UPDATES

പ്രവാസം

ദുബായില്‍ ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തു മൃഗങ്ങള്‍…

ദുബായില്‍ മാത്രം കാണപ്പെടുന്ന അസ്ഥിരതയും ഉപഭോക്തൃസംസ്‌കാരവും ചേര്‍ന്ന മിശ്രണമാണ് ഈ പ്രവണതയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

പ്രവാസം ഒരു താല്‍ക്കാലിക പ്രതിഭാസമാണ്. വളരെ കുറച്ച് പേരൊഴികെ എല്ലാവരും ഇന്നല്ലെങ്കില്‍ നാളെ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. നാട്ടിലേക്ക് മടങ്ങുന്ന സമയത്ത് പ്രവാസകാലത്തിന്റെ ദൈര്‍ഘ്യം അനുസരിച്ച് കുറച്ച ദൈനംദിന സാധനങ്ങള്‍ അന്യനാട്ടില്‍ ഉപേക്ഷിക്കേണ്ടതായും വരും. പക്ഷെ, ദുബായിലെ പ്രവാസികള്‍ അവിടെ ഉപേക്ഷിക്കുന്ന ഒരു സാധനം അവിടുത്തെ വലിയ സാമൂഹിക പ്രശ്‌നമായി മാറുകയാണ്. മറ്റൊന്നുമല്ല അത്. പ്രവാസ ജീവിതകാലത്ത് പോറ്റി വളര്‍ത്തുന്ന വില പിടിച്ച വളര്‍ത്തുമൃഗങ്ങള്‍ തന്നെ.

ദുബായില്‍ ചോര നീരാക്കുന്ന പാവപ്പെട്ട പ്രവാസികള്‍ക്കിടയിലല്ല ഈ പ്രവണത. മറിച്ച്, വന്‍പണക്കാരായ ഒരു ചെറിയ വിഭാഗം പ്രവാസികളാണ് ദുബായ് വിടുമ്പോള്‍ കണ്ണില്‍ ചോരയില്ലാതെ അതുവരെ ഓമനിച്ച് വളര്‍ത്തിയ മൃഗങ്ങളെ ഒരു ദയയുമില്ലാതെ താമസസ്ഥലത്ത് പൂട്ടിയിട്ട് പോവുകയോ നടുറോഡിലോ എന്തിന് മരുഭൂമിയിലോ വരെ ഉപേക്ഷിക്കുകയോ ചെയ്യുന്നത്. ഈ വളര്‍ത്തുമൃഗങ്ങളൊന്നും അത്ര നിസാരക്കാരാണെന്നും കരുതരുത്. കഴിഞ്ഞ ദിവസം ദുബായ് വിട്ട ഒരു പ്രവാസിയുടെ വീട്ടുജോലിക്കാരന്‍ ഉപേക്ഷിച്ചത് ഒന്നര ലക്ഷം രൂപ വിലവരുന്ന യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ എന്നയിനം നായയെ ആയിരുന്നു. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നവയില്‍ ഏറെയും നായ്ക്കളാണ്.

ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കുന്നതിനായി ദുബായില്‍ നിന്നും ഒരു മണിക്കൂര്‍ അകലമുള്ള ഉം അല്‍ ക്വയ്വാനില്‍ ഒരു അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഇപ്പോള്‍ പരമാവധി നായ്ക്കളായി കഴിഞ്ഞു. 123 മുന്തിയ ഇനം നായ്ക്കളാണ് ഇപ്പോള്‍ അവിടെ ഉള്ളതെന്ന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ഹന്ന ബാസ് പറയുന്നു. ഇവയില്‍ തെരുവ് പട്ടികളുടെ എണ്ണം വളരെ കുറവാണെന്ന് ഇവിടുത്തെ സന്നദ്ധ പ്രവര്‍ത്തകരില്‍ ഒരാളായ ഫിയോന മൈയേഴ്‌സ്-വാട്ട്‌സണ്‍ പറയുന്നു. വേനല്‍ക്കാലത്താണ് ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം കൂടുന്നത്. കഴിഞ്ഞ വര്‍ഷം ജുമൈറ ഐലന്റിലെ ഒരു ഒഴിഞ്ഞ വില്ലയില്‍ നിന്നും ഇവര്‍ ഒരു നായയെ രക്ഷിച്ചിരുന്നു. അവിടെ വാര്‍ഷീക വാടക 250,000 യുഎഇ ദിര്‍ഹം (ഏകദേശം നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ) മുതലാണ് ആരംഭിക്കുന്നത് എന്നതില്‍ നിന്നുതന്നെ ഉപേക്ഷിക്കുന്നവരുടെ സാമ്പത്തിക നില ഊഹിക്കാവുന്നതാണ്.

ദുബായില്‍ മാത്രം കാണപ്പെടുന്ന അസ്ഥിരതയും ഉപഭോക്തൃസംസ്‌കാരവും ചേര്‍ന്ന മിശ്രണമാണ് ഈ പ്രവണതയ്ക്ക് കാരണമെന്നാണ് ഫിയോന പറയുന്നത്. ഞാന്‍ മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ താമസിക്കാന്‍ പോകുന്നു, ആ മൂന്ന് വര്‍ഷത്തേക്ക് ഒരു പട്ടിയെ വേണം എന്നതാണ് കൂടുതല്‍ പേരുടെയും ചിന്തയെന്ന് അവര്‍ പറയുന്നു. വേനല്‍ക്കാലം ആരംഭിക്കന്നതോടെ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളുടെ എണ്ണവും കൂടുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കുടിയൊഴിയുന്ന കാലം ഇതായതിലാണ് ഈ പ്രവണതയെന്ന് യുഎഇയില്‍ ഏറ്റവും പഴക്കം ചെന്ന നായ അഭയകേന്ദ്രമായ കെ9 ഫ്രണ്ട്‌സ് മാനേജര്‍ അലിസ്റ്റര്‍ മില്‍നെ ഗാര്‍ഡിയനോട് പറഞ്ഞു. നീണ്ട സ്‌കൂള്‍ അവധിക്കാലമായതിനാല്‍ ആളുകള്‍ വീടുകള്‍ മാറുന്നതും നാട് സന്ദര്‍ശിക്കുന്നതുമൊക്കെ ഈ സമയത്താണ്.

സാമ്പത്തിക അസ്ഥിരതയുടെ കാലത്തും വളര്‍ത്തുമൃഗങ്ങള്‍ വലിയ തോതില്‍ ഉപേക്ഷിക്കപ്പെടാറുണ്ട്. 2009ലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നായ്ക്കളെ ഉപേക്ഷിച്ച് വലിയൊരു സംഘം പ്രവാസികള്‍ നാടുവിട്ടതായി മില്‍നെ പറയുന്നു. ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തു മൃഗങ്ങളുടെ എണ്ണം വച്ച് ദുബായിലെ സാമ്പത്തിക സ്ഥിതി പ്രവചിക്കാന്‍ സാധിക്കുമെന്നാണ് അവരുടെ അഭിപ്രായം. ദുബായില്‍ ഉപേക്ഷിക്കപ്പെടുന്ന നായക്കള്‍, പൂച്ചകള്‍ തുടങ്ങിയ ചെറിയ വളര്‍ത്തുമൃഗങ്ങളുടെ നാല്‍പ്പത് ശതമാനവും അനാഥമാകുന്നത് അവരുടെ യജമാനന്മാര്‍ നാടുവിടുമ്പോഴാണെന്ന് യുഎഇയിലെ വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയം ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് അനിമല്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ മാഹിന്‍ ബഹ്രാമി ചൂണ്ടിക്കാണിക്കുന്നു. ‘ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു,’ എന്ന മാനസികാവസ്ഥയാണ് ദുബായിലെ സമ്പന്നാരായ പ്രവാസികള്‍ക്കെന്നും അതാണ് അവര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നുമാണ് ബഹ്രാമി പറയുന്നത്.

ഉപേക്ഷിക്കപ്പെടുന്നത് പട്ടിയെയോ പൂച്ചയെയോ പോലുള്ള സാധുമൃഗങ്ങള്‍ മാത്രമാണെന്ന് കരുതരുത്. ഒരിക്കല്‍ വളര്‍ത്തുമൃഗങ്ങളായിരുന്ന വന്യമൃഗങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നു. ഇത്തരം മൃഗങ്ങളെ പാര്‍പ്പിക്കുന്നതിന് മാത്രമായ ബഹ്രാമിയുടെ ഫൗണ്ടേഷന്‍ റാസല്‍ഖൈമയില്‍ ഒരു വന്യജീവി പാര്‍ക്ക് നടത്തുന്നുണ്ട്. ഇവിടെ സിംഹം, കടുവ, പുള്ളിപ്പുലി മുതല്‍ മുതല വരെ അഭയം പ്രാപിച്ചിരിക്കുന്നു. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നത് ഈ വര്‍ഷം മുതല്‍ നിയമവിരുദ്ധമാക്കിയിട്ടും ഇത്തരം മൃഗങ്ങളെ പോറ്റിവളര്‍ത്തുകയും ഒരു ഘട്ടം കഴിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് കുറവൊന്നും വന്നിട്ടില്ല. മരിന എന്ന സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് ഒരു പ്രത്യേക വിനോദമുണ്ടെന്ന് ബഹ്രാമി പറയുന്നു. സിംഹക്കുട്ടികളെ വാങ്ങി വളര്‍ത്തുന്ന ഇവര്‍ വലുതാവുമ്പോള്‍ ഇവയെ ഉപേക്ഷിക്കുകയും മറ്റൊരു കുട്ടിയെ വാങ്ങുകയും ചെയ്യുന്നു. ഉടമയ്ക്ക് വളര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ ഇത്തരം വന്യമൃഗങ്ങളെ ഏതെങ്കിലും ക്ഷേമ സംഘടനകള്‍ക്ക് കൃത്യമായി കൈമാറുമ്പോള്‍ പൂച്ച, പട്ടി, മുയല്‍, പക്ഷികള്‍ തുടങ്ങിയവയെ എവിടെയെങ്കിലും ഉപേക്ഷിക്കുന്നു.

സ്ഥലം മാറുമ്പോള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെയും കൂടെ കൊണ്ടുപോകാന്‍ ദുബായ് സര്‍ക്കാര്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നു. പേവിഷബാധയ്‌ക്കെതിരെ കുത്തിവെപ്പ് നടത്തി സുരക്ഷിതമാക്കുന്നു. അതോടെ മറ്റ് രാജ്യങ്ങളിലേക്ക് അവയെ കൊണ്ടുപോകുന്നതിനുള്ള തടസം മാറിക്കിട്ടുന്നു. ഉടമയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാകും. എന്നാല്‍ കുറച്ചുകൂടി ശകതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ബഹ്രാമിയുടെ ഫൗണ്ടേഷന്‍ ആവശ്യപ്പെടുന്നത്. റസിഡന്റ് തൊഴില്‍ വിസ റദ്ദാക്കുമ്പോള്‍, വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥത കൂടി രേഖപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതോടെ വളര്‍ത്തുമൃഗങ്ങളുടെ ഉത്തരവാദിത്വം ഉടമയില്‍ തന്നെ നിക്ഷിപ്തമാകും. പുതിയ വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിന് പകരം ഉപേക്ഷിക്കുന്നവയെ ദത്തെടുക്കാനും ഇവര്‍ സമ്പന്നരായ പ്രവാസികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നുണ്ട്.

ലോകത്തെമ്പാടും മൃഗങ്ങള്‍ അവഹേളിക്കപ്പെടുന്നുണ്ട്. എന്നാല്‍ ദുബായില്‍ അവയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അവര്‍ പ്രവാസികളില്‍ വളരെ ന്യൂനപക്ഷമാണ് താനും ഇതൊരു പ്രത്യേക മാനസികാവസ്ഥയുടെ ഫലമാണെന്നാണ് അലൈന്‍ സര്‍വകലാശാല ആര്‍ക്കിട്ടെക്ച്ചര്‍ അസോസിയേറ്റ് പ്രൊഫസര്‍ യാസര്‍ എല്‍ഷെഷ്‌സ്താവി പറയുന്നു. ഈ നഗരത്തിന് ജന്മസിദ്ധമായ അസ്ഥിരതയാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം പറയുന്നത്. വന്‍നഗരത്തിന്റെ എല്ലാ സുഖസൗകര്യങ്ങള്‍ ഉള്ളപ്പോഴും ഇതൊരു ഇടത്താവളമായി മാത്രമേ ഇവിടെ എത്തുന്നവര്‍ കാണുന്നുള്ളുവെന്ന് യാസര്‍ പറയുന്നു. അതിനാല്‍ ത്‌ന്നെ ഇവിടം വിട്ടുപോകേണ്ടി വന്നാല്‍ എന്ന് ചിന്തിക്കുന്നതിന് പകരം ഇവിടം വിട്ടുപോകേണ്ട ഒരു സ്ഥലമാണ് എന്ന് ആദ്യമേ മനസിലാക്കുകയും അതിനനുസരിച്ച് ജീവിതം ആസൂത്രണം ചെയ്യുകയുമാണ് ഇത്തരം പ്രവാസികള്‍ ചെയ്യേണ്ടതെന്ന് യാസിറും മറ്റ് മൃഗസംരക്ഷകരും പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍