഗം വന്നാല്‍ പോലും ഡോക്ടറെ കാണാന്‍ മടിക്കുന്നതായി ചിറ്റ്‌ല വിശദീകരിക്കുന്നു. അനാരോഗ്യവും ചൂഷണാത്മകമായ തൊഴില്‍ സാഹചര്യങ്ങളുമാണ് മരണങ്ങള്‍ക്ക് കാരണമാകുന്നതെന്ന് ചിറ്റ്‌ല സാക്ഷ്യപ്പെടുത്തുന്നു.

ഗള്‍ഫ് പ്രതിസന്ധി; കേരളം കരുതിയിരിക്കുക

ഗള്‍ഫ് രാജ്യങ്ങളിലെമ്പാടുമായി ആറ് ദശലക്ഷ്യം ഇന്ത്യന്‍ പ്രവാസികള്‍ ജോലി ചെയ്യുന്നതുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 2005നും 2015നും ഇടയില്‍ 30,000 ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി വ്യക്തമാക്കുന്നു. കരാറുകളിലെ സുതാര്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും വിദേശത്തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനുള്ള സംവിധാനവും അഞ്ച് ഭാഷകളില്‍ അവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ആവിഷ്‌കരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ അംഗീകൃത ഏജന്റ് എന്ന നിലയില്‍ തൊഴില്‍ കരാറുകളെ കുറിച്ച് പ്രവാസികളെ ബോധവല്‍ക്കരിക്കുകയും തൊഴിലുടമ കരാര്‍ ലംഘിക്കുന്നില്ല എന്നും രേഖകള്‍ പൂര്‍ണമാണെന്നും ഉറപ്പാക്കുകയുമാണ് ചിറ്റ്‌ലയുടെ ഉത്തരവാദിത്വം. എന്നാല്‍ അനധികൃത ഏജന്റുമാര്‍ക്ക് ലഭിക്കുന്നതിന്റെ പകുതി തൊഴിലന്വേഷകരെ പോലും ആകര്‍ഷിക്കാന്‍ ചിറ്റ്‌ലയ്ക്ക് സാധിക്കുന്നില്ല. പ്രദേശത്തെ അമ്പതില്‍പരം അനധികൃത ഏജന്റുമാര്‍ നൂറുകണക്കിന് തൊഴിലാളികളെ ഗള്‍ഫ് നാടുകളിലേക്ക് അയയ്ക്കുമ്പോള്‍ ചിറ്റ്‌ലയ്ക്ക് ഇതുവരെ 48 പേരെ അയയ്ക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളു.

അനധികൃത ഏജന്റുമാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും റിക്രൂട്ട്‌മെന്റ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിന് വേണ്ടി ബോധവല്‍ക്കരണം നടത്തുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരവധി പരസ്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും വേണ്ടത്ര ഫലം ചെയ്യുന്നില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നു. 70,000 രുപ ഏജന്റിന് നല്‍കി വിദേശത്തേകക്ക് പോയ 26കാരനായ ചന്ദ്രശേഖര്‍ ബൊറഗല്ല മൂന്ന് മാസത്തെ പീഢനത്തിന് ശേഷം വെറും കൈയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ നാട്ടില്‍ വെല്‍ഡര്‍ ജോലി ചെയ്ത കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതിദിനം 400 രൂപ മാത്രമാണ് വരുമാനമെങ്കിലും ഇനിയൊരിക്കലും ദുബായിലേക്ക് പോകില്ല എന്ന് ബൊറഗല്ല ഉറപ്പിച്ച് പറയുന്നു.

ഗള്‍ഫ് പ്രവാസികളുടെ വിധവകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രവാസി അവകാശ പ്രവര്‍ത്തകര്‍ ദീര്‍ഘനാളായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അതവരുടെ അവകാശമാണെന്ന് സന്നദ്ധ പ്രവര്‍ത്തകനായ ഭീം റെഡ്ഢി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തിന്റെ പ്രവാസി നയത്തിന്റെ ഭാഗമായി ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് തെലുങ്കാന സംസ്ഥാന പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയേഷ് രഞ്ചന്‍ പറയുന്നു. നിലവില്‍ പക്ഷെ, ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും അവരുടെ ഗ്രാമങ്ങളിലേക്ക് ശവശരീരങ്ങള്‍ എത്തിക്കുന്നതിനുള്ള സൗജന്യം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്.

ആറ് ഗള്‍ഫ് രാജ്യങ്ങളിലായി അടിമപ്പണി ചെയ്യുന്നത് 24 ലക്ഷം കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍