കേരളത്തില്‍ നിന്നുള്ള പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി
കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഗള്‍ഫില്‍ നിന്നും യാത്ര ചെയ്യരുത് എന്ന് ഒമാന്‍, യുണൈറ്റഡ് അറബ് എമിരേറ്റ്‌സ്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഇറക്കിയ ഔദ്യോഗിക പ്രസ്താവന ആയിരകണക്കിന് മലയാളികളുടെ അവധിക്കാല യാത്രയെ ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മെയ് ജൂണ്‍ എന്നീ മാസങ്ങളിലാണ് സ്‌കൂളുകള്‍ അടയ്ക്കുന്നത്. ഈ മാസങ്ങളില്‍ ആണ് ഗള്‍ഫില്‍ കുടുംബമായി താമസിക്കുന്നവര്‍ നാട്ടിലേക്കു യാത്ര ചെയ്യുന്നത്.
അപ്രതീക്ഷിതമായ വിലക്ക് പലര്‍ക്കും കനത്ത സാമ്പത്തിക നഷ്ടവുമാണുണ്ടാക്കിയിരിക്കുന്നത്. ‘ഞാന്‍ എനിക്കും ഭാര്യക്കും രണ്ടു മക്കള്‍ക്കും വേണ്ടി ടിക്കറ്റുകള്‍ നാല് മാസം മുന്‍പേ എടുത്തിരുന്നു. അതാകട്ടെ തിയതി മാറ്റാന്‍ പറ്റുന്നു ടിക്കറ്റും അല്ല. ആ പൈസ നഷ്ട്ടമായെന്ന് ദുബൈ മലയാളി ബിനോ ജോസഫ് അഴിമുഖത്തോടു പറഞ്ഞു. ഗള്‍ഫിലെ ഭൂരിഭാഗം മലയാളികളും കോഴിക്കോട് മലപ്പുറം ഭാഗത്തു നിന്നുള്ളവരാണ്. പെട്ടെന്നുണ്ടായ ഈ സാഹചര്യം ബിസിനസിനെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ദുബൈയിലെ ഒരു ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ചിലര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു, മറ്റു ചിലര്‍ തിയതി മാറ്റുന്നു. അകെമൊത്തം എല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിപ വൈറസ് ഭീതി പരന്നതോടെ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പച്ചക്കറി, പഴവര്‍ഗങ്ങള്‍ക്ക് എന്നിവയുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ യുഎഇ ഏര്‍പ്പെടുത്തിയ നിരോധനം കുവൈറ്റും ആലോചിക്കുന്നതായി ആണ് കുവൈറ്റ് സര്‍ക്കാര്‍ അറിയിച്ചു.
ഇതിനിടയില്‍ നിപ വൈറസ് ബാധ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ശനിയാഴ്ച അറിയിച്ചു. ആദ്യഘട്ടത്തില്‍ അധികം പേരിലേക്ക് വൈറസ് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ നേരത്തെ നിപ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് നിപ്പ പകരാന്‍ സാധ്യതയുണ്ടെന്ന് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു.
അത്തരത്തില്‍ രണ്ടാമതും നിപ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ഇങ്കുബേഷന്‍ പീരിയഡ് കഴിയുന്നതുവരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ നിപ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കേണ്ടതുണ്ട്. നിപയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്‍ മാത്രമേ ഇത് പോസിറ്റീവാണോയെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്.
നിപ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണം. നിപ രോഗിയുമായി ഇടപഴകിയവര്‍ ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത് മറ്റൊരു രോഗം പോലെയല്ല. ശരീരത്തില്‍ വൈറസ് വന്നാല്‍ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന ഒരു പ്രത്യേക തരം വൈറസാണ്. അതുകൊണ്ട് അതീവ ജാഗ്രത പുലര്‍ത്തണം.
കേന്ദ്രവുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. കണ്‍ട്രോള്‍ റൂം ഇപ്പോഴും കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെത്തന്നെയുണ്ട്. അത് പിന്‍വലിച്ചിട്ടില്ല. പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ ഈ സംഘത്തെ നിലനിര്‍ത്തും. രണ്ടാം ഘട്ടത്തില്‍ നിപ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ വകുപ്പ്.
18 പേരിലാണ് നിപ്പ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ മരണമടഞ്ഞു. ചികിത്സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടു വരുന്നുവെന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
പരിശോധനയില്‍ ഇവരില്‍ മഹാഭൂരിപക്ഷത്തിനും നെഗറ്റീവാണ്. കഴിഞ്ഞ ദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് പോസിറ്റീവായി വന്നത്. ബാക്കിയെല്ലാം നെഗറ്റീവാണ്. ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് വരുന്നു. എല്ലാ ജനങ്ങളുടേയും പൂര്‍ണ സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു.