UPDATES

പ്രവാസം

പ്രവാസികളോട്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ കാണുമ്പോള്‍ ചെറുകടകളെ മറക്കരുതേ…

Avatar

സതീഷ്‌ കുമാര്‍

മലയാളി ജീവിതത്തെ പച്ച പിടിപ്പിച്ചത് പ്രവാസ ലോകമാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പെ മറുകര പറ്റിയവര്‍ മറ്റുള്ളവര്‍ക്ക് കൈകൊടുത്ത് ഉയര്‍ത്തിക്കൊണ്ടു വന്നു. ആരംഭകാലം മുതലേ പരസ്പര സഹായത്തിലും സഹകരണത്തിലും  മുന്‍പന്തിയിലാണ് പ്രവാസികള്‍. ഇപ്പോള്‍ ചരിത്രത്തില്‍ ഇന്നോളം ഇല്ലാത്ത വിധം കനത്ത പ്രതിസന്ധിയിലാണ് പ്രവാസി ലോകം. ആഗോള സാമ്പത്തിക മാന്ദ്യവും ഒപ്പം എണ്ണ വിലയില്‍ വന്ന കനത്ത ഇടിവും ആണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ഒരുപാട് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു, കുറേ പേര്‍ പിരിച്ചു വിടലിന്റെ ഭീഷണിയിലും.

പ്രവാസജീവിതത്തിന്റെ ആദ്യ കാലം മുതലേ ബിസിനസ്സ് രംഗത്തും മലയാളികള്‍ സ്ഥാനം പിടിച്ചിരുന്നു. ഏതു ഗള്‍ഫ് രാജ്യമെടുത്താലും അവിടെയെല്ലാം സജീവമാണ് മലയാളികളും മലയാളി വ്യാപാരികളും. ചെറിയ ഗ്രോസറികള്‍, ഇലക്ട്രോണിക്‌സ് കടകള്‍, തുണിക്കടകള്‍, ചെരിപ്പുകടകള്‍, കോസ്‌മെറ്റിക്‌സ് കടകള്‍ തുടങ്ങിയവയാണ് മലയാളികള്‍ ധാരാളമായി നടത്തുന്നത്. കാസര്‍കോഡ്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുമുള്ളവരാണ് ഇവരില്‍ അധികവും. ചെറിയ കച്ചവടം നടത്തിയും ഒപ്പം അവിടെ തൊഴിലില്‍ ഏര്‍പ്പെട്ടും ജീവിതം കരുപ്പടിപ്പിക്കുന്നവര്‍ അനേകായിരങ്ങളാണ്. ഇന്നിപ്പോള്‍ അവരും കനത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. കച്ചവടരംഗത്ത് വന്ന മാന്ദ്യവും ഒപ്പം താങ്ങാനാകാത്ത വാടകയും മറ്റു ചിലവുകളുമാണ് അവരുടെ നടുവൊടിക്കുന്നത്. കടകളില്‍ കച്ചവടം ഇല്ലാതായതോടെ ഉടമകളുടെ പല റോളിംഗുകളും തെറ്റിക്കൊണ്ടിരിക്കുകയാണ്. പലരും പലിശക്കെടുത്താണ് കട മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത് എത്രകാലം ഇത് തുടരുവാന്‍ ആകും എന്ന് പറയുവാന്‍ ആകില്ല. കടം പെരുകിയാല്‍ കച്ചവടം പൂട്ടേണ്ടിവരും. അതോടെ അവരും കുടുംബവും മാത്രമല്ല ഇവരെ ആശ്രയിച്ച് ജീവിക്കുന്ന തുച്ഛവരുമാനക്കാരായ ജീവനക്കാരും പ്രതിസന്ധിയിലാകും. എല്ലായിടത്തും സമാനമായ അവസ്ഥ ആയതിനാല്‍ മറ്റു കടകളില്‍ ജോലി ലഭിക്കുക എന്നതും പ്രയാസത്തിലാകും.

ഓഫീസും വീടും മറ്റു പ്രശ്‌നങ്ങളുമായി ഒതുങ്ങിക്കൂടുന്ന പ്രവാസികളില്‍ പലരും ഇക്കാര്യം വേണ്ടത്ര ഗൌരവത്തോടെ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല എന്ന് വേണം കരുതുവാന്‍. കനത്ത പ്രതിസന്ധി നേരിടുന്ന ഇവര്‍ക്കൊരു ചെറിയ കൈതാങ്ങ് നല്‍കുവാന്‍ മനസ്സു വച്ചാല്‍ പ്രവാസികള്‍ക്ക് സാധിക്കും. നാട്ടിലേക്ക് പോകുമ്പോള്‍ ഷോപ്പിംഗിനും മറ്റും വലിയ മാളുകളില്‍ പോകുകയും സാമാന്യം നല്ലൊരു തുക ചിലവിടുകയും ചെയ്യുന്ന പതിവ് ഇപ്പോളും മലയാളികള്‍ക്കുണ്ട്. വലിയ മാളുകളിലെ ഷോപ്പിംഗിനു പകരം ഇത്തരം ചെറിയ കടകളില്‍ നിങ്ങും വാങ്ങിയാല്‍ ചിലവും ചുരുക്കാം ഒപ്പം അത് അവര്‍ക്ക് ഒരു സഹായവുമാകും.

അടുത്തടുത്തുള്ള പല കടകളില്‍ കയറുമ്പോള്‍ വ്യത്യസ്ഥമായ ഫാഷനില്‍ ഉള്ള തുണിത്തരങ്ങള്‍ സെലക്ട് ചെയ്യുവാനുള്ള അവസരം ലഭിക്കുന്നു. വലിയ മാളുകളില്‍ ഉല്പന്നങ്ങള്‍ക്ക് വലിയ വില നലേണ്ടിവരുന്നു. ചൈനീസ് ഉല്പന്നങ്ങളുടെ കടന്നു കയറ്റത്തോടെ ‘ബ്രാന്റഡ് ‘എന്നതിന്റെ പ്രസക്തി ചുരുങ്ങിയിരിക്കുന്നു. നൂറും നൂറ്റമ്പതും ദിര്‍ഹത്തിനു വാങ്ങുന്ന ചുരിദാറും മറ്റും ഇത്തരം കടകളില്‍ പകുതി വിലക്ക് ലഭിക്കും. മാളുകളില്‍ വിലപേശല്‍ സാധ്യമല്ല എന്നാല്‍ ചെറിയ കടകളില്‍ വിലപേശലും നടത്താം. വാങ്ങിക്കഴിയുമ്പോള്‍ അറിയാം വലിയ മാളിലേയും ഇത്തരം കടകളിലേയും വിലയിലെ വ്യത്യാസം. ഇത് മൂലം വാങ്ങുന്നവനും വില്‍ക്കുന്നവനും സന്തോഷവും സാമ്പത്തിക ലാഭവും നല്‍കുന്നുമുണ്ട്. ഒപ്പം അധ്വാനിച്ചുണ്ടാക്കിയ പണം കുത്തകള്‍ക്ക് നല്‍കി കൂടുതല്‍ ചൂഷണത്തിനു തലവച്ചു കൊടുക്കാതിരിക്കുകയും ചെയ്യാം. പ്രവാസലോകമാണ് ഓരോ മലയാളിയുടേയും ജീവിതത്തെ മെച്ചപ്പെടുത്തിയത്. ഓരോ പ്രവാസിയും നിലനില്പിനായി പരസ്പരം സഹായിക്കേണ്ട സന്ദര്‍ഭമാണ് ഇത്. അപ്പോള്‍ നിങ്ങളുടെ അടുത്ത ഷോപ്പിംഗ് ചെറിയ കടകളില്‍ നിന്നും തന്നെയാകട്ടെ.

(പ്രവാസിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍