ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വെട്ടിപ്പ് നടത്തിയതിന് പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റിൽ
ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ വെട്ടിപ്പ് നടത്തിയതിന് പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ അറസ്റ്റിൽ ആയ വാർത്ത ഞെട്ടലോടെ ആണ് പ്രവാസികൾ കേട്ടത്. പ്ലസ് മാക്‌സ് കമ്പനി സിഇഒ സുന്ദരവാസന്‍ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആറര കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നാണ് കസ്റ്റംസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമന്‍സ് നല്‍കി വിളിച്ചുവരുത്തിയതിന് ശേഷമാണ് സുന്ദരവാസനെ അറസ്റ്റ് ചെയ്തത്.
ഡ്യൂട്ടി ഫ്രീയിൽ നിന്നും വസ്തുക്കൾ വാങ്ങുമ്പോൾ യാത്രക്കാര്‍ പാസ്പോര്‍ട്ട് നല്കണം. വിദേശങ്ങളിൽ ബോർഡിങ് പാസ്സ് നൽകിയാൽ മതി. എന്നാൽ ഇന്ത്യയിലെ എയർപോർട്ടിൽ പാസ്പോര്‍ട്ട് നൽകിയെങ്കിൽ മാത്രമേ സാധനങ്ങൾ വാങ്ങാൻ സാധിക്കൂ.
വിവരാവകാശ നിയമം വഴി ചോദിച്ചാൽ പോലും ലഭ്യമാകാത്ത പാസ്പോര്‍ട്ട് വിവരങ്ങൾ ചോർന്നിരിക്കുന്നത് എന്നുള്ളത് ഗൗരവമായി തന്നെ കാണണം എന്ന് മിനിമോഹൻ എന്ന സാമൂഹിക പ്രവർത്തക പറഞ്ഞു. ഇനി എന്റെ പാസ്പോര്‍ട്ടിന്റെ വ്യാജം ഇറങ്ങില്ല എന്ന് ആര് കണ്ടു? എന്ന് വിനോദ് ഇ എന്നൊരു പ്രവാസി ചോദിക്കുന്നു.
തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിക്കാന്‍ സാധിക്കുന്ന രേഖകളൊന്നും സുന്ദരവാസന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് കസ്റ്റംസ് നിയമം 104-ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് വിവരം. സുന്ദരവാസനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
2017 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ഏകദേശം 13000 അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വിദേശമദ്യം കടത്തി കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു സുന്ദരവാസന്‍ ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പരാതികളെ തുടര്‍ന്ന് വിമാനത്താവളത്തിനുള്ളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്താനുള്ള പ്ലസ് മാക്‌സിന്റെ ലൈസന്‍സ് നേരത്തെ റദ്ദാക്കിയിരുന്നു.
പ്ലസ് മാക്‌സിന്റെ പുണെയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും സമാനമായ വെട്ടിപ്പ് നടന്നിരുന്നു. ഇതേതുടര്‍ന്ന് അവിടുത്തെ ഷോപ്പും അടച്ചുപൂട്ടിയിരുന്നു.