UPDATES

പ്രവാസം

പ്രൈവറ്റ് രജിസ്‌ട്രേഷനില്‍ പഠിച്ച ഇന്ത്യന്‍ അധ്യാപകര്‍ക്ക് യുഎഇയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റില്ല

സര്‍ട്ടിഫിക്കറ്റില്‍ പഠന രീതി എന്തെന്ന ചോദ്യത്തിന് സര്‍വകലാശാലയില്‍ നിന്ന് പ്രൈവറ്റ് എന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെടും

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളിലൂടെ പഠനം പൂര്‍ത്തിയാക്കിയ യു.എ.ഇയിലെ അധ്യാപകര്‍ക്ക് തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തിന് പരിഹാരമായില്ല.

സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് ജോലി നഷ്ടമാകുമെന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എ.ഇയിലെ നിയമമനുസരിച്ച് അധ്യാപക ജോലി കിട്ടണമെങ്കില്‍ യു.എ.ഇ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

ഇത് കിട്ടണമെങ്കില്‍ എല്ലാ യോഗ്യതകളും ശരിയാണെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം അതത് അപേക്ഷകരുടെ രാജ്യത്തിന്റെ നയതന്ത്രകാര്യാലയം നല്‍കണം. കോണ്‍സലേറ്റ് വഴി അപേക്ഷകന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് സര്‍വകലാശാലക്ക് അയച്ചുകൊടുക്കുകയാണ് ആദ്യപടി.

സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സഹിതം സര്‍വകലാശാലകള്‍ തിരിച്ചയക്കും. ഒപ്പം രേഖകള്‍ ശരിയാണെന്ന് തെളിയിക്കുന്ന കത്ത് അപേക്ഷകനും നല്‍കും. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇ വിദ്യാഭ്യാസ വകുപ്പ് തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ പഠന രീതി എന്തെന്ന ചോദ്യത്തിന് സര്‍വകലാശാലയില്‍ നിന്ന് പ്രൈവറ്റ് എന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് നിരസിക്കപ്പെടും. ഈ കെണിയിലാണ് നൂറുകണക്കിന് അധ്യാപകര്‍ അകപ്പെട്ടിരിക്കുന്നത്.

കുവൈറ്റിലും ഇത്തരം ഒരു പ്രതിസന്ധി തുടരുന്നുണ്ട്. എന്‍ജിനിയര്‍മാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എന്‍ജിനിയേഴ്‌സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാന്‍പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. എന്‍ജിനീയറിങ് ബിരുദം നേടിയ കോളജിന്റെ അംഗീകാരവും ഗ്രേഡും ഉള്‍പ്പെടെ പരിഗണിച്ച് മാത്രമാണ് എന്‍ജിനിയേഴ്‌സ് സൊസൈറ്റി എന്‍.ഒ.സി നല്‍കുന്നത്. ഇന്ത്യയില്‍ നാഷനല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) അംഗീകാരം അടിസ്ഥാനമാക്കിയാണ് എന്‍.ഒ.സി നല്‍കുന്നത്. എന്‍.ബി.എ അക്രഡിറ്റേഷന്‍ ഇല്ലാത്തവയും അതേസമയം യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരവുമുള്ള സ്ഥാപനങ്ങളില്‍നിന്ന് യോഗ്യത നേടിയവരുമായ എന്‍ജിനീയര്‍മാരാണ് പ്രതിസന്ധിയിലായത്. എ.ഐ.സി.ടി.ഇ അംഗീകാരം മാനദണ്ഡമാക്കണമെന്നാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ആവശ്യം. കേരളത്തില്‍നിന്ന് 18 കോളജുകള്‍ മാത്രമാണ് എന്‍.ബി.എ ലിസ്റ്റിലുള്ളത്.

2010ല്‍ മാത്രമാണ് എന്‍.ബി.എ അക്രഡിറ്റേഷന്‍ സംവിധാനം നിലവില്‍വന്നത്. പേരുകേട്ട പല കോളജുകളും എന്‍.ബി.എ ലിസ്റ്റിലില്ല. കുവൈത്ത് അധികൃതരുടെ ഇന്ത്യ സന്ദര്‍ശനം ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍