UPDATES

പ്രവാസം

താല്‍ക്കാലിക വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലി

തൊഴിലുടമക്ക് വിദേശി തൊഴിലാളിയുടെ വിസാ മാറ്റത്തിനും ഇനി രാജ്യത്തിന് പുറത്തേക്ക് അയക്കേണ്ടതില്ല. 50 റിയാല്‍ നല്‍കി ഒമാനില്‍ നിന്ന് തന്നെ വിസ മാറാനാകും.

ഒമാനില്‍ വിസാ മാറ്റം കൂടുതല്‍ എളുപ്പമാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് താല്‍ക്കാലിക തൊഴില്‍ വിസകളിലെത്തുന്നവര്‍ക്ക് രാജ്യം വിടാതെ തന്നെ സ്ഥിരം ജോലിയില്‍ പ്രവേശിക്കാനാകും. തൊഴിലുടമക്ക് വിദേശി തൊഴിലാളിയുടെ വിസാ മാറ്റത്തിനും ഇനി രാജ്യത്തിന് പുറത്തേക്ക് അയക്കേണ്ടതില്ല. 50 റിയാല്‍ നല്‍കി ഒമാനില്‍ നിന്ന് തന്നെ വിസ മാറാനാകും. ഫോറിന്‍ റസിഡന്‍സി നിയമം ലംഘിക്കുന്നവരുടെ പിഴയില്‍ വര്‍ധന വരുത്തിയിട്ടില്ലെന്നും ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി വ്യക്തമാക്കി.

ആറ് മാസക്കാലത്തെ പാസ്പോര്‍ട്ട് കാലാവധിയുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിവിധ വിസകള്‍ അനുവദിക്കുക. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി പറഞ്ഞു. അതേസമയം, തൊഴില്‍ വിസ, ഫാമിലി, എജ്യുക്കേഷനല്‍ ജോയിനിംഗ് വിസ എന്നിവ അനുവദിച്ചവര്‍ മൂന്ന് മാസത്തിനകം രാജ്യത്ത് എത്തിയിരിക്കണമെന്നും ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് സ്വന്തം വീട്ടുജോലിക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമെന്നും പുതിയ ഉത്തരവുകള്‍ വ്യക്തമാക്കുന്നു. സ്വന്തമായി കെട്ടിടങ്ങളുള്ള വിദേശികള്‍ക്കും സ്വദേശി സ്പോണ്‍സറെ കൂടാതെ വിസ ലഭിക്കും. എന്നാല്‍, മറ്റു മേഖലകളില്‍ തൊഴിലെടുക്കുന്നതിന് വിസ സ്പോണ്‍സര്‍ ചെയ്യാന്‍ വിദേശികള്‍ക്ക് സാധിക്കില്ല. തൊഴില്‍ വിസാ സ്പോണ്‍സര്‍ നിയമത്തില്‍ മാറ്റങ്ങള്‍ വന്നിട്ടില്ല.

അതേസമയം, പത്ത് ദിവസത്തെ ടൂറിസ്റ്റ് വിസ അഞ്ച് റിയാലിന് ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എല്ലാതരം വിസകളും ഇ – വിസ സംവിധാനത്തിലൂടെ ലഭിക്കും. രാജ്യത്തെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യം വെച്ചാണ് പുതിയ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അഹ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ നബ്ഹാനി പറഞ്ഞു. അതേസമയം, ഇതര ജി സി സി രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്പോണ്‍സറില്ലാതെ ടൂറിസ്റ്റ് വിസയില്‍ ഒമാന്‍ സന്ദര്‍ശിക്കാനാകും. നിശ്ചിത തസ്തികകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മാത്കമാണ് ഈ സൗകര്യമെന്നും ബ്രിഗേഡിയര്‍ ജനറല്‍ വ്യക്തമാക്കുന്നു.
രാജ്യം വിടാതെ വിസ മാറുന്നതിനുള്ള അവസരം വിദേശികള്‍ക്ക് ഏറെ ഗുണകരമാകും.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍