UPDATES

പ്രവാസം

ഞങ്ങളെന്താ ഇന്ത്യന്‍ പൌരരല്ലേ? പ്രവാസികള്‍ വിവരാവകാശ അപേക്ഷകൾ നൽകാൻ അർഹരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്തുന്നതായി വ്യാപക വിമര്‍ശനം

പ്രവാസി ഇന്ത്യക്കാർക്ക് (Non-Resident Indians) കേന്ദ്ര സർക്കാരിന്റെ വകുപ്പുകളിൽ നിന്നും വിവരാവകാശ നിയമ അപേക്ഷകൾ നൽകി വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയില്ലെന്ന് കേന്ദ്ര സക്കാർ.

“ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വിവരാവകാശ നിയമം, 2005 അനുസരിച്ച് വിവരങ്ങൾ ആവശ്യപ്പെടാൻ കഴിയൂ. പ്രവാസി ഇന്ത്യക്കാർ RTI അപേക്ഷ നൽകാൻ അർഹരല്ല,” എന്ന് മന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ എഴുതി നൽകിയ ഒരു മറുപടിയിൽ വ്യക്തമാക്കി.

“നിലവിൽ ഓൺലൈൻ വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും മറുപടി നൽകുന്നതിനും 2200 സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും” മന്ത്രി പറഞ്ഞു.

ജുഗൽ കുമാർ ശർമയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. (http://164.100.47.194/Loksabha/Questions/QResult15.aspx?qref=72489&lsno=16)

അതേസമയം സർക്കാർ തങ്ങളെ ഇന്ത്യൻ പൗരന്മാരായി കാണുന്നില്ല എന്നാണു ഇതിനർത്ഥമെന്ന് ഒമാനിലുള്ള ഒരു ഇന്ത്യൻ പ്രവാസിയായ സുനിൽകുമാർ കെ കെ പറഞ്ഞു. “ലജ്ജാകരമാണിത്. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കുള്ള സൗകര്യങ്ങൾ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ലഭിക്കാത്തത്. നിയമപ്രകാരം മറുപടി ലഭിക്കേണ്ട ചോദ്യങ്ങൾ മാത്രമേ ഞങ്ങൾ ചോദിക്കുന്നുള്ളൂ. അപ്പോൾ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഓൺലൈൻ സൗകര്യം നിഷേധിക്കുന്നത്,” സുനിൽ ചോദിച്ചു.

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ സർക്കാർ എന്തുകൊണ്ടാണ് ഇത് സാധ്യമല്ല എന്ന് പറഞ്ഞതെന്ന് അത്ഭുതപ്പെടുകയാണ് ഒമാനിലുള്ള മറ്റൊരു പ്രവാസി ഷമീർ പി ടി കെ. “ഒരു വശത്ത് സർക്കാർ ഡിജിറ്റൽ ഇന്ത്യ പോലുള്ള പരിപാടികൾ പൊക്കിക്കാണിക്കുമ്പോൾ മറുവശത്ത് ആർ ടി ഐ നിയമപ്രകാരമുള്ള വിവരാവകാശം ഞങ്ങൾക്ക് നിഷേധിക്കുന്നു,” ഇത് വിവേചനമാണെന്നു സൂചിപ്പിച്ചുകൊണ്ട് ഷമീർ പറഞ്ഞു.

“പ്രവാസി ഭാരതീയ ദിവസ് പങ്കാളിത്തത്തിനും സർക്കാർ ഓൺലൈൻ രജിസ്‌ട്രേഷൻ ആണ് നൽകുന്നത്. പക്ഷെ ആർ ടി ഐ വരുമ്പോൾ അവർ പറ്റില്ല എന്നും പറയുന്നു. ഇത് ഓറഞ്ച് പാസ്പോർട് പ്രശനം പോലെയാണ്.”

ജോലിക്കായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരിൽ Emigration Clearance Required വിഭാഗത്തിൽ പെടുന്നവർക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോർട് നൽകാൻ സർക്കാർ ആലോചിച്ചിരുന്നു. പക്ഷെ പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് അത് വേണ്ടെന്നുവെച്ചു. ഇന്ത്യയിൽ നിന്നും തൊഴിലിനായി വിദേശത്തു പോകുന്ന ആ നിമിഷം നിങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയും നിങ്ങളെ ഒരു അന്യനായി കാണുകയും ചെയ്യുന്ന അവസ്ഥയാണെന്ന് ഖത്തറിലെ പ്രവാസി ഇന്ത്യക്കാരൻ ജേക്കബ് കോശി പറയുന്നു. “വിദേശത്തും നിങ്ങൾക്ക് അന്നാട്ടുകാർക്കുള്ള അടിസ്ഥാനാവകാശങ്ങൾ കിട്ടുന്നില്ല, നിങ്ങളുടെ നാട്ടിലും അത് നിഷേധിക്കപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ ആർ ടി ഐ നിയമം ഭേദഗതി ചെയ്തു ദുർബ്ബലപ്പെടുത്തുന്നു എന്ന വിമർശനം ഈയിടെ ഉയർന്നിരുന്നു. വിവരാവകാശ പ്രവർത്തകർ ആർ ടി ഐ നിയമ ഭേദഗതി ബിൽ 2018-നെതിരെ മാസങ്ങളോളം നടത്തിയ പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും 2005 ലെ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനെ എതിർത്തു.

വിരമിച്ച ചീഫ് ഇൻഫർമേഷൻ കമ്മീഷണര്‍ വി കെ മാഥൂറും ഇൻഫർമേഷൻ കമ്മീഷണർ പ്രൊഫ. ശ്രീധർ ആചാര്യലുവും ബില്ലിലെ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടി ഏറ്റവും മുതിർന്ന ഇൻഫർമേഷൻ കമ്മീഷണറായ യശോവർധൻ ആസാദിന് കത്തെഴുതിയിരുന്നു. എല്ലാ ഇൻഫർമേഷൻ കമീഷണർമാർക്കും പകർപ്പ് നൽകിയ കത്തിൽ ബിൽ പിൻവലിപ്പിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു നിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാം, കുംഭസ്നാനവും നടത്താം; കാവിവത്ക്കരണം തുടരുന്നു

മോദി സര്‍ക്കാരിന്റെ ഭേദഗതികള്‍ വിവരാവകാശ നിയമത്തെ മരവിപ്പിക്കുമോ?

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍