UPDATES

പ്രവാസം

അബുദാബിയിലെ യൂണിവേഴ്‌സല്‍ ആശുപത്രി അടച്ചുപൂട്ടി; കാരണക്കാരന്‍ മലയാളിയെന്ന് ഉടമ

നൂറ് ദശലക്ഷം ദിര്‍ഹംസ് ആശുപത്രിയ്ക്ക് നഷ്ടപ്പെട്ടതായും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷബീര്‍ പറയുന്നു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അബുദാബിയിലെ പ്രമുഖ ആശുപത്രിയായ യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോടിന്റേതാണ് ഈ ആശുപത്രി. തന്നെയും ആശുപത്രിയെയും തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആശുപത്രി അടച്ചുപൂട്ടേണ്ടി വന്നതെന്ന് ഷബീര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

തനിക്ക് ഭീഷണിയുണ്ടെന്നും തന്റെ നിലവിലെ സാഹചര്യത്തിന് ഒരാള്‍ മാത്രമാണ് കാരണക്കാരനെന്നും ഡോ. ഷബീര്‍ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നത് ഒരു മലയാളി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള ഇയാള്‍ തന്നെ 18 തവണ കാണാന്‍ വന്നിട്ടുണ്ട്. ഓരോ തവണയും പറഞ്ഞത് തന്നെയും തന്റെ ആശുപത്രിയെയും ഇല്ലാതാക്കുമെന്നാണ്. അതേസമയം ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡോ. ഷബീര്‍ തയ്യാറായിട്ടില്ല.

നാല് മാസമായി ആശുപത്രിയുടെ ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നതില്‍ തടസം നേരിട്ടിരുന്നു. നൂറ് ദശലക്ഷം ദിര്‍ഹംസ് ആശുപത്രിയ്ക്ക് നഷ്ടപ്പെട്ടതായും അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഷബീര്‍ പറയുന്നു. ഉടമ ആവശ്യപ്പെട്ടിട്ടാണ് ആശുപത്രി അടച്ചതെന്നും ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റു ആശുപത്രികളിലേക്കു മാറ്റിയെന്നും അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തൊട്ട് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റു ചെയ്തിരുന്നില്ല.

അബുദാബിയില്‍ നിന്നും ഡോ. ഷബീര്‍ രക്ഷപ്പെട്ടു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഇവിടുത്തുകാരനാണെന്നും ആശുപത്രി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് തന്റെ ശ്രമമെന്നും ഷബീര്‍ ഖലീജ് ടൈംസിനോട് വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന വേതനവും മറ്റും നല്‍കുമെന്നും ഷബീര്‍ പറഞ്ഞു. നാല് മാസത്തോളമായി ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം ആശുപത്രി അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. അതേസമയം ആശുപത്രി അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ ഖലീജ് ടൈംസിനോട് പറഞ്ഞത്.

also read:‘ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള കല്ലറ കൂടി ഒരുക്കൂ’; സുപ്രീം കോടതി പൊളിക്കാന്‍ അന്ത്യശാസനം നല്‍കിയ മരട് ഫ്ലാറ്റിലെ താമസക്കാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍