UPDATES

പ്രവാസം

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാം, കുംഭസ്നാനവും നടത്താം; കാവിവത്ക്കരണം തുടരുന്നു

20 വർഷത്തോളം ദക്ഷിണാഫ്രിക്കയില്‍ പ്രവാസി ഭാരതീയനായി ജീവിച്ച മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന ജനുവരി 9നെ ഓര്‍മ്മിപ്പിക്കാനാണ് ആ ദിവസം പിബിഡി സംഘടിപ്പിക്കുന്നത് എന്നാണ് മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് പറഞ്ഞത്

2003 ജനുവരി 9-ന് ന്യൂഡൽഹിയിൽ നടന്ന ആദ്യത്തെ പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) ഉദ്ഘാടനം ചെയ്തുകൊണ്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി നമ്മുടെ സമൂഹത്തിന്‍റെ മുഖമുദ്രയായ വൈവിധ്യത്തെ വിദേശത്തുള്ള ഇന്ത്യൻ സമൂഹം പലപ്പോഴും പ്രതിഫലിപ്പിക്കുന്നുണ്ട് എന്ന് പറയുകയുണ്ടായി. “ഭാഷാപരമോ മതപരമോ പ്രാദേശികമോ ആയ ഈ വൈവിധ്യത്തെക്കുറിച്ച് നാം അഭിമാനിക്കുന്നു. തെലുങ്ക്, തമിഴ്, പഞ്ചാബി, മറാത്തി അസോസിയേഷനുകൾ ഭാഷാടിസ്ഥാനത്തിലുള്ള കഴിവുകളും പ്രാദേശിക സംസ്കാരവും സംരക്ഷിക്കുന്നതിന് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്”. ഇന്ത്യയിലെ ആദ്യത്തെ വലതുപക്ഷ പ്രധാനമന്ത്രിയുടെ വാക്കുകളാണിത്.

ജനുവരി 9-നുതന്നെ പ്രവാസി ഭാരതീയ ദിവസ് നടത്തുന്നതിനെകുറിച്ചും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്; “88 വർഷം മുമ്പ് ഈ ദിവസത്തിലാണ് 20 വർഷത്തോളം ദക്ഷിണാഫ്രിക്കയില്‍ പ്രവാസി ഭാരതീയനായി ജീവിച്ച മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ അനുഭവിച്ചിരുന്ന വിവേചനത്തിനും അധ:സ്ഥിതാവസ്ഥയ്ക്കും ചൂഷണത്തിനുമെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്ത്യൻ ദേശസ്നേഹികളുടെ ഭാവനയെ മാത്രമല്ല, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെമ്പാടും നടന്ന സ്വാതന്ത്ര്യസമരങ്ങളെ അത് ഉത്തേജിപ്പിച്ചിരുന്നു”.

എന്നാൽ, 16 വർഷത്തിനുശേഷം, മറ്റൊരു വലതുപക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്ന 2019-ൽ പിബിഡി ഒരുപാട് കാവിവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വാജ്‌പേയ് പോലും അംഗീകരിച്ച പ്രവാസി ഇന്ത്യക്കാരുടെ വൈജാത്യങ്ങള്‍ പാടേ അവഗണിക്കപ്പെട്ടു. മഹാത്മാഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്ന ദിവസത്തെ അനുസ്മരിച്ചുകൊണ്ടാണ് പി.ബി.ഡി നടത്താന്‍ ജനുവരി 9 തെരഞ്ഞെടുത്തതെന്ന് ഗവൺമെന്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആവർത്തിക്കുമ്പോൾ, ഒരു സിവിൽ സൊസൈറ്റി ഓർഗനൈസേഷന്‍റെ (സിഎസ്ഒ) പ്രതിനിധിക്ക് വിദേശ മന്ത്രാലയം അയച്ച കത്തില്‍ പറയുന്നത് 2019-ലെ പ്രവാസി ഭാരതീയ ദിവസ് നടത്തുന്ന തീയതി മാറ്റിയിട്ടുണ്ട് എന്നാണ്. 2019 ജനുവരി 21, 22, 23 തീയതികളിൽ ഉത്തർപ്രദേശിലെ വാരാണസിയിൽവച്ച് പി.ബി.ഡിയുടെ 15-ാം പതിപ്പ് ആഘോഷപൂര്‍വ്വം കൊണ്ടാടുമെന്ന് വിദേശമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.

റിപ്പബ്ലിക് ദിന പരേഡിലും കുംഭമേളയിലും പങ്കെടുക്കണമെന്ന മഹാഭൂരിപക്ഷം വരുന്ന പ്രവാസികളുടെ വികാരം മാനിച്ചുകൊണ്ട് 15-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടത്തുമെന്ന് വിവിധ ഇന്ത്യൻ എംബസികളും സ്ഥിരീകരിക്കുന്നു. 24.01.2019-ന് (രാവിലെ) എല്ലാവരും അലഹാബാദിലെ കുംഭസ്നാനത്തിന് പോയി 25.01.2019-ന് പ്രത്യേക ട്രെയിന്‍ മാര്‍ഗ്ഗം ന്യൂഡൽഹിയിലേയ്ക്ക് മടങ്ങിയെത്തുമെന്ന് പ്രോഗ്രാം ഷെഡ്യൂൾ വ്യക്തമാക്കുന്നു. തനതു സാംസ്കാരിക പൈതൃകമായി യുനസ്കോ അംഗീകരിച്ച കുംഭസ്നാന്‍, കൺവെൻഷനോട് വളരെ അടുത്ത 2019 ജനുവരിയിൽ തന്നെയാണ് വരുന്നതെന്നും സിഎസ്ഒ പ്രതിനിധിക്ക് ലഭിച്ച കത്തില്‍ പറയുന്നുണ്ട്.

ന്യൂയോർക്കിലെ യു.എൻ ഗ്ലോബൽ കോംപാക്റ്റ് ഫോർ ഇമിഗ്രേഷനിൽ പങ്കെടുത്തിട്ടുള്ള ഒരു പ്രവാസി അവകാശ പ്രവർത്തകനായ റഫീക്ക് റാവുത്തര്‍ പറഞ്ഞത് പി.ബി.ഡി നടത്തേണ്ട തിയ്യതി മാറ്റുന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിർഭാഗ്യകരമാണെന്നാണ്. “പ്രവാസിയായിരുന്ന ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവന്ന ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നതെന്ന് നമുക്കറിയാം. എന്നാൽ, നിർഭാഗ്യവശാൽ, മറ്റ് മേഖലകളിലെന്നപോലെ, നിലവിലെ ഗവൺമെന്‍റ് ഗാന്ധിജിയെയും അദ്ദേഹത്തിന്‍റെ സംഭാവനകളും ഓർമ്മകളുമെല്ലാം മായ്ച്ചുകളയാനാണ് ആഗ്രഹിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

‘പി.ബി.ഡിക്ക് അതിന്‍റെ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും, കോടീശ്വരന്‍മാരായ നോൺ റസിഡന്‍റ് ഇന്ത്യസിന് (എൻ ആർ ഐ) നെറ്റ്വർക്കിംഗിനും ഡൈനിംഗിനും മാത്രമായുള്ള ഒരു പ്ലാറ്റ്ഫോമായി അതു മാറിയെന്നും നമുക്കെല്ലാവർക്കും അറിയാം. വിദേശത്ത് കഷ്ടപ്പെടുന്ന പാവപ്പെട്ട ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവിടെ ചര്‍ച്ചചെയ്യുന്നത് വിരളമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, എണ്ണ വില പ്രതിസന്ധി, പ്രാദേശികവത്ക്കരണ നയങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം ഇന്ത്യൻ കുടിയേറ്റക്കാർ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളില്‍, ഏറ്റവും മോശം സമയത്തെ അഭിമുഖീകരിക്കുകയാണ്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരുടേയും കയ്യില്‍ ഒന്നുമില്ലാതെ മടങ്ങിവരുന്നവരുടേയും എണ്ണം ഓരോ ആഴ്ചയും കൂടിവരികയാണ്. ഈ വിഷയങ്ങളെല്ലാം വളരെ വിരളമായേ അവിടെ ചർച്ചചെയ്യുന്നുള്ളൂ.” കുംഭമേളയുമായി ഇതിനെ കൂട്ടിക്കലര്‍ത്തിയതോടെ ഇതൊരു വിശുദ്ധസ്ഥല സന്ദര്‍ശന പരിപാടിയായി മാറിയെന്നും റഫീക്ക് പറയുന്നു.

വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ലക്ഷത്തിലധികം ഇന്ത്യക്കാരെ 2014 ഏപ്രിൽ മുതൽ ഡിസംബർ 2017 വരെ ഇന്ത്യൻ സർക്കാര്‍ തിരികെ കൊണ്ടുവന്നുവെന്ന് വിദേശകാര്യ വകുപ്പ് കഴിഞ്ഞയാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. ഗൾഫ് മേഖലയിലെ സാമ്പത്തിക മാന്ദ്യവും മറ്റ് തൊഴില്‍ പ്രശ്നങ്ങളും മൂലം ദുരിതമനുഭവിച്ചിരുന്ന 1,01,336 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്നാണ് അനുരാഗ് സിംഗ് താക്കൂറിന്‍റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് പാര്‍ലമെന്‍റില്‍ പറഞ്ഞത്. വിദേശത്തുള്ള ഇന്ത്യൻ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണനയാണ് ഭാരത സർക്കാർ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, പ്രവാസി ഭാരതീയ ദിവസ് മാത്രമേ കാവിവത്കരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ എന്നും അത് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും രാഷ്ട്രീയ നിരീക്ഷകയും കുടിയേറ്റാവകാശ പ്രവർത്തകയുമായ മിനി മോഹന്‍ പറഞ്ഞു. “കുടിയേറ്റ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം മതപരമായ ആഘോഷവുമായി കൂട്ടിക്കലര്‍ത്തുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. എന്നാല്‍ ഇതില്‍ ഇത്രമാത്രം അതിശയം തോന്നേണ്ട കാര്യവുമില്ല. നാപ്കിനുകൾക്ക് ജിഎസ്ടി ഒഴിവാക്കിയ അവര്‍ കൂട്ടത്തില്‍ രാഖിക്കും ഒഴിവാക്കിയിരുന്നു. മതവുമായി കൂട്ടിക്കലര്‍ത്താതെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. വൈവിധ്യമാർന്ന ആശയങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു”, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉസ്താദ് ബിസ്മില്ലാ ഖാന്‍റെ ഷെഹാനായിയുടെയും പണ്ഡിറ്റ് രവിശങ്കറിന്‍റെ സിത്താറിന്‍റെയും ജുഗല്‍ബന്ദിയുടെ ഓർമ്മയും സംഗീതവും ഞാന്‍ ഇപ്പോഴും ഉള്ളില്‍ കൊണ്ടുനടക്കുന്നുവെന്ന് 2004 ജനവരി 9-ന് രണ്ടാം പി.ബി.ഡിയിൽ പ്രഭാഷണം നടത്തുമ്പോൾ വാജ്പേയി പറഞ്ഞിരുന്നു. “ഹൃദയത്തെ മഥിക്കുന്ന സംഗീത പ്രകടനമായിരുന്നു അന്ന് അവരിരുവരും കാഴ്ചവച്ചത്. ഇന്ന് എൽ. സുബ്രഹ്മണ്യത്തിന്‍റെയും സുൽത്താൻ ഖാന്‍റെയും ജുഗല്‍ബന്ദി കേട്ടപ്പോള്‍ അതേ അനുഭവം തന്നെയാണ് ഉണ്ടായത്. 22 ദശലക്ഷംവരുന്ന ശക്തമായ ഇന്ത്യൻ പ്രവാസികൾക്കും മാതൃരാജ്യത്തിനുമിടയിലെ ജുഗല്‍ബന്ദിയാണ് പ്രവാസി ഭാരതീയ ദിവസ്” എന്നാണ് അദ്ദേഹം പറഞ്ഞത്.

നിർഭാഗ്യവശാൽ, ആ ജുഗല്‍ബന്ദി 2019-ൽ ഉണ്ടാവില്ല. പകരം യജുര്‍‌വേദത്തില്‍ നിന്നുള്ള ‘ഓം പൂർണ്ണമദഃ പൂർണ്ണമിദം’ മാത്രമായിരിക്കും വായുവില്‍ നിറയുക.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍