UPDATES

പ്രവാസം

ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിന് രണ്ടര വര്‍ഷം തടവ് ശിക്ഷ

ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ ഉടനെ ഓസ്‌ട്രേലിയയില്‍ നിന്നും പുറത്താക്കും

ഗര്‍ഭിണി ഓടിച്ചിരുന്ന വാഹനത്തില്‍ കാര്‍ ഇടിപ്പിക്കുകയും അകാലപ്പിറവിയിലുണ്ടായ ശിശു മരണപ്പെടാനും ഇടയാക്കിയ കുറ്റത്തിന് മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടരവര്‍ഷത്തെ തടവ് ശിക്ഷ. മെല്‍ബണിലെ കണ്‍ട്രി കോടതിയാണ് 38 കാരിയായ ഡിംപിള്‍ ഗ്രേസ് തോമസിന് ശിക്ഷ വിധിച്ചത്. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ അഷ്‌ലിയ അലന്‍ എന്ന 28 കാരിയുടെ വാഹനത്തില്‍ ചെന്നിടിക്കുകയായിരുന്നു. ക്രാന്‍ബൗണില്‍ 2016 ഓഗസ്റ്റിലായിരുന്നു അപകടം.

അഷിലിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. അപകടത്തെ തുടര്‍ന്നു അഷ്‌ലിയെ ഉടനടി സിസേറിയനു വിധേയയാക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തു ഇന്‍ക്യൂബേറ്ററില്‍ വച്ചെങ്കിലും മൂന്നുദിവസത്തിനുശേഷം മരിച്ചു.

സൗത്ത് ഗിപ്‌സ് ലാന്‍ഡ് ഹൈവേയില്‍വെച്ചായിരുന്നു അപകടം. ട്രാഫിക് നിയമം തെറ്റിച്ച് വണ്‍വേയില്‍ കൂടി വാഹനം ഓടിച്ചാണ് ഡിംപിള്‍ അപകടം ഉണ്ടാക്കിയതെന്നു കണ്ടെത്തിയിരുന്നു. തിരക്കൊഴിവാക്കി പോകാനായിരുന്നു ഡിംപിള്‍ ഇങ്ങനെ ചെയ്തത്. മൂന്നു വണ്‍വേ റോഡുകളില്‍ ഡിംപിള്‍ ഇതേപ്രകാരം തന്റെ വാഹനം നിയമം തെറ്റിച്ചു ഓടിച്ചതായും കണ്ടെത്തി. ട്രാഫിക് നിയമം അനുസരിക്കാന്‍ ഡിംപിള്‍ തയ്യാറായില്ല എന്നാണ് കോടതി വിധിയില്‍ പറയുന്നത്. 2016 നവംബര്‍ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഡിംപിളിന് ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പാസ്‌പോര്‍ട്ട് കോടതി കണ്ടുകെട്ടിയിരുന്നു. വിക്‌ടോറിയ വിട്ടുപോകാനും അനുമതി ഇല്ലായിരുന്നു.

ശിക്ഷാവിധി വന്നതോടെ ജയില്‍വാസത്തിനു പോകോണ്ടി വരുന്ന ഡിംപിളിന് ഇനി 15 മാസങ്ങള്‍ക്കു ശേഷം മാത്രമെ പരോള്‍ പോലും കിട്ടൂ. ശിക്ഷാകാലാവാധി പൂര്‍ത്തിയായി പുറത്തിറങ്ങിയാല്‍ ഡിംപിളിനെ ഓസ്‌ട്രേലിയയില്‍ നിന്നും പുറത്താക്കുകയും ചെയ്യും. ആ റോഡ് വണ്‍വേ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര നൈപുണ്യം തനിക്ക് ഇല്ലായിരുന്നുവെന്നുമാണ് ഡിംപിള്‍ വാദിച്ചത്. എന്നാല്‍ ഡിംപിളിന് ഇംഗ്ലീഷില്‍ അറിവുണ്ടെന്നും അവര്‍ ഓസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലീഷില്‍ ഒരു അഭിമുഖം നല്‍കിയതായും കോടതി കണ്ടെത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍