UPDATES

പ്രവാസം

വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍

ഷിബു കൊച്ചുമോന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിയാമ്മ ഡാനിയേല്‍ എന്നിവര്‍ കോമ സ്‌റ്റേജിലാണ് ഇപ്പോഴുള്ളത്‌

വേട്ടയാടി പിടിച്ച കാട്ടു പന്നിയെ ഭക്ഷിച്ച മലയാളി കുടുംബത്തെ ന്യൂസിലാന്‍ഡില്‍ അതീവഗുരുതാരവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലുള്ള വൈകാറ്റോയിലെ പ്യുട്ടാറുറുവില്‍ താമസിക്കുന്ന ഷിബു കൊച്ചുമോന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി ഡാനിയേല്‍ എന്നവരാണ് ആശുപത്രിയിലുള്ളത്. കോമ സ്‌റ്റേജിലാണ് മൂവരുമെന്നാണ് കിട്ടുന്ന വിവരം. പന്നിയിറച്ചിയില്‍ നിന്നും വിഷബാധയേറ്റതാണ് കാരണമെന്നു പറയുന്നു.

ഏതാനും കോശങ്ങളുടെ പ്രവര്‍ത്തനമൊഴിച്ചാല്‍ മൂവരുടെയും ശരീരം പൂര്‍ണമായി നിശ്ചലാവസ്ഥയിലാണെന്നും ഇവര്‍ കോമ സ്‌റ്റേജിലേക്ക് പോയെന്നുമാണ് ആശുപത്രിയധികൃതരെ ഉദ്ദരിച്ച് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ മാധ്യമംറിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഷിബുവിന്റെ ഭാര്യ സുബിയുടെ കാര്യത്തില്‍ മാത്രമാണ് നേരിയ പുരോഗതിയെങ്കിലും ഇപ്പോള്‍ കണ്ടു വരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ജീവന്‍രക്ഷ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മൂവരുടേയും ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

അണുബാധയുണ്ടായിരുന്ന കാട്ടു പന്നിയുടെ മാംസം കഴിച്ചതാണ് മൂവര്‍ക്കും ഉണ്ടായ അപകടത്തിനു കാരണമെന്നാണ് ഷിബുവിന്റെ സുഹൃത്ത് മലയാളിയായ ജോജി വര്‍ഗീസ് പറയുന്നത്. കൊച്ചുമോന്‍ വേട്ടയാടി പിടിച്ചതാണ് ഈ പന്നിയെ. ഷിബുവിന്റെയും സുബിയുടെയും ഏഴും ഒന്നും വയസുള്ള രണ്ടു കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നില്ലാത്തതിനാല്‍ അവര്‍ രക്ഷപ്പെട്ടു. അത്താഴ സമയത്തായിരുന്നു പന്നി മാംസം ഇവര്‍ ഉപയോഗിച്ചത്.

ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളില്‍ മൂവരും അവശരായി. ഒരുവിധത്തില്‍ ഷിബു വൈദ്യസഹായം ലഭ്യമാക്കുന്നതിനായി എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ ചെയ്തു. ഷിബുവിന്റെ ഫോണ്‍ കിട്ടിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ വൈദ്യസഹായ സംഘം കണുന്നത് അബോധാവസ്ഥയില്‍ കിടക്കുന്ന ഷിബുവിനെയും ഭാര്യയേയും അമ്മയേയുമാണ്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കടുത്ത വിഷബാധ ഇന്ത്യന്‍ കുടുംബത്തിന് ഏറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ടോക്‌സികോളജി റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡോക്ടര്‍മാരുടെ അനുമാനപ്രകാരം രണ്ടുമാസമെങ്കിലും എടുക്കും ഇവരുടെ ശരീരത്തില്‍ നിന്നും വിഷാംശം പൂര്‍ണമായി ഇല്ലാതാകാനെന്നാണ് ജോജി വര്‍ഗീസ് പറയുന്നത്. പക്ഷേ അപ്പോഴും നിലനില്‍ക്കുന്നൊരു പ്രശ്‌നം, മൂവരും ബോധാവസ്ഥയിലേക്ക് തിരികെയെത്തിയാല്‍ പോലും പൂര്‍ണാരോഗ്യസ്ഥിതിയില്‍ എത്താന്‍ സാധ്യത കുറവാണ്. പക്ഷാഘാതത്തിനും മറ്റും ഇരകളായി തീരാം.

ഷിബുവിന്റെയും സുബിയുടെ കുട്ടികളെ ചര്‍ച്ച് സംഘങ്ങളാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. മറ്റൊരു പ്രശ്‌നം ഷിബുവിന്റെ മാതാവ് ഏലിയാമ്മ വിസിറ്റിംഗ് വീസയില്‍ എത്തിയതാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ യാതൊരു ആനുകൂല്യവും ലഭിക്കില്ല. അതേസമയം ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇവരുടെ വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍