UPDATES

പ്രവാസം

തീര്‍ത്ഥാടകരെ കൊണ്ടുപോകാനുള്ള വിമാനത്തിന് ഇറങ്ങാന്‍ ഖത്തര്‍ അനുമതി തന്നില്ലെന്ന് സൗദി

തീര്‍ത്ഥാടകര്‍ക്ക് വിമാനങ്ങള്‍ എത്തിക്കാനും അതിര്‍ത്തി തുറക്കാനുമുള്ള സൗദിയുടെ തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപ്രേരിതമായ തീരുമാനം എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

ഖത്തറില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകരെ കൊണ്ടുപോകാനുള്ള തങ്ങളുടെ വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ ഖത്തര്‍ അധികൃതര്‍ അനുമതി നിഷേധിച്ചതായി സൗദി അറേബ്യ. ഖത്തറും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും ഇരു ചേരികളിലായി നയതന്ത്ര സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടയിലാണ് സൗദി വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ജൂണില്‍ ഖത്തറുമായുള്ള ബന്ധം സൗദി അടക്കമുള്ള രാജ്യങ്ങല്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഖത്തറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സൗദി അറിയിക്കുകയായിരുന്നു. അടച്ച അതിര്‍ത്തി തുറക്കുകയും ചെയ്തു.

ഖത്തര്‍ തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കുന്നതിനായി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് സൗദി വിമാനം ദോഹയിലേയ്്ക്ക് പറന്നത്. എന്നാല്‍ ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാല്‍ വിമാനം ജിദ്ദയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തില്ല. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇക്കാര്യം നിഷേധിച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തിന് ഇറങ്ങാനുള്ള അനുമതി തേടിയപ്പോള്‍ ഖത്തറി ഹജ് ഡെലിഗേഷനും ഇസ്ലാമിക് അഫേഴ്‌സ് മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുമതി തേടാനാണ് ആവശ്യപ്പെട്ടത്. നേരത്തെയും ഇതായിരുന്നു രീതി – ഏവിയേഷന്‍ അതോറിറ്റി വിശദീകരിച്ചു.

തീര്‍ത്ഥാടകര്‍ക്ക് വിമാനങ്ങള്‍ എത്തിക്കാനും അതിര്‍ത്തി തുറക്കാനുമുള്ള സൗദിയുടെ തീരുമാനത്തെ ഖത്തര്‍ സ്വാഗതം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപ്രേരിതമായ തീരുമാനം എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ബാധകമല്ലെന്നായിരുന്നു സൗദിയുടെ നിലപാട്. ഹജ് തീര്‍ത്ഥാടനത്തേയും സൗദി രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ഖത്തര്‍ കുറ്റപ്പെടുത്തുന്നത്. മതസ്വാതന്ത്ര്യം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഖത്തര്‍ പരാതിയും നല്‍കി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജൂണില്‍ ഖത്തറുമായുള്ള ഗതാഗത ബന്ധം നിയന്ത്രിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍