UPDATES

തോമസ് ചെറിയാന്‍

കാഴ്ചപ്പാട്

തോമസ് ചെറിയാന്‍

പ്രവാസം

ആനയ്ക്കതിന്റെ വലിപ്പം അറിയില്ല; അതുപോലെ പ്രവാസിക്കും

കഴിഞ്ഞ ദിവസം ഒരു ഫിലിപ്പൈന്‍ സുഹൃത്തിനോട് സംസാരിക്കവെ അവരുടെ രാജ്യപുരോഗതിക്ക് മാനവവിഭവശേഷി എങ്ങനെ ഉപകരിക്കാം എന്നതിനെപ്പറ്റി ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. വിദേശ ജോലികള്‍ക്കനുസരിച്ച് വ്യത്യസ്ത കോഴ്‌സുകള്‍ ഉയര്‍ന്ന പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം വിദ്യാഭ്യാസ നിലവാരം കുറഞ്ഞവര്‍ക്കായി വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി 6 മാസംവരെയുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളും സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നു. അവരുടെ ഏതു ബുദ്ധിമുട്ടുകളിലും എന്നും അവരോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്ന എംബസി ജീവനക്കാരും അവര്‍ക്ക് വലിയൊരു തുണയാണ്. ഫിലിപ്പിനോ സമൂഹത്തിന്റെ എല്ലാവിഷയങ്ങളും അവരെ അറിയിക്കാനും കൂട്ടായ്മകളെപ്പറ്റി നേരത്തെ വിവരം നല്‍കാനും എംബസി തന്നെ മുന്‍കൈ എടുത്തു നടത്തുന്ന ഫേസ്ബുക്ക് കൂട്ടായ്മയുമുണ്ട് അവര്‍ക്ക് എന്ന് പറയുമ്പോള്‍ IT മേഖലയില്‍ അസൂയാവഹമായ നേട്ടം കൈവരിച്ചിട്ടുള്ള നമ്മെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു കൂട്ടായ്മയോ അല്ലെങ്കില്‍ ഒരുഗ്രൂപ്പ് ഇമെയില്‍ സംവിധാനമോ അത്ര ബുദ്ധിമുട്ടുള്ളകാര്യമല്ല.

മറ്റൊരു സുഹൃത്ത് പറഞ്ഞത്, ഏതാണ്ട്‌ 500 ഓളം വിയറ്റ്‌നാമീസ് ജോലിചെയ്യുന്ന അദ്ദേഹത്തിന്റെ കമ്പനിയില്‍ വിയറ്റ്നാം വൈസ് പ്രസിഡന്റാണ് കഴിഞ്ഞ തവണ അവരെ കാണാന്‍ വന്നതും കമ്പനി മാനേജ്‌മെന്റുമായി ഇനി വരാന്‍ സാധ്യതയുള്ള ജോലികളെപ്പറ്റി സംസാരിച്ചതുമെല്ലാം.  

കമ്പനികളില്‍ പോകേണ്ട, പ്രധാനമന്ത്രിയും പ്രസിഡന്റും വരികയും വേണ്ട, പക്ഷെ നമ്മുടെ നാട്ടിലെ പ്രവാസികാര്യമന്ത്രിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള അഞ്ചക്ക ശമ്പളക്കാരോ പ്രവാസമെന്തെന്നും പ്രവാസിയെങ്ങനെ ജീവിക്കുന്നു എന്നും അറിയേണ്ടതല്ലേ? അവാര്‍ഡുകളും സ്വീകരണവും ഏറ്റുവാങ്ങാന്‍ മാത്രം, ഇവിടെ ഒരുക്കുന്ന സ്വീകരണചടങ്ങുകള്‍ക്കായി മാത്രം വന്നാല്‍ മതിയോ? എല്ലാറ്റിനും പരിഹാരം ചെയ്യാനാവില്ല. എന്നിരുന്നാലും നാളെ നിങ്ങള്‍ നിയമസഭയിലും പാര്‍ലമെന്റിലും ഒക്കെ വിളിച്ചു കൂവാന്‍ വിഷയമില്ല എന്നുവന്നാല്‍ വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള വകയെങ്കിലും കയ്യിലുണ്ടാവുന്നത് നല്ലതല്ലേ. ഈയടുത്ത് എവിടെയോ വായിച്ചതോര്‍ക്കുന്നു, കേരളനാടിന്റെ സവിശേഷതകള്‍. ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുന്‍പിലുള്ള നമ്മുടെ ആളോഹരിവരുമാനം. കാറിന്റെയും കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും ഒക്കെയുള്ള ഉപയോഗത്തില്‍ നമ്മുടെ നാട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പിലാണെന്നുമെല്ലാം. പണ്ട് മുത്തച്ചന്മാര്‍ ആനപ്പുറത്തു കയറിയതുകൊണ്ട് നമ്മളും അതിന്റെ ഗുണഭോക്താക്കളാവും എന്നുള്ള പ്രാചീന തത്വത്തില്‍ വിശ്വസിക്കുന്ന നമ്മളില്‍ പലരും മേല്‍പ്പറഞ്ഞവ വെള്ളക്കുപ്പായം ധരിച്ചുനടക്കുന്നവര്‍ക്കുള്ള പൊന്‍തൂവലുകളാക്കി കൊടുക്കാനാണാഗ്രഹിക്കുക. എന്നാല്‍ ഈ ഓരോ നേട്ടത്തിന്റെ പിന്നിലും ഇങ്ങകലെ പകലിനു ദൈര്‍ഘ്യം കൂടിയ നാട്ടില്‍, പകലോന്റെ ശൗര്യത്തിനു മുന്‍പില്‍ സ്വന്തം ആരോഗ്യം തൃണവല്‍ഗണിച്ച് ഓരോ പ്രവാസിയും നാട്ടിലേക്കയക്കുന്ന വിധവയുടെ കാണിക്കകള്‍ ഉണ്ടെന്ന വിവരം പലരും മറക്കുന്നു. സ്വപ്നങ്ങള്‍ വിറ്റ് സ്വര്‍ഗം കൊയ്യാനൊരുങ്ങുന്ന പ്രവാസിയും അതുമറക്കാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍ സ്വന്തം കണ്ണുനീരും വിയര്‍പ്പും, എന്നും കുടുംബത്തിനും കൂട്ടാളികള്‍ക്കും നന്മക്കായി തീരട്ടെ എന്ന് അഞ്ചുനേരവും പ്രാര്‍ത്ഥിക്കുന്നവര്‍ ഒരുപക്ഷെ കുറ്റപ്പെടുത്തലുകള്‍ക്കും പരാതികള്‍ക്കും പിന്നാലെ പോകാന്‍ താല്‍പ്പര്യം കാണിക്കില്ല.

ഇന്ത്യയുടെ വിദേശനാണ്യ സംഭരണത്തില്‍ പ്രവാസികള്‍ക്ക്, അതില്‍ തന്നെ മലയാളികള്‍ക്കുള്ള വലിയ പങ്ക് ഏതു കൊച്ചുരാഷ്ട്രീയപ്രവര്‍ത്തകനും വളരെ നന്നായി അറിയാവുന്നതാണ്. പ്രവാസി ഇന്ത്യക്കാര്‍ ഒരു വര്‍ഷം നാട്ടിലേക്കയക്കുന്ന പണം നമ്മുടെ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ ചിലവുകളുടെ മുക്കാല്‍ പങ്കോളം എത്തും എന്ന് പറഞ്ഞാല്‍ നാം മനസ്സിലാക്കണം പ്രവാസി എന്ന ആനയ്ക്കതിന്റെ വലിപ്പം അറിയില്ല എന്ന്. തിരഞ്ഞെടുപ്പുകളില്‍ ബ്ലാക്കും വൈറ്റും ആയി പണമൊഴുക്കുകയും, കാറും ഹെലിക്കോപ്റ്ററും കൊടുത്ത് സഹായിക്കുകയും അധികാരത്തിലെത്തുമ്പോള്‍ എതു കൊള്ളപ്പലിശക്കാരനെയും അമ്പരപ്പിക്കുംവിധം ചിലവാക്കിയതിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണിതം പാവം ജനങ്ങളില്‍നിന്നും പിടിച്ചെടുക്കുകയും ചെയ്യുന്ന സ്വകാര്യ കമ്പനികളെക്കാളേറെ സ്വാതന്ത്ര്യവും അവകാശവും നാടിന്റെ നന്മക്കായി അന്യനാട്ടില്‍ വേല ചെയ്യുന്ന പ്രവാസികള്‍ക്കില്ലേ. കുത്തക കമ്പനികളുടെ കടമെഴുതി തള്ളാന്‍ മാറ്റിവെക്കുന്ന പങ്കെങ്കിലും പ്രവാസി ഉന്നമനത്തിനായി സര്‍ക്കാരുകള്‍ മാറ്റിവെക്കേണ്ടേ? കുറഞ്ഞപക്ഷം നീണ്ട നാളുകളുടെ അദ്ധ്വാനം കഴിഞ്ഞു നാട്ടിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കിക്കൂടെ? അന്യനാട്ടുകാര്‍ തരുന്ന മനുഷ്യത്വമെങ്കിലും കാണിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചുകൂടെ? ആണ്ടുതോറും ശമ്പളക്കമ്മീഷനും യൂണിയന്‍കാരും പറയുന്നത് കേട്ട് 10ഉം 20ഉം ശതമാനം ശമ്പളവര്‍ധനവ് ഏകകണ്ഠമായി പ്രഖ്യാപിക്കുന്ന നമ്മുടെ ഭരണപ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാര്‍ ജോലിക്കാര്‍ മാത്രമുള്ള ഒരുനാടല്ല നമ്മുടെതെന്ന് എന്തുകൊണ്ട് ചിന്തിക്കുന്നില്ല? അല്ലെങ്കില്‍ വര്‍ഷാവര്‍ഷമുള്ള ഈഅധിക വിഭവസമാഹരണം പൊതുജനങ്ങളും പ്രവാസികളും നികുതിയില്‍ക്കൂടി തിരിച്ചുനല്കണം എന്ന് പറയുന്നതെന്തുന്യായം?

എന്തായിരിക്കാം നമ്മള്‍ പ്രവാസികളുടെ പ്രധാനപ്രശ്‌നം? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പൌരന്മാര്‍ എന്തുകൊണ്ട് അന്യനാടുകളില്‍ പ്രത്യേകിച്ചു ഗള്‍ഫ് നാടുകളില്‍ നിഷ്ഠൂരം പീഡനമേല്‍ക്കേണ്ടിവരുന്നു, അല്ലെങ്കില്‍ സൗദിയിലെ അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകനായ ലത്തീഫ് തെച്ചി കരഞ്ഞുകൊണ്ട് ചോദിക്കുന്നതുപോലെ എന്തുകൊണ്ട് ഒരു പട്ടിയുടെ വിലപോലും കിട്ടാതെ നമ്മില്‍ ചിലര്‍ കൊലചെയ്യപ്പെടുകവരെ ചെയ്യുന്നു? എന്തുകൊണ്ട് വേദനയോടെ നമ്മുടെ അധികാരികളെ സമീപിക്കുമ്പോള്‍ അതാതു രാജ്യത്തെ പൗരന്മാരുടെ നിയന്ത്രണത്തിലും അവരുടെ താല്പര്യം മാത്രം സംരക്ഷിക്കാന്‍ മാത്രമുള്ള സംവിധാനത്തിലേക്കും ഇവരെ മടക്കി അയക്കുന്നു? ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന്‍ വാദിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ ഏതെല്ലാം ജയിലുകളില്‍ എന്തെല്ലാം കള്ളത്തിന്റെ പേരില്‍ യാതന അനുഭവിക്കുന്നുവെന്നുള്ളത് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അറിയാമോ? ഏതെങ്കിലും ഒരു അടിയന്തരാവസ്ഥ ഒരു രാജ്യത്തുണ്ടായാല്‍ സ്വന്തം രാജ്യക്കാരെ ഒരുമിച്ചു ചേര്‍ത്തു രക്ഷാപ്രവര്‍ത്തനം നടത്താന്‍ അതാതു രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ പൂര്‍ണമായ വിവരങ്ങള്‍ എത്ര എംബസ്സികളില്‍ ലഭ്യമാണ്? ഉമ്രക്കും ഹജ്ജിനും വേണ്ടി ക്വാട്ടകളും സീറ്റുകളും ഒരുക്കുന്നവര്‍ കള്ളക്കേസിന്റെ പേരില്‍ സൗദിയില്‍ നിന്നും അതുവരെയുള്ള അദ്ധ്വാനഫലമോ ബ്രോക്കര്‍മാര്‍ക്ക് കൊടുത്ത പൈസപോലുമോ കിട്ടാതെ നാടുകടത്തപ്പെട്ടവരുടെ കണ്ണുനീര്‍ കണ്ടിട്ടുണ്ടോ? മരിക്കുന്നതിനു മുന്‍പ് നാട് കാണാനുള്ള അവരുടെ കരച്ചില്‍ കേട്ടിട്ടുണ്ടോ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ നമ്മുടെ ഭരണവര്‍ഗത്തോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം ഒരു പക്ഷെ മണ്‍മറഞ്ഞുപോയ കലാകാരനായ പപ്പു പറഞ്ഞ വാചകം ‘ഇപ്പംശരിയാക്കിത്തരാം’ ആയിരിക്കും. അല്ലെങ്കില്‍ അതിനാരു മെനക്കെടും. ‘ആരാന്റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ലശേലാണല്ലോ’. പ്രവാസികളായ നാം മനസ്സിലാക്കേണ്ട ഒരുവലിയ സത്യമുണ്ട്, കരയുന്ന കുഞ്ഞിനേ പാലുള്ളൂ. കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതക്കും കാപട്യത്തില്‍ പൊതിഞ്ഞ ഭംഗിവാക്കുകളല്ലാതെ മറ്റൊന്നും വര്‍ണ്ണവൈവിധ്യങ്ങളുള്ള കൊടികളെ കണ്ടുപിടിച്ചവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട. ഭിന്നിപ്പിച്ചു ഭരിച്ചവരില്‍ നിന്നും അനേകര്‍ തങ്ങളുടെ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ നവീനരൂപം, നമ്മളില്‍ എത്തിക്കാന്‍ ബാധ്യസ്ഥരായവര്‍ പലരും ഇന്ന് നമ്മളെയും ആ പഴയശൈലിയില്‍ തന്നെ ബന്ധിച്ചിടാന്‍ ശ്രമിക്കുകയാണ്. അതൊരുപക്ഷെ മതമാകാം, വ്യത്യസ്തരൂപത്തിലുള്ള കൊടികളാകാം, ജില്ലയും, ഉപജില്ലയും പഞ്ചായത്തുകളും തിരിച്ചുള്ള നമ്മുടെ പ്രവാസി സംഘടനകളാകാം.

സ്വന്തം സഹോദര ഭാര്യ ചിതയില്‍ വെന്തെരിയുന്നത് കണ്ടു മനംനൊന്ത രാജാറാം മോഹന്‍ റായിയുടെ സന്ധിയില്ലാ സമരം സതി നിര്‍ത്തലാക്കി. അല്ലമ ഇഖ്ബാല്‍, മുഹമ്മദ് അലിജൗഹര്‍, രവീന്ദ്രനാഥ് ടാഗോര്‍, ഖാസിനസ്രുള്‍ ഇസ്ലാം തുടങ്ങിയവര്‍ ദേശസ്‌നേഹത്തിന്റെ തീക്കനല്‍ ഓരോ ഭാരതീയന്റെ ഹൃദയത്തിലും അണയാതെ കാത്തു. ജാന്‍സിയിലെ റാണി ലക്ഷ്മീഭായ്, ബംഗാളിലെ ബീഗം രോക്കെയ തുടങ്ങിയവര്‍ ദേശസ്‌നേഹം കാത്തുസൂക്ഷിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്കുവെളിപ്പെടുത്തി. അവസാനം തോക്കിന്‍ മുനക്ക് മുന്‍പില്‍ പുഞ്ചിരിയോടെ നിന്ന് അക്രമരാഹിത്യസമരം നയിച്ച അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ ഭാരതം ഭാരതീയര്‍ക്കു തിരിച്ചുനല്‍കി. ഇവരിലാരും തന്നെ സ്വന്തം കുട്ടികള്‍ക്കോ, വീട്ടുകാര്‍ക്കോ വേണ്ടി മാത്രമായിരുന്നില്ല അണിചേര്‍ന്നത്. അതു മനസ്സിലാക്കാന്‍ നമ്മള്‍ പ്രവാസികള്‍ക്കും സാധിക്കട്ടെ.

ഒപ്പുശേഖരണവും ഒത്തുചേരലും, മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും കാത്തുകിടക്കുകയും വഴി നമുക്ക് നേടാനാവുന്നത് പന്തയങ്ങളുടെയും വീതംവെക്കലുകളുടെയും ബാക്കിവരുന്ന ഏതാനും അപ്പക്കഷണങ്ങള്‍ മാത്രമാകും. എന്നാല്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ നമ്മുടെ അംഗസംഖ്യ കണ്ടു നമ്മുടെയടുത്തേക്കു വരാന്‍ തക്കവിധം നമുക്കൊരുമിക്കാന്‍ കഴിഞ്ഞാല്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇത്തരക്കാരുടെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമായി വളരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

തോമസ് ചെറിയാന്‍

തോമസ് ചെറിയാന്‍

കഴിഞ്ഞ ആറ് വര്‍ഷമായി ദോഹയില്‍ എണെസ്റ്റ് ആന്‍ഡ് യംഗില്‍ ഓഫീസ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന തോമസ് ചെറിയാന്‍ കോഴിക്കോട് സ്വദേശിയാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍