UPDATES

പ്രവാസം

യുഎഇക്കാര്‍ക്ക് മലയാളി ക്രിസ്ത്യാനിയുടെ റംസാന്‍ സമ്മാനം 67 ലക്ഷം രൂപയുടെ മുസ്ലിം പള്ളി

അല്‍ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ മോസ്‌കില്‍ 250 പേരെ ഉള്‍ക്കൊള്ളിക്കാനാകും

റംസാന്‍ പ്രമാണിച്ച് യുഎഇക്കാര്‍ക്ക് മലയാളി ക്രിസ്ത്യാനിയായ ബിസിനസുകാരന്റെ വക സമ്മാനമായി മോസ്‌ക്. കായംകുളം സ്വദേശിയാണ് 67.73 ലക്ഷം രൂപ മുടക്കി മോസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നത്. യുഎഇയിലെ നൂറ് കണക്കിന് മുസ്ലിം ജോലിക്കാരെ ഉദ്ദേശിച്ചാണ് മോസ്‌ക് നിര്‍മ്മിക്കുന്നത്.

ഫുജൈറയിലെ 53 കമ്പനികള്‍ക്കായി ഇദ്ദേഹം വാടകയ്‌ക്കെടുത്തിരിക്കുന്ന തൊഴിലാളികള്‍ താമസിക്കുന്നയിടത്താണ് സജി ചെറിയാന്‍ എന്ന ബിസിനസുകാരന്‍ മോസ്‌ക് നിര്‍മ്മിക്കുന്നത്. മരിയം ഉം ഈസ (യേശുവിന്റെ മാതാവ് മേരി) എന്നാണ് അദ്ദേഹം മോസ്‌കിന് പേരിട്ടിരിക്കുന്നത്. അടുത്തുള്ള മോസ്‌കില്‍ പോകാനായി തന്റെ ജീവനക്കാര്‍ ടാക്‌സി വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമീപത്ത് തന്നെ മോസ്‌ക് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് സജി ചെറിയാന്‍ പറയുന്നു.

2003ല്‍ ഏതാനും ദിര്‍ഹവുമായി യുഎഇയില്‍ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇദ്ദേഹം. അല്‍ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ മോസ്‌കില്‍ 250 പേരെ ഉള്‍ക്കൊള്ളിക്കാനാകും. ഒരു മോസ്‌ക് നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ച ഇദ്ദേഹം ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം അത്ഭുതമായി. എല്ലാ സഹായവും വാഗ്ദാനം ചെയ്ത അവര്‍ സൗജന്യമായി വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരു കാര്‍പെറ്റും മോസ്‌കിലേക്കുള്ള ഒരു ശബ്ദസംവിധാനവും മാത്രമാണ് ഇദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും സൗജന്യമായി സ്വീകരിച്ചത്.

തന്റെ മോസ്‌കിനെക്കുറിച്ച് വാര്‍ത്ത പരന്നതോടെ പലരും സഹായങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ അതെല്ലാം താന്‍ സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നെന്നും സജി ചെറിയാന്‍ പറയുന്നു. 2017ല്‍ അബുദാബിയിലെ ഒരു പള്ളിയ്ക്കും ഇത്തരത്തിലൊരു പേര് നല്‍കിയതായി അറിഞ്ഞതോടെയാണ് മോസ്‌കിന് മരിയം ഉം ഈസ എന്ന് പേര് നല്‍കിയതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമുദായാംഗമായ സജി നേരത്തെ ദിബ്ബയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്. ഈസ്റ്റ് വില്ലെ കോംപ്ലക്‌സിലെ ഈ പള്ളിയില്‍ എല്ലാ ക്രിസ്ത്യീയ വിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അനുവാദമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍