UPDATES

പ്രവാസം

ഖത്തറിന് സംഭവിച്ചത്

ഖത്തര്‍ തങ്ങളുടെ അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്തി എന്നതിനപ്പുറം ഖത്തറില്‍ ഒരു മാറ്റവും വരുത്താന്‍ ഉപരോധത്തിന് സാധിച്ചില്ല

ഗള്‍ഫ് പ്രതിസന്ധിയെ കുറിച്ചും ഊര്‍ജ്ജ സമ്പന്നരാജ്യമായ ഖത്തറിനെ കുറിച്ചുള്ള ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. എന്നാല്‍ സമീപഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍, സമാധാനപൂര്‍ണമായ ഈ രാജ്യം സുഖമമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അതിന്റെ അയല്‍ക്കാരുമായി ഇത്തരം പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നില്ലെന്നും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ഭീകരസംഘടകള്‍ക്ക് സഹായം നല്‍കുകയും ഇറാനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിന്റെ പേരില്‍, ഖത്തറിനെതിരെ നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്താനും യുഎസ് സൈനീക അടിത്തറയുടെ പ്രധാന കേന്ദ്രവുമായ രാജ്യത്തെ ഒറ്റപ്പെടുത്താനും സൗദി അറേബ്യയും മറ്റ് അറബ് ശക്തികളും തീരുമാനിച്ച വിവരം ജൂണ്‍ അഞ്ചിന് രാവിലെ വളരെ അപ്രതീക്ഷിതമായി മാധ്യമങ്ങളിലൂടെയാണ് നമ്മള്‍ അറിയുന്നത്.

ഒറ്റ രാത്രികൊണ്ട് ഇതെങ്ങിനെ സംഭവിച്ചു എന്ന് നമ്മള്‍ ആശ്ചര്യപ്പെടുമ്പോഴും ഒന്ന് കണ്‍ചിമ്മുന്ന നേരം കൊണ്ട് പെട്ടെന്ന് സംഭവിച്ചതല്ല ഈ സംഭവവികാസങ്ങളെന്നും ഇതൊരു ദീര്‍ഘകാല സംഘര്‍ഷത്തിന്റെ ഫലമായി ഉണ്ടായതാണെന്നും നമ്മള്‍ അനുമാനിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് അറിയുമ്പോള്‍ നമ്മള്‍ ഖത്തറിനെ കണ്ണുംപൂട്ടി അഭിനന്ദിക്കും. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഖത്തറിന്റെ രാഷ്ട്രീപരമായ പങ്കും വളര്‍ച്ചയും തടയുന്നതിനുള്ള ഏറ്റവും ലളിതമായ നടപടിയാണ് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഖത്തര്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയതോടെ അതിന്റെ വളര്‍ച്ചയില്‍ മറ്റ് രാജ്യങ്ങള്‍ ഭയക്കാന്‍ തുടങ്ങി.

ഖത്തറിനൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഖത്തര്‍ അമീറിന്റെ ചിത്രത്തില്‍ ആളുകള്‍ ഒപ്പുവെയ്ക്കുന്നു

2010-ല്‍ അറബ് വസന്തത്തോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ആരംഭിക്കുന്നത്. ആ സമയത്ത് ലോകം മുഴുവന്‍ ജനാധിപത്യത്തെയും ജനാധിപത്യ തത്വങ്ങളെയും മുറുകെ പിടിക്കുമ്പോള്‍, തങ്ങളുടെ ഏകാധിപത്യത്തില്‍ അടിയുറച്ചു നില്‍ക്കുകന്നതില്‍ വാശിപിടിച്ച ഗള്‍ഫ് മേഖലയിലുള്ള രാജ്യങ്ങള്‍ യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കാനും തയ്യാറായില്ല. ടുണീഷ്യയില്‍ അറബ് വസന്തം പൂത്തുലയുകയും അത് പ്രദേശത്ത് മൊത്തം മാറ്റത്തിന്റെ കാറ്റുവിതയ്ക്കുകയും ചെയ്തപ്പോള്‍ അതിനെ വിവിധ രീതികളിലൂടെ അടിച്ചമര്‍ത്താനാണ് ഇപ്പോള്‍ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്ന രാജ്യങ്ങള്‍ ശ്രമിച്ചത്. അറബ് വസന്തത്തെ പിന്തുണച്ചുകൊണ്ട് മാറ്റത്തിന് വേണ്ടി വാദിച്ചത് ഖത്തര്‍ മാത്രമായിരുന്നു. അറബ് വസന്തത്തിന് യഥാര്‍ത്ഥ ശബ്ദം നല്‍കിയത് അല്‍-ജസീറ മാധ്യമ ശൃംഖലയും.

അന്നുമുതല്‍, ഖത്തറില്‍ നിന്നും നിശബ്ദമായി അകലം പാലിക്കാനും വിവിധ മാര്‍ഗ്ഗങ്ങിലൂടെ ഖത്തറിനെ ഒറ്റപ്പെടുത്താനുമാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ശ്രമിച്ചത്. അറബ് വസന്തത്തെ പിന്തുണച്ച പ്രസ്ഥാനങ്ങളെല്ലാം ഇവരുടെ കണ്ണില്‍ ഭീകരരുടെ പട്ടികയിലായി. ഖത്തറിന്റെ സഹായത്തോടെ മുസ്ലീം ബ്രദര്‍ഹുഡ് അറബ് വസന്തത്തെ പിന്തുണച്ചതിനാല്‍, ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായും ഖത്തറിനെ ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യമായും മുദ്രകുത്തി.

ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഖത്തറിനും മുസ്ലീം ബ്രദര്‍ഹുഡിനുമെതിരെ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഊര്‍ജ്ജസമ്പന്നമായ ഈ ചെറുരാജ്യം മാറുന്നത് തടയാന്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ദശലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഒരു സുരക്ഷിതമായ ജീവിതം നയിക്കുന്നതിനും മാന്യമായ ഉപജീവനമാര്‍ഗ്ഗം തേടുന്നതിനും ഖത്തര്‍ വഴിയൊരുക്കി. ഖത്തറിന്റെ വളര്‍ച്ചയെ അത്ഭുതത്തോടെ ശത്രുരാജ്യങ്ങള്‍ വീക്ഷിച്ചു.

എന്നാല്‍ 2022-ലെ ഫുഡ്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഖത്തറില്‍ വച്ച് സംഘടിപ്പിക്കാനുള്ള തീരുമാനം അവരെ കൂടുതല്‍ അലോസരപ്പെടുത്തുകയും മത്സരവേദികള്‍ തങ്ങളുമായി പങ്കുവെക്കണം എന്ന ആവശ്യം അവര്‍ മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാല്‍ ഒരു നൂതനമായ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്ന ഖത്തര്‍ അത്തരം ഒരു ആവശ്യത്തിന് വഴങ്ങാന്‍ തയ്യാറായിരുന്നില്ല.  ശത്രുരാജ്യങ്ങളുടെ നീഖ്കളെ കുറിച്ച് ഖത്തറിന് ധാരണയുണ്ടെങ്കിലും അവര്‍ മൗനം പാലിക്കുകയാണ്: ഇത് ഭയമൂലമോ ആത്മവിശ്വാസക്കുറവുകൊണ്ടോ അല്ല, മറിച്ച് അവരുടെ മാന്യതകൊണ്ട് മാത്രമാണ്.

യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വഷളാക്കുന്നതിന് കാരണമായി. ഹിലാരി ക്ലിന്റണ് വേണ്ടി ഊര്‍ജ്ജസ്വലമായി പ്രചാരണം നടത്തിയ ഖത്തര്‍ അവരുടെ വിജയം കാംഷിച്ചിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഖത്തറിന്റെ മോഹങ്ങളെ തല്ലിക്കെടുത്തി. അദ്ദേഹം വിജയിച്ച് മാസങ്ങള്‍ക്കകം, ഖത്തറിനെതിരെ ഇഎഇ നടപടികള്‍ ആസൂത്രണം ചെയ്യുന്നതായുള്ള ഇ-മെയിലുകള്‍ പുറത്തുവരികയും ട്രംപ് റിയാദ് സന്ദര്‍ശിക്കുകയും ചെയ്തു. അതിന് ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ പരസ്യമായി രംഗത്ത് വരികയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഖത്തര്‍ തങ്ങളുടെ അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്തി എന്നതിനപ്പുറം ഖത്തറില്‍ ഒരു മാറ്റവും വരുത്താന്‍ ഉപരോധത്തിന് സാധിച്ചില്ല എന്നതിനാല്‍ തന്നെ സാഹചര്യം അവരുടെ ഭാവനയ്ക്ക് അതീതമായി തീര്‍ന്നിരിക്കുകയാണ്. എന്നാല്‍, ശാന്തവും സമാധാനപരവുമായി പ്രശ്‌നത്തെ നേരിട്ടുകൊണ്ട്, മനുഷ്യത്വത്തിന്റെയും അച്ചടക്കത്തിന്റെയും ഉയരങ്ങള്‍ സഖ്യകക്ഷികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഖത്തറിന് സാധിച്ചു. നിരവധി ആരോപണങ്ങള്‍ നിരത്തിക്കൊണ്ട് ഖത്തറുമായി ബന്ധം വിച്ഛേദിച്ച പ്രധാന രാജ്യങ്ങളില്‍ ഒന്നായ യുഎയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ ഖത്തറിന് എളുപ്പത്തില്‍ സാധിക്കുമായിരുന്നു.

യുഎഇയുടെ വാതക ആവശ്യങ്ങളില്‍ മുന്നിലൊന്ന് നിര്‍വഹിച്ചുകൊണ്ട പ്രതിദിനം രണ്ട് ബില്യണ്‍ ക്യൂബിക് അടി (56 ദശലക്ഷം ക്യൂബിക് മീറ്റര്‍) പാചകവാതം യുഎഇയില്‍ എത്തിക്കുന്ന കടലിനടിയിലൂടെയുള്ള ഡോള്‍ഫിന്‍ എനര്‍ജി പൈപ്പ്‌ലൈന്‍ അടച്ചിടാന്‍ ഖത്തറിന് സാധിക്കുമായിരുന്നു. ഈ മരുകൊട്ടാരങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കൊടും ചൂടിനെ മറികടക്കുന്ന എയര്‍കണ്ടീഷണറുകളെ പ്രവര്‍ത്തിക്കുന്നതിന് ദുബായിലും അബുദാബിയിലും പ്രവര്‍ത്തിക്കുന്ന വൈദ്യുതശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആ പ്രകൃതിവാതകമില്ലാതെ യുഎഇയ്ക്ക് സാധിക്കുമായിരുന്നില്ല. അതുപോലെ കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ജലശാലകളും പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. മറ്റൊരു സ്‌ത്രോതസില്‍ നിന്നും വാതകം ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ സമയം എടുക്കുകയും ചെയ്യുമായിരുന്നു.

തങ്ങളുടെ അയല്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നടപടികളൊന്നും ഖത്തറിനെ ബാധിച്ചിട്ടില്ല എന്ന് മാത്രമല്ല, അവര്‍ ഉപരോധം തുടര്‍ന്നാലും പ്രശ്‌നങ്ങളില്ലാതെ മുന്നേറാനും ഖത്തറിന് സാധിക്കും. സാമ്പത്തിക ഉപരോധം തുടര്‍ന്നാലും തങ്ങളുടെ കറന്‍സിയെ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാന്‍ ഖത്തറിന് സാധിക്കും. ഇതില്‍ സംശയമുള്ളവര്‍ക്ക് ഖത്തറിന്റെ ഭീമാകാരമായ സാമ്പത്തിക ശേഷിയെകുറിച്ച് അറിയുന്നതിനായി അവരുടെ സാമ്പത്തിക കണക്കുകള്‍ പരിശോധിക്കാവുന്നതാണ്. 12 മാസത്തേക്ക് വേണ്ടുന്ന ഭക്ഷ്യശേഖരം ഖത്തറിന് ഉണ്ടെന്ന് മാത്രമല്ല, ഇപ്പോള്‍ ദൈനംദിന രീതിയില്‍ വേഗം കേടുവരുന്ന ഉല്‍പന്നങ്ങള്‍ അയയ്ക്കുന്നതിന് നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുമുണ്ട്. വിഷയത്തെ കുറിച്ച് വസ്തുതാപരമായ വിജ്ഞാനമുള്ളവര്‍ക്കെല്ലാം ഖത്തറിനെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണങ്ങള്‍ പൊള്ളത്തരം എളുപ്പത്തില്‍ മനസിലാവും.

ലളിതമായ ഭാഷയില്‍ വിശദീകരിച്ചാല്‍, യാഥാസ്ഥിതികരല്ലാത്ത, സ്വതന്ത്രചിത്തരായ ശക്തികളും യാഥാസ്ഥിതികരും പാരമ്പര്യചിത്തരുമായ ഏകാധിപത്യങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ അറബ് ലോകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍-ജസീറ മാധ്യമ ശൃംഗല അടച്ചുപൂട്ടണമെന്ന യാഥാസ്ഥിതിക ശക്തികളുടെ ആവശ്യം ചിത്രം കൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. ഒരു പരമാധികാര രാജ്യമായ ഖത്തറിന് അവരുടേതായ പ്രത്യയശാസ്ത്രമുണ്ട്. മറുഭാഗത്തിന് വ്യത്യസ്ത പ്രത്യേയശാസ്ത്രമാണ് ഉളളതെന്ന ഒറ്റക്കാരണത്താല്‍ ഉപരോധം അടിച്ചേല്‍പ്പിക്കുന്നത് ന്യായയുക്തമല്ല തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശങ്കര്‍ സി ജി

ശങ്കര്‍ സി ജി

ഖത്തറിലെ The Peninsula Newspaper ല്‍ സബ്-എഡിറ്റര്‍. ഡക്കാണ്‍ ക്രോണിക്കള്‍, ദൈനിക് ജാഗരണ്‍, ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തച്ചിരുന്നു. ദോഹയില്‍ താമസം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍