പൊതുമാപ്പ് ഉപയോഗിക്കാതെ തുടരുന്ന കുടിയേറ്റ തൊഴിലാളികൾ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും
മതിയായ രേഖകൾ ഇല്ലാതെ കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ 60 ശതമാനം പേര്‍ മാത്രമേ മൂന്ന് മാസം നീണ്ടു നിന്ന പൊതുമാപ്പ് ഉപയോഗിച്ചിട്ടുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥൻ. പൊതുമാപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.
“ഞങ്ങളുടെ അറിവിൽ ഏകേദശം 30000 ഇന്ത്യക്കാർ മതിയായ രേഖകൾ ഇല്ലാതെ താമസിക്കുന്നുണ്ട്. എന്നാൽ അതിൽ പതിനഞ്ചായിരത്തോളം പേര്‍ പൊതുമാപ്പ് ഉപയോഗിച്ചു നാട്ടിലേക്ക് തിരിച്ചു പോയി. നാലായിരത്തോളം പേര്‍ അവരുടെ രേഖകൾ ശരിയാക്കി കുവൈറ്റിൽ തുടരുന്നുണ്ട്.” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മതിയായ രേഖകൾ ഇല്ലാതെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നത് ശിക്ഷാർഹമായ കുറ്റം ആണ്. ഇത്തരം കുടിയേറ്റ തൊഴിലാളികൾക്ക് ശിക്ഷ ഒഴിവാക്കി നാട്ടിൽ തിരിച്ചു പോകാൻ അറബ് സർക്കാർ നൽകുന്ന അവസരം ആണ് പൊതുമാപ്പ്. കാലാകാലങ്ങളിൽ എല്ലാ അറബ് രാജ്യങ്ങളും ഇത്തരം പൊതുമാപ്പ് പ്രഖ്യാപിക്കാറുണ്ട്.
കുവൈറ്റ് സർക്കാരിന്റെ പുതിയ കണക്ക് അനുസരിച്ചു മതിയായ രേഖകൾ ഇല്ലാത്ത 110,000 പേര്‍ പൊതുമാപ്പ് ഉപയോഗിച്ചിട്ടില്ല. എന്നാല്‍ 45000 പേര്‍ പൊതുമാപ്പ് ഉപയോഗിച്ചിട്ടില്ല എന്നാണ് കുവൈറ്റിലെ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്‍റെ കണക്ക്. പൊതുമാപ്പ് ഉപയോഗിക്കാതെ തുടരുന്ന കുടിയേറ്റ തൊഴിലാളികൾ പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.