UPDATES

പ്രവാസം

ഷാര്‍ജയില്‍ നെല്ല് വിളയിച്ച് മലയാളി സ്‌കൂള്‍ കുട്ടികള്‍

മരുഭൂമിയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാന്‍ നാലുമാസമാണ് ചിലവിട്ടത്

എണ്ണയുടെ നാട്ടില്‍ നെല്ല് വിളയിച്ച് മലയാളി സ്‌കൂള്‍ കുട്ടികള്‍ ഷാര്‍ജയില്‍ താരങ്ങളാവുന്നു. വെള്ളിയാഴ്ച രാവിലെ അവര്‍ക്ക് കൊയ്ത്തുത്സവമായിരുന്നു. അഞ്ച് മാസം മുമ്പ് ഷാര്‍ജയിലെ ഒരു വില്ലയുടെ പിറകില്‍ അവര്‍ വിത്തുപാകിയ നെല്ല്, ഇന്നലെ കേരള കര്‍ഷകരുടെ വേഷത്തില്‍ അവര്‍ കൊയ്‌തെടുത്തു. ഗുരുവായൂര്‍ സ്വദേശി സുധീഷിന്റെ വില്ലയുടെ പിറകിലായിരുന്നു നെല്‍കൃഷി.

അദ്ദേഹം തന്നെയാണ് നെല്‍കൃഷിയുടെ ആദ്യപാഠങ്ങള്‍ മൂന്ന് ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തത്. മരുഭൂമിയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാന്‍ നാലുമാസമാണ് സുധീഷ് ചിലവിട്ടത്. മലയാളികളായ അദ്ധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും മറ്റ് പ്രവാസികളുടെയും പൂര്‍ണ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ഞാറ് പറിച്ച് നടന്നുതിന് തന്റെ കുട്ടികളെ കൊണ്ടു വന്ന ബയോളജി ടീച്ചറായ സൂസന്‍ ബിനോയ് വലിയ ആവേശത്തിലായിരുന്നു.

കൊയ്ത്തരിവാള്‍ ഉപയോഗിച്ച് എങ്ങനെയാണ് നെല്ല് കൊയ്‌തെടുക്കുന്നതെന്ന് കുട്ടികളെ പഠിപ്പിച്ചു. അതിന് ശേഷം തിളയ്ക്കുന്ന വെയിലില്‍ അവര്‍ പാടത്തേക്കിറങ്ങി. കൊയ്ത്തുപാട്ടുകളും പാടി അവര്‍ മുന്നേറി. ലോകത്തെ തീറ്റിപ്പോറ്റാന്‍ വേണ്ടി കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അതിന്റെ മൂല്യവും തങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞതായി കൊയ്ത്തിന് ശേഷം കുട്ടികള്‍ ഗള്‍ഫ് ന്യൂസ് പ്രതിനിധിയോട് പറഞ്ഞു.

‘കൊയ്ത്തില്‍ ഞങ്ങളുടെ ആദ്യ അനുഭവമായിരുന്നു ഇത്….യുഎഇയില്‍ ഇങ്ങനെ ഒരവസരം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് സന്തുഷ്ടിയുണ്ട്. ഇനി മുതല്‍ ഭക്ഷണം നശിപ്പിക്കില്ല,’ എന്ന് ഒമ്പതാം ക്ലാസുകാരി ആര്യശ്രീ മോഹന്‍ പറഞ്ഞു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ നിന്നും ഫാം സൂപ്രവൈസര്‍ തസ്തികയിലേക്ക് മാറിയ ആളാണ് സുധീഷ് ഗുരുവായൂര്‍. യുഎഇയിലെ കൃഷിയുമായി ബന്ധപ്പെട്ട് അഞ്ച് ലോക റെക്കോഡുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. നെല്‍കൃഷി ചെയ്യാന്‍ പ്രവാസി കുട്ടികള്‍ പഠിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീമും മറ്റ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍