UPDATES

പ്രവാസം

സ്വന്തം വീട്ടിലെ തൊഴിലാളിയെ അടിമയെ പോലെ പണി എടുപ്പിച്ചിട്ടു എന്ത് പുണ്യമാസം? റമദാന്‍ ഗദ്ദാമകള്‍ക്ക് പീഡനകാലം; ഉറങ്ങുന്നത് വെറും നാല് മണിക്കൂര്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ഗാർഹിക തൊഴിലാളികളെ ശരിയായ രീതിയിൽ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല

പുണ്യമാസമാണ് റമദാൻ. എന്നാൽ സൗദിയിലെ റിയാദിൽ അറബിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ജമീല ബീവിക്ക് സന്തോഷത്തേക്കാൾ ആശങ്കയാണ് ഈ ദിനങ്ങള്‍ നല്‍കുന്നത്.

റമദാന് ബന്ധുക്കളും വിരുന്നുകാരും ഒരുപാടു പേരുണ്ടാകും. എല്ലാവർക്കും വെച്ചും വിളമ്പിയും നടുവൊടിയും. ഏതാനും മണിക്കൂർ, അതായതു ഉറങ്ങുന്ന നാല് മണിക്കൂർ, മാത്രമേ വിശ്രമം ഉള്ളു. കഴിഞ്ഞ വര്‍ഷം ശരിക്കും അനുഭവിച്ചതാണ്. ഇക്കൊല്ലവും അതുപോലെ തന്നെ, ജമീല പറഞ്ഞു.

തിരുവനന്തപുരം സ്വദേശി ജമീല ഗാർഹിക തൊഴിലിനായി രണ്ടു വര്‍ഷം മുൻപാണ് ഗള്‍ഫില്‍ എത്തിയത്. 12 അംഗങ്ങൾ ഉള്ള അറബിയുടെ വീട്ടിൽ ആണ് ജോലി. ഭർത്താവു മരിച്ചു പോയ ജമീല എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ പഠനത്തിന് പൈസ സ്വരൂപിക്കാനാണ് ഗൾഫിലേക്ക് കുടിയേറിയത്. തിരുവന്തപുരത്തു തന്നെ ഉള്ള ഏജന്റിന് 75000 രൂപ കൊടുത്തിട്ടാണ് വിസയും മറ്റും ഒപ്പിച്ചത്. മാസം 20000 രൂപ ശമ്പളം പറഞ്ഞിരുന്നു എങ്കിലും ഏകേദശം 13000 മാത്രം ആണ് കിട്ടുന്നത്.

ജോലി കളഞ്ഞിട്ടു പോകണം എന്നുണ്ട്, പക്ഷെ കടം… അതുകൊണ്ട് തുടരുന്നു. കഴിഞ്ഞ റമദാനിൽ ഏകദേശം നാല് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. അതുതന്നെ ആണ് എന്റെ വിശ്രമ സമയവും ജമീല കൂട്ടി ചേർത്തു.

ജമീലയുടേത് ഒറ്റപ്പെട്ട സംഭവമല്ല. റമദാന്‍ മാസത്തില്‍ ഗൾഫിൽ പൊതു സ്വകാര്യ മേഖലയിൽ തൊഴിൽ സമയം ഏകേദശം അഞ്ചു മണിക്കൂറായി ചുരുങ്ങുമ്പോൾ ഗാർഹിക തൊഴിലാളികളുടെ ജോലി സമയം 18 ഉം 20 ഉം മണിക്കൂറായി കൂടും. ഒരു ഗൾഫ് രാജ്യത്തിലും ഗാർഹിക തൊഴിലാളികളെ ശരിയായ രീതിയിൽ തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ജമീലയെ പോലുള്ള ഗാർഹിക തൊഴിലാളികൾക്ക് ശരിയായ രീതിയിൽ ഉള്ള തൊഴിൽ മനുഷ്യാവകാശങ്ങൾ ലഭിക്കാറില്ല. ജോലിയുടെ ഭാരം കൊണ്ട് പലരും തൊഴിലിടത്തു നിന്നും ഓടിപ്പോകാറുണ്ടെന്ന് നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ് മൂവേമെന്റിൽ നിന്നും സിസ്റ്റർ വളർമതി അഴിമുഖത്തോടു പറഞ്ഞു.

ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നതും റമദാൻ സമയത്താണ് താനും. അറബിയുടെ വീട്ടിൽ ഉണ്ടാകുന്ന ഇഫ്‌താർ വിരുന്നുകൾ ഒട്ടുമിക്കപ്പോഴും ഒരൊറ്റ ഗാർഹിക തൊഴിലാളി ആണ് തയ്യാറാക്കുന്നത്. പുണ്യമാസത്തിലെ അടിമപ്പണി ആണ് ഇതെന്ന് ഒമാനിലെ ട്രേഡ് യൂണിയൻ നേതാവ് മുഹമ്മദ് ഖാലിദി പറഞ്ഞു. പുണ്യമാസം പറയുന്നത് പഠിപ്പിക്കുന്നത് മനുഷ്യത്വം ആണ്. എന്നാൽ പലപ്പോഴും പലരും അത് മറക്കുന്നു. സ്വന്തം വീട്ടിലുള്ള തൊഴിലാളിയെ അടിമയെ പോലെ പണി എടുപ്പിച്ചിട്ടു എന്ത് പുണ്യമാസം ആണ് ഇവർ ആചരിക്കുന്നത് എന്ന് ഖാലിദി ചോദിച്ചു.

ലോക തൊഴിലാളി സംഘടനയുടെ കണക്കനുസരിച്ചു ആഴ്ചയില്‍ 70 മണിക്കൂറിനും 100 മണിക്കൂറിനും ഇടയിൽ ഗൾഫിലെ ഗാർഹിക തൊഴിലാളി പണി എടുക്കുന്നുണ്ട്. എന്നാല്‍ ഗാർഹിക തൊഴിലാളികൾക്ക് ആകട്ടെ അധിക ജോലിക്കു അധിക കൂലിയും നൽകാറില്ല.

കുവൈറ്റ് ഇന്ത്യൻ എംബസിയിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് അവർ ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളി കേസുകൾ ഉണ്ടാകുന്നതു റമദാൻ മാസത്തിൽ ആണെന്നാണ്.

ഗാർഹിക തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളും അവർ പണിയെടുക്കുന്ന രാജ്യങ്ങളും റമദാൻ മാസത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ മനസ്സിലാക്കുന്നുണ്ടെങ്കിലും അവർ നേരിടുന്ന തൊഴിൽ ചൂഷണങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഒപ്പം ബ്ലാക്ക് മാർക്കറ്റിൽ ഗാർഹിക തൊഴിലാളികളുടെ ‘വിൽപ്പന’ പൊടിപൊടിക്കുകയാണ് എന്നാണ് സൗദി ഗസ്റ്റ് എന്ന പത്രം റിപ്പോർട്ട് ചെയ്തത്. ഒരു ഗാർഹിക തൊഴിലാളിയുടെ വില ഒരു മാസത്തേക്ക് 25000 രൂപയിൽ നിന്നും 60000 രൂപയായി വർദ്ധിച്ചു. കൂടുതലും നവമാധ്യമങ്ങളിലൂടെ ആണ് കച്ചവടം നടക്കുന്നത്. റമദാൻ മാസത്തെ ഡിമാൻഡ് ആണ് ഇത്തരം ഒരു സ്ഥിതി വിശേഷത്തിനു കാരണം.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്ന ചില പരിഹാര മാർഗങ്ങൾ

മുസ്ലിം വീട്ടുടമ, മുസ്ലിം ഗാർഹിക തൊഴിലാളി: റമദാൻ സമയത്തു എല്ലാവരും ചുരുങ്ങിയ തൊഴിൽ സമയത്തിന് അർഹരാണ്. ഗാർഹിക തൊഴിലാളിക്ക് കുറഞ്ഞത് 2 മണിക്കൂറെങ്കിലും വിശ്രമം കൊടുക്കണം, ക്രമീകരിച്ച പ്രവർത്തി സമയം നൽകുക, തൊഴിലാളിയുടെ വിശ്രമം കൃത്യമായി ഷെഡ്യൂൾ ചെയ്യുക, പ്രാര്ഥിക്കാനുള്ള സൗകര്യം നൽകുക

മുസ്ലിം വീട്ടുടമ അമുസ്ലിം ഗാർഹിക തൊഴിലാളി: കൃത്യമായ ജോലി സമയം നൽകുക. തൊഴിലാളി അമുസ്ലിം ആയതു കൊണ്ട് അധിക സമയം പണി എടുപ്പിക്കരുത്, റമദാന്റെ ചിട്ടകൾ പറഞ്ഞു മനസിലാക്കുക, തൊഴിലാളിയുടെ വിശ്രമം കൃത്യമായി ഷെഡ്യൂൾ ചെയ്യുക.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍