UPDATES

പ്രവാസം

കുവൈറ്റിലെ ഇന്ത്യക്കാര്‍ ഉടന്‍ മുണ്ടു മുറുക്കി ജീവിക്കേണ്ടി വരും

നിലവില്‍ കുവൈറ്റ് ക്യാബിനറ്റ് കുടിയേറ്റ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ചര്‍ച്ച ചെയ്തു വരികയാണ്

കുവൈറ്റ് പാര്‍ലമെന്റ് വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള കരട് രേഖ അംഗീകരിച്ചതോടെ കുവൈറ്റിലെ ആറ് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ അധികം താമസിക്കാതെ മുണ്ടു മുറുക്കി ജീവിക്കേണ്ടി വരും. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോട് കൂടിയാണ് പാര്‍ലമെന്റ് കരട് രേഖ അംഗീകരിച്ചത്.

നിലവില്‍ കുവൈറ്റ് ക്യാബിനറ്റ് കുടിയേറ്റ തൊഴിലാളികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം ചര്‍ച്ച ചെയ്തു വരികയാണ്. നികുതി ഏര്‍പ്പെടുത്തുകയാണെങ്കില്‍ 20,000 രൂപ വരെ അയക്കുന്നവര്‍ 1 ശതമാനവും, 20,000 രൂപ മുതല്‍ 65,000 രൂപ വരെ അയക്കുന്നവര്‍ 2 ശതമാനവും, 65,000 രൂപ മുതല്‍ രൂപ 1,00,000 വരെ അയക്കുന്നവര്‍ 3 ശതമാനവും, 1,00,000 രൂപയ്ക്ക് മുതല്‍ മുകളിലേക്ക് അയക്കുന്നവര്‍ 5 ശതമാനവും നികുതി അടയ്ക്കണം.

മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും പണം അടയ്‌ക്കേണ്ടി വരും. ഇത് മണി എക്‌സ്‌ചേഞ്ചുകളിലെ സര്‍വീസ് ചാര്‍ജിന് പുറമെ ആണ്. കുവൈറ്റ് സര്‍ക്കാര്‍ ഓരോ ദിവസവും പ്രവാസികളെ ദ്രോഹിക്കാനുള്ള എന്ത് തരത്തിലുള്ള നടപടിയാണ് കൊണ്ട് വരുന്നത് എന്ന് പറയാന്‍ പറ്റില്ല എന്ന് മലയാളി എഞ്ചിനീയര്‍ ആയ അനില്‍ തോമസ് പറഞ്ഞു. അടുത്തിടെ അവര്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഉള്ള നടപടി കൊണ്ട് വന്നിരുന്നു. അങ്ങനെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി നടപടികളാണ് സര്‍ക്കാര്‍ കൊണ്ട് വന്നതെന്ന് അനില്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബവുമായി ഇനി അധിക നാള്‍ കുവൈറ്റില്‍ താമസിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നതായും അനില്‍ പറഞ്ഞു. കുവൈറ്റ് സര്‍ക്കാരിന്റെ നടപടി പകല്‍ കൊള്ളയാണെന്നാണ് ലോക ട്രേഡ് യൂണിയന്‍ മേധാവി ശരണ്‍ ബാര്‍രൗ അഴിമുഖത്തിനോട് പറഞ്ഞത്. കുവൈറ്റ് സര്‍ക്കാര്‍ ഈ നടപടി ഉടന്‍ പിന്‍വലിക്കണം എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. കുവൈറ്റിലെ എട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ മൂന്ന് ലക്ഷത്തോളം രൂപയ്ക്കു താഴെ ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആണ്.

 

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍