UPDATES

പ്രവാസം

ഇ മൈഗ്രേറ്റ് പദ്ധതി തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്നതെന്ന് യുഎഇ അംബാസഡര്‍

യുഎഇ കമ്പനികളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അഹമ്മദ് ബന്ന വ്യക്തമാക്കി. യുഎഇ ഗവണ്‍മെന്റിന് മാത്രമേ ഇതിന് അധികാരമുള്ളൂ.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇ മൈഗ്രേറ്റ് പദ്ധതിക്കെതിരെ യുഎഇ. പദ്ധതി തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ.അഹമ്മദ് അല്‍ ബന്ന വിദേശകാര്യ മന്ത്രാഅറിയിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന പ്രവാസികാര്യ വകുപ്പാണ് 2015ല്‍ പദ്ധതിക്ക് രൂപം നല്‍കിയത്. മോശം തൊഴില്‍ സാഹചര്യങ്ങളും തൊഴില്‍ പീഡനങ്ങളും സംബന്ധിച്ച് നിരവിധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രവാസികാര്യ വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. തൊഴിലാളികളേയും തൊഴിലുടമകളേയും കമ്പനികളേയും റിക്രൂട്ടിംഗ് ഏജന്റുമാരേയും ചേര്‍ത്തുള്ള ഡാറ്റാബേസാണ് തയ്യാറാക്കിയത്.

ഇക്കാര്യത്തില്‍ തങ്ങളുടെ എതിര്‍പ്പ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികാര്യ സെക്രട്ടറി ജ്ഞാനേശ്വര്‍ മുലേയെ അറിയിച്ചിട്ടുണ്ടെന്നും യുഎഇ അംബാസഡര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയേയും യുഎഇ അംബാസഡര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. യുഎഇ കമ്പനികളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അഹമ്മദ് ബന്ന വ്യക്തമാക്കി. യുഎഇ ഗവണ്‍മെന്റിന് മാത്രമേ ഇതിന് അധികാരമുള്ളൂ. എംബസികള്‍ക്കോ കോണ്‍സുലേറ്റുകള്‍ക്കോ ഇതിന് അധികാരമില്ല. ഇത്തരം പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തണം. ആവശ്യമുള്ള വിവരങ്ങളെല്ലാം ഇന്ത്യാ ഗവണ്‍മെന്റിന് നല്‍കാന്‍ തയ്യാറാണെന്നും ബന്ന പറഞ്ഞു. അതേസമയം വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇക്കാര്യത്തിലുള്ള എതിര്‍പ്പ് യുഎഇ ഗവണ്‍മെന്റ് അറിയിച്ചിരുന്നു. സൗദി അറേബ്യ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇ മൈഗ്രേറ്റ് പരിപാടിക്കെതിരെ തുടക്കം മുതല്‍ തന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്.

ലോകബാങ്കിന്റെ 2017 ഏപ്രിലിലെ കണക്ക് പ്രകാരം ഗള്‍ഫില്‍ നിന്ന് ഏറ്റവുമധികം പണം അയയ്ക്കപ്പെടുന്ന രാജ്യമായ ഇന്ത്യയിലേയ്ക്കുള്ള പണത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു. 2014ല്‍ ഇന്ത്യയിലേയ്ക്ക് 69.6 ബില്യണ്‍ ഡോളര്‍ എത്തിയപ്പോള്‍ 2015ല്‍ ഇത് 68.9 ഡോളറായി കുറഞ്ഞു. 2016ല്‍ ഇത് 62.7 ആയി ഇടിഞ്ഞു. ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ ഇ മൈഗ്രേറ്റ് പദ്ധതിയിലൂടെ തൊഴില്‍സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ മിനിമം വേതനമടക്കമുള്ള ചട്ടങ്ങള്‍ 2014ല്‍ ഇന്ത്യ കൊണ്ടുവന്നതിന് ശേഷം വിദേശകമ്പനികള്‍ ഇന്ത്യന്‍ തൊഴിലാളികളെ ജോലിക്കെടുക്കുന്നത് കുറച്ചു. ഇത്തരം യാതൊരു ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാത്ത പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ കമ്പനികള്‍ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നതായി ഗള്‍ഫിലെ തൊഴില്‍ പ്രവണതകളെക്കുറിച്ച് പഠിക്കുന്ന ആസിഫ് നവാസ് (ജാമിയ മിലിയ, ഡല്‍ഹി) പറയുന്നു. ബംഗ്ലാദേശാണ് ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

2015ലെ കണക്ക് പ്രകാരം ഏറ്റവുമധികം തൊഴില്‍ നേടിയിരിക്കുന്നത് പാകിസ്ഥാനാണ് – 44 ശതമാനം. ഇന്ത്യ 37ശതമാനവും ബംഗ്ലാദേശ് 19 ശതമാനവും. എന്നാല്‍ 2017ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ബംഗ്ലാദേശ് കുതിച്ച് കയറി. ഗള്‍ഫ് രാജ്യങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ച തൊഴിലവസരങ്ങളില്‍ 51 ശതമാനവും ബംഗ്ലാദേശിനാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം കുടിയേറ്റ തൊഴിലാളികളുള്ളത് ഇന്ത്യയില്‍ നിന്നാണ്. നിര്‍മ്മാണം, ഗതാഗതം, സേവനമേഖലകള്‍, വിവിധ വ്യവസായങ്ങള്‍ എന്നിവയിലായി അമ്പത് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍