UPDATES

പ്രവാസം

പ്രവാസികള്‍ക്ക് കനത്ത ബാധ്യതയായി സൗദിയിലെ ആശ്രിത ലെവി

ജൂലൈ ഒന്നുമുതല്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന എല്ലാവരും പ്രതിമാസം 100 റിയാല്‍ വീതം ലെവി അടച്ചിരിക്കണം

കുടുംബത്തോടൊപ്പം കഴിയുന്ന പ്രവാസികള്‍ക്ക് കനത്ത ബാധ്യതയായി സൗദിയിലെ ആശ്രിത ലെവി. ജൂലൈ ഒന്നുമുതല്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന എല്ലാവരും പ്രതിമാസം 100 റിയാല്‍ വീതം ലെവി അടച്ചിരിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ വ്യവസ്ഥ. ഇത് ഇഖാമ പുതുക്കുമ്പോള്‍ ഒരുവര്‍ഷത്തേക്ക് ഒരുമിച്ച് നല്‍കണം. അതായത് ഒരോ കുടുംബാംഗത്തിനും ഈ വര്‍ഷം 1200 റിയാല്‍ എന്ന തോതില്‍ നല്‍കണം. ആശ്രിതര്‍ക്ക് റീ എന്‍ട്രി വിസ ലഭിക്കാനും ലെവി അടയ്ക്കണം. ഇതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത് സാധാരണക്കാരായ പ്രവാസികളാണ്. ഇന്ത്യന്‍ സ്‌കൂളുകളിലെ പരീക്ഷ അവസാനിച്ചാല്‍ ഒട്ടനവധി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഈ തുക അടച്ച ശേഷമേ അബശിര്‍ വൈബ് സൈറ്റില്‍ നിന്ന് റീ എന്‍ട്രി വിസ ഇഷ്യൂ ചെയ്യാനാകൂ. ലെവിയില്ലാതെ റീ എന്‍ട്രി ഫീ മാത്രം അടച്ചാല്‍ അബ്ശിര്‍ സൈറ്റില്‍ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമായിരിക്കും ലഭിക്കുക. റീ എന്‍ട്രി വിസയോടൊപ്പം ലെവി അടയ്ക്കാനായി ബാങ്കുകളിലെ സദാദ് ഓണ്‍ലൈന്‍ സിസ്റ്റത്തിലും സാംബ ഓണ്‍ലൈനിലും സംവിധാനം തുടങ്ങി. ഇഖാമ നമ്പറും കാലാവധി തീയതിയും നല്‍കിയാല്‍ എത്ര തുകയാണ് ലെവി ഇനത്തില്‍ അടയ്‌ക്കേണ്ടതെന്ന് വ്യക്തമാക്കും.

ഫൈനല്‍ എക്‌സിറ്റിനും ആശ്രിത ലെവി ബാധകമാണ്. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ വിസ ഇഷ്യു ചെയ്ത ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി അടച്ചിരിക്കണം. ആശ്രിത ലെവി വരുവര്‍ഷങ്ങളില്‍ കൂടുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്തവര്‍ഷം ജൂലൈ മുതല്‍ പ്രതിമാസം 200 റിയാലായും 2019 ജൂലൈ മുതല്‍ 300 റിയാലായും 2020 ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കുമെന്നാണ് അറിയിപ്പ്. ഇതുപ്രകാരം 2018-ല്‍ ആശ്രിതരില്‍ ഓരോരുത്തര്‍ക്കും 2400 റിയാലും, 2019-ല്‍ 3600 റിയാലും, 2020-ല്‍ 4800 റിയാലും ഇഖാമ പുതുക്കുമ്പോള്‍ അടയ്ക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍