UPDATES

പ്രവാസം

സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം: സൗദിയില്‍ 500 ലധികം മലയാളികള്‍ക്ക് തൊഴില്‍ നഷ്ടം

സൗദി അറേബ്യയിലെ 40 ശതമാനം ചെറുകിട ഇടത്തരം ജ്വല്ലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ജ്വലറി കമ്മിറ്റി അറിയിച്ചു. ഇതു ഖജനാവിന് വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം ആരംഭിച്ചതോടെ അഞ്ഞൂറില്‍ അധികം മലയാളികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. മലയാളികളുടെ ജ്വലറികളില്‍നിന്നു ജോലി നഷ്ടപ്പെട്ടവരെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ശാഖകളില്‍ നിയമിക്കുമെന്ന് അധികാരികള്‍ അറിയിച്ചു.

സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി തൊഴില്‍, തദ്ദേശ സ്വയംഭരണം, വാണിജ്യം എന്നീ മന്ത്രാലയങ്ങളും പൊതുസുരക്ഷാവകുപ്പും പാസ്പോര്‍ട്ട് വിഭാഗവും പരിശോധന ഊര്‍ജിതമാക്കിയിരുന്നു.

സൗദി സ്വദേശികളുടെ ജ്വലറികളില്‍ ജോലി ചെയ്തിരുന്ന 10,000 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ജോലി നഷ്ടപ്പെട്ട മലയാളികളില്‍ കൂടുതല്‍പേരും മലയാളികളുടെ നിയന്ത്രണത്തിലുള്ള ജ്വല്ലറികളില്‍ സെയില്‍സ്മാന്‍മാരായി ജോലി ചെയ്തിരുന്നവരാണ്. ഇവരെ ജി.സി.സി രാജ്യങ്ങളിലെ വിവിധ ഷോറൂമുകളില്‍ നിയമിക്കാനാണ് ജൂവലറി ഉടമകള്‍ ആലോചിക്കുന്നത്.

സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ഓളം ജ്വല്ലറികളില്‍ വിദേശികളെ ജോലിക്കു നിയമിച്ചതായി കണ്ടെത്തി. ഈ സ്വര്‍ണക്കടകള്‍ അടയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം വരും ദിവസങ്ങളിലും ജ്വല്ലറികളിലെ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ ഇപ്പോഴത്തെ കൂട്ടപിരിച്ചുവിടലോടെ സൗദി അറേബ്യയിലെ 40 ശതമാനം ചെറുകിട ഇടത്തരം ജ്വല്ലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ജ്വലറി കമ്മിറ്റി അറിയിച്ചു. ഇതു ഖജനാവിന് വന്‍ നികുതി നഷ്ടമുണ്ടാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍