ജനുവരിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്നു പേരെ വിവിധ ജയിലുകളിൽ പാർപ്പിച്ചതിനു ശേഷം ഏപ്രിൽ ആദ്യ വാരം മിർഹിനാ തടങ്കൽ ക്യാമ്പിലേക്ക് മാറ്റി
തമിഴ്‍നാട്ടിൽ നിന്നുള്ള മൂന്ന് മത്സ്യത്തൊഴിലാളികളായ ഇന്ത്യക്കാരെ ലങ്കൻ പൊലീസിന് വിധേയരാക്കി എന്ന് തമിഴ്‌നാട് നനഗറി മണ്ഡലത്തിലെ എം എൽ എ വസന്തകുമാർ എച്ച് ആരോപിച്ചു. ജനുവരി പതിനഞ്ചാം തിയതി രാമനാഥപുരം തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ സേവ്യർ, മധൻ, കിങ്സ്റ്റൻ എന്നീ മൂന്ന് മത്സ്യത്തൊഴിലാളികളെ ആണ് ലങ്കൻ പോലീസ് പതിനേഴാം തിയതി അവരുടെ സമുദ്രാതിർത്തി ലംഘിച്ചു എന്ന ആരോപണത്തിൽ കസ്റ്റഡിയിൽ എടുത്തത്.
അവരെ ലങ്കൻ പോലീസ് മൂന്നാം മുറയ്ക്ക് വിധേയരാക്കി എന്ന് വസന്തകുമാർ എം എൽ എ അഴിമുഖത്തോടു പറഞ്ഞു. അവരുടെ മലദ്വാരത്തിലൂടെ കമ്പി കയറ്റി ഉപദ്രവിച്ചു എന്ന് എം എൽ എ ആരോപിച്ചു.
ജനുവരിയിൽ കസ്റ്റഡിയിൽ എടുത്ത മൂന്നു പേരെ വിവിധ ജയിലുകളിൽ പാർപ്പിച്ചതിനു ശേഷം ഏപ്രിൽ ആദ്യ വാരം മിർഹിനാ തടങ്കൽ ക്യാമ്പിലേക്ക് മാറ്റി. ലങ്കൻ മനുഷ്യാവകാശ കമ്മീഷൻ സംഭവം അന്വേഷിക്കും എന്ന് അഴിമുഖത്തോട് പറഞ്ഞു. കേന്ദ്രസർക്കാരിനും ലങ്കൻ സർക്കാരിനും പരാതി നൽകിയിട്ടുണ്ട് എന്ന് ചെന്നൈ ആസ്ഥാനമായ നാഷണൽ ഡൊമസ്റ്റിക് വർക്കേഴ്സ് മൂവേമെന്റിലെ ഹ്യൂബർട്സൺ ടോംവിൽസൺ പറഞ്ഞു.
ലോയേഴ്സ് ബിയോണ്ട് ബോർഡേഴ്സിന്റെ ലങ്കൻ പ്രതിനിധി സുജീവ ധനനായകെ തമിഴരുടെ മോചനത്തിനും അവരെ മൂന്നാം മുറയ്ക്ക് വിധേയരാക്കിയതിനും പോലീസിനെയും കോടതിയെയും സമീപിക്കും എന്ന് അഴിമുഖത്തിനോട് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അറിഞ്ഞും അറിയാതെയും ഇന്ത്യക്കും ലങ്കയ്ക്കും ഇടയിൽ ഉള്ള അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ കടക്കാർ ഉണ്ട്. ലങ്കയുടെ വിദേശ മത്സ്യബന്ധന ബോട്ട് നിയന്ത്രണ നിയമം പ്രകാരം അന്താരാഷ്ട്ര സമുദ്രാതിർത്തി രേഖ കടക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ആണ് എടുക്കാറുള്ളത്.