UPDATES

പ്രവാസം

ജിദ്ദയിലെ യാത്രക്കാര്‍ക്ക് ഇനി എയര്‍പ്പോര്‍ട്ടില്‍ പോകാതെ ചെക്ക് ഇന്‍ സംവിധാനം

ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സിറ്റി ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. വിമാന സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പു മുതല്‍ എട്ടു മണിക്കൂര്‍ മുമ്പു വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് ഇവിടെ ലഗേജുകള്‍ കൈമാറി ബോര്‍ഡിംഗ് പാസ് നേടുന്നതിന് സാധിക്കും

സൗദി ദേശീയ വിമാന കമ്പനി സൗദി എയര്‍ലൈന്‍സ് ജിദ്ദയില്‍ ആരംഭിച്ച സിറ്റി ടെര്‍മിനല്‍ (സിറ്റി ചെക് ഇന്‍ കേന്ദ്രം) ഉദ്ഘാടനം നാളെ. എല്ലാ സൗകര്യങ്ങളോടെ കെട്ടിടം സജ്ജീകരിക്കുകയും ജീവനക്കാരെ നിയമിക്കുകയും ചെയ്തു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും യാത്രാ നടപടികള്‍ ലഘൂകരിക്കുന്നതും ലക്ഷ്യമിട്ടാണ് സൗദി എയര്‍ലൈന്‍സ്‌  ജിദ്ദയില്‍ സിറ്റി ടെര്‍മിനല്‍ പദ്ധതി നടപ്പാക്കുന്നത്.

സൗദി എയര്‍ലൈന്‍സ്‌ നടപ്പാക്കുന്ന മൂന്നാമത്തെ സിറ്റി ടെര്‍മിനല്‍ പദ്ധതിയാണ് ജിദ്ദയിലേത്. ആദ്യമായി റിയാദിലാണ് പദ്ധതി നടപ്പാക്കിയത്. റിയാദില്‍ സൗദിയ ക്ലബ്ബിലാണ് സിറ്റി ടെര്‍മിനല്‍ തുറന്നിരിക്കുന്നത്. ദമാമില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴിയാണ് സിറ്റി ചെക് ഇന്‍ സേവനം സൗദിയ നല്‍കുന്നത്.

ജിദ്ദയില്‍ ഖാലിദിയ ഡിസ്ട്രിക്ടില്‍ പ്രിന്‍സ് സഊദ് അല്‍ഫൈസല്‍ റോഡില്‍ സൗദിയ സെയില്‍സ് ഓഫീസിനു സമീപമാണ് സിറ്റി ടെര്‍മിനല്‍ കെട്ടിടം. 545 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ യാത്രക്കാരുടെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അഞ്ചു കൗണ്ടറുകളാണുള്ളത്. ഇതില്‍ ഒരു കൗണ്ടര്‍ വികലാംഗര്‍ക്കുള്ളതാണ്. യാത്രക്കാരെ സ്വീകരിക്കുന്ന റിസപ്ഷന്‍ ഹാളും നമസ്‌കാര സ്ഥലവും ലഗേജുകള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണും ലഗേജുകള്‍ പാക്ക് ചെയ്യുന്നതിനുള്ള ഏരിയയും മറ്റു അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്.

ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെ സിറ്റി ടെര്‍മിനല്‍ പ്രവര്‍ത്തിക്കും. വിമാന സമയത്തിന്റെ 24 മണിക്കൂര്‍ മുമ്പു മുതല്‍ എട്ടു മണിക്കൂര്‍ മുമ്പു വരെയുള്ള സമയത്ത് യാത്രക്കാര്‍ക്ക് ഇവിടെ ലഗേജുകള്‍ കൈമാറി ബോര്‍ഡിംഗ് പാസ് നേടുന്നതിന് സാധിക്കും. ആവശ്യം വര്‍ധിക്കുന്ന പക്ഷം ഭാവിയില്‍ രണ്ടു ഷിഫ്റ്റുകളില്‍ സെന്റര്‍ പ്രവര്‍ത്തിപ്പിക്കും. സൗദിയ നല്‍കുന്ന ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സെല്‍ഫ് സര്‍വീസ് ഉപകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അനുവദിച്ച പരിധിയില്‍ അധികമുള്ള ബാഗേജിനുള്ള ലഗേജ് ഫീസ് ഓണ്‍ലൈന്‍ വഴിയോ സിറ്റി ടെര്‍മിനലില്‍ നേരിട്ടോ അടയ്ക്കുന്നതിന് സാധിക്കും. ഫ്ളൈറ്റ് സമയത്തിന് എട്ടു മണിക്കൂറില്‍ കുറവ് മാത്രമാണ് അവശേഷിക്കുന്നതെങ്കില്‍ സിറ്റി ടെര്‍മിനലില്‍ യാത്രക്കാരുടെ ബാഗേജുകള്‍ സ്വീകരിക്കില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍