UPDATES

പ്രവാസം

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ്, വിസ നിയമങ്ങള്‍ യുഎഇ പരിഷ്‌കരിച്ചു; ഇനി ബിസിനസ് തുടങ്ങാന്‍ എളുപ്പം

ഒരു തൊഴിലാളിയ്ക്ക് തൊഴിലുടമ 3000 ദിര്‍ഹത്തിന് പകരം ഇനി മുതല്‍ പ്രതിവര്‍ഷം 60 ദിര്‍ഹം അടച്ചാല്‍ മതിയെന്നതാണ് പുതിയ സുപ്രധാന തീരുമാനം

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് കാര്യത്തിലും വിസ സംബന്ധമായ നിയമങ്ങളിലും യുഎഇ മന്ത്രിസഭ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന പാക്കേജ് പ്രഖ്യാപിച്ചത്.

ഒരു തൊഴിലാളിയ്ക്ക് തൊഴിലുടമ 3000 ദിര്‍ഹത്തിന് പകരം ഇനി മുതല്‍ പ്രതിവര്‍ഷം 60 ദിര്‍ഹം അടച്ചാല്‍ മതിയെന്നതാണ് ഇതില്‍ ഏറെ സുപ്രധാനം. ഇതോടെ രാജ്യത്ത് ബിസിനസ് തുടങ്ങാന്‍ എളുപ്പമാകും. സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും തൊഴിലുടമകളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനും ഇത് സഹായകരമാകും. ഏകദേശം 14 ബില്യന്‍ ദിര്‍ഹമാണ് ഇതിലൂടെ ബിസിനസുകാര്‍ക്ക് ലാഭിക്കാന്‍ സാധിക്കുന്നത്.

അവധിക്കാല അലവന്‍സ്, സേവന ആനുകൂല്യങ്ങള്‍, ഓവര്‍ടൈം അലവന്‍സ്, തൊഴിലാളിയുടെ റിട്ടേണ്‍ ടിക്കറ്റ്, ജോലിക്കിടയില്‍ സംഭവിക്കുന്ന പരിക്കുകള്‍ എന്നിവയ്ക്കുള്ള ഇന്‍ഷുറന്‍സ് കവറേജ് പ്രതിവര്‍ഷം 20,000 ദിര്‍ഹമാണ്.

കൂടാതെ ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ എന്‍ട്രി ഫീസ് ഈടാക്കില്ലെന്നതാണ് വിസ കാര്യത്തില്‍ ഉണ്ടായ ഏറ്റവും വലിയ തീരുമാനം. കൂടാതെ 50 ദിര്‍ഹം അടച്ചാല്‍ ട്രാന്‍സിറ്റ് വിസ കാലാവധി 96 മണിക്കൂറാക്കുകയും ചെയ്യും. ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നതിന് രാജ്യത്തെ എല്ലാ പ്രമുഖ വിമാനത്താവളങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിക്കും. സന്ദര്‍ശകര്‍, താമസക്കാര്‍, കുടുംബങ്ങള്‍, വിസ കാലാവധി കഴിഞ്ഞ് താമസിക്കുന്നവര്‍ക്ക് ഗുണകരമാണ് വിസ സംബന്ധമായ പുതിയ തീരുമാനങ്ങള്‍.

സര്‍വകലാശാല പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്ക് രണ്ട് വര്‍ഷം കൂടി രാജ്യത്ത് താമസിക്കാമെന്ന പുതിയ നിയമവും ക്യാബിനറ്റ് അംഗീകരിച്ചു. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചവര്‍ സ്വദേശത്തേക്ക് മടങ്ങുമ്പോള്‍ പാസ്‌പോര്‍ട്ടില്‍ നോ എന്‍ട്രി അടിക്കേണ്ടതില്ല. അതിനാല്‍ ഇവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് മടങ്ങിവരാനാകും. ഇത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍