UPDATES

പ്രവാസം

സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ആഭിചാര കര്‍മ്മങ്ങള്‍ സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നതും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്

നിങ്ങളുടെ ഫോണിലും ലാപ്‌ടോപ്പിലും എന്തെങ്കിലും അശ്ലീല ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം നശിപ്പിച്ചുകളയുക ദുര്‍മന്ത്രവാദത്തിന്റേതെന്ന് തോന്നിക്കുന്ന യാതൊന്നും കൈവശമില്ലെന്ന് ഉറപ്പാക്കുക. ഇതെല്ലാം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. ഏകദേശം 30 ലക്ഷം ഇന്ത്യക്കാരുള്ള സൗദിയിലാണ് ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകളുള്ളത്.

അവിടുത്തെ പ്രാദേശിക ആചാരങ്ങളും നിയമങ്ങളും ലംഘിക്കപ്പെട്ട് ജയിലിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ് തൊഴിലന്വേഷകര്‍ക്ക് അവ പഠിപ്പിക്കുന്ന ക്ലാസുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നത്. സൗദി അറേബ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഒരു വസ്തുക്കളും കൈവശം സൂക്ഷിക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. നിരോധിക്കപ്പെട്ടിരിക്കുന്ന ഒരു ഉള്ളടക്കവും ഫോണിലും ലാപ്‌ടോപ്പിലും പാടില്ല.

രാജ്യത്തുകൂടി സഞ്ചരിക്കുന്നവര്‍ ഏലസോ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്നതോ ആയ യാതൊന്നും കൈവശം സൂക്ഷിക്കരുത്. ആഭിചാര കര്‍മ്മങ്ങള്‍ രാജ്യത്ത് നിരോധിച്ചിരിക്കുന്നതും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ്. മയക്കുമരുന്ന്, പന്നിമാംസം ഉള്‍പ്പെടുന്ന ഭക്ഷണം, പോപ്പിക്കുരുക്കള്‍, ഖാട്ട് ഇലകള്‍, പാന്‍ മസാല, ഇസ്ലാമിനെക്കുറിച്ച് അല്ലാതെ മറ്റേതൊരു മതത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന സാഹിത്യകൃതികള്‍ എന്നിവയാണ് വിലക്കുള്ള മറ്റ് വസ്തുക്കള്‍.

സൗദിയിലെത്തുന്ന ഇന്ത്യക്കാര്‍ ഇവിടെ വിമാനം ഇറങ്ങുന്നതിന് മുമ്പ് തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ക്കൊപ്പം പ്രാദേശിക നിയമങ്ങളും ഇത്തരം വിലക്കുകളും മനസിലാക്കിവയ്ക്കുന്നത് പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറയുന്നത്. റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ പലവിധത്തില്‍ കബളിപ്പിക്കുന്നതിനെതിരെയും ഇന്ത്യക്കാര്‍ക്ക് ഉപദേശം ലഭിക്കുന്നുണ്ട്. കരാര്‍ കൈമാറാതെയും അമിത ഫീസ് ഈടാക്കിയുമെല്ലാമാണ് മുഖ്യമായും കബളിപ്പിക്കല്‍ നടക്കുന്നത്.

പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ 20,000 ഇന്ത്യന്‍ രൂപയില്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ പാടില്ല. കൂടാതെ സൗദി നിയമം അനുസരിച്ച് തൊഴില്‍ ദാതാവാണ് വിദേശ ജീവനക്കാരുടെ വിസ ഫീസും വിമാനയാത്രക്കൂലിയും വഹിക്കേണ്ടത്. ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ തൊഴില്‍ കരാറിലെ ഇംഗ്ലീഷിലും അറബിയിലുമുള്ള ഉള്ളടക്കങ്ങള്‍ ഒന്നുതന്നെയാക്കണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സൗദിയിലെ തൊഴില്‍ മന്ത്രാലയം എല്ലാ വിദേശ ജീവനക്കാര്‍ക്കും ഇപ്പോള്‍ സൗജന്യ സിം കാര്‍ഡ് നല്‍കുന്നുണ്ട്. സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ വിലകുറഞ്ഞ ഒരു സ്മാര്‍ട് ഫോണ്‍ കൈവശം സൂക്ഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. എന്തെങ്കിലും തൊഴില്‍, ഹജ്, ഉംറ വിസകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളോ എന്തെങ്കിലും ക്രിമിനല്‍ കേസുകള്‍ ഇവിടെ തീര്‍പ്പാകാനോ ഉണ്ടെങ്കില്‍ സൗദിയിലേക്ക് യാത്ര ചെയ്യരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഉപദേശിക്കൂന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍