UPDATES

പ്രവാസം

കാല്‍നടക്കാരുടെ സുരക്ഷയ്ക്ക് റോഡില്‍ സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലുമായി ദുബൈ

സ്മാര്‍ട്ട് സിറ്റിയുടെ ലക്ഷ്യങ്ങള്‍ പരിപൂര്‍ണമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്

അല്‍ സദഹ് സ്ട്രീറ്റിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം 15 പുതിയ പ്രദേശങ്ങളില്‍ കൂടി സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നല്‍ പ്രൊജക്ട് നടപ്പാക്കാന്‍ ദുബൈ ഒരുങ്ങുന്നു. ദുബൈയുടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പ്രോജക്ട് നടപ്പാക്കുന്നത്.

സ്മാര്‍ട്ട് സിറ്റിയുടെ ലക്ഷ്യങ്ങള്‍ പരിപൂര്‍ണമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. അല്‍ മുരാഖബത്, അല്‍ റിഗ്ഗ, അല്‍ മംഘൗല്‍, ബനിയാസ്, ഡിസംബര്‍ 2 സ്ട്രീറ്റ്, അല്‍ മക്തൂം, ഷെയ്ഖ് ഖലീഫ സ്ട്രീറ്റ് തുടങ്ങിയ ദുബൈയിലെ തിരക്കേറിയ ഏതാനും മേഖലകളിലാണ് സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലുകള്‍ സ്ഥാപിക്കുകയെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ മൈത ബിന്‍ അദായ് അറിയിച്ചു. അല്‍ ബര്‍ഷ, സിറ്റി വാക്ക് തുടങ്ങിയ ജില്ലകളിലും ഈ പദ്ധതി നടപ്പാക്കും.

ഒപ്റ്റിക്കല്‍ സംവിധാനത്തിലേക്ക് ബന്ധപ്പെടുത്തിയിരിക്കുന്ന സെന്‍സറുകളുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. റോഡ് ക്രോസ് ചെയ്യുന്നതിന് മുമ്പ് തന്നെയുള്ള കാല്‍നടക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഈ സംവിധാനം റോഡ് ക്രോസ് ചെയ്ത് തുടങ്ങുമ്പോള്‍ അതിനനുസരിച്ച് സമയം അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് വാഹനങ്ങളുടെ ഒഴുക്കിനെ ബാധിക്കാതെ തന്നെ ഒരേസമയം വലിയൊരു ആള്‍ക്കൂട്ടത്തെ സുരക്ഷിതമായി റോഡ് ക്രോസ് ചെയ്യാന്‍ സഹായിക്കുന്നു.

വൃദ്ധര്‍, അംഗപരിമിതര്‍, വലിയ ലഗ്ഗേജുമായി പോകുന്നവര്‍ തുടങ്ങിയ സാവകാശം റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കാണ് ഈ സംവിധാനം കൂടുതല്‍ ഗുണം ചെയ്യുകയെന്ന് മൈത അറിയിച്ചു. കൂടാതെ റോഡ് ക്രോസ് ചെയ്യാന്‍ ആളില്ലാത്ത സാഹചര്യം കണ്ടെത്തുകയാണെങ്കില്‍ ആ സമയം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അധികമായി അനുവദിക്കുകയും ചെയ്യും. ഇതിനാലാണ് വാഹനങ്ങളുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കാതെ കാല്‍നടക്കാര്‍ക്ക് ക്രോസ് ചെയ്യാനാകുമെന്ന് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍