UPDATES

പ്രവാസം

പ്രവാസി വോട്ടവകാശം; കേന്ദ്രത്തിന് അനുകൂല നിലപാട്

Avatar

അഴിമുഖം പ്രതിനിധി

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ അനുകൂല നിലപാടാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ വിഷയത്തില്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വ്യക്തമായ തീരുമാനമെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 

പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക് തപാല്‍ വോട്ടോ അല്ലെങ്കില്‍ മറ്റാരെക്കൊണ്ടെങ്കിലും വോട്ട് ചെയ്യിക്കുന്ന രീതിയോ (പ്രോക്‌സി വോട്ട്) നടപ്പിലാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം പ്രവാസിക്ക് സ്വന്തം മണ്ഡലത്തില്‍ ഒരു പ്രതിപുരുഷനെ അധികാരപ്പെടുത്താം. ഇയാളാവും പ്രവാസിക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തുക. അപേക്ഷ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. പകരക്കാരനെ മാറ്റി നിര്‍ദ്ദേശിക്കാനും പ്രവാസിക്ക് അധികാരമുണ്ടായിരിക്കും. 

ബാലറ്റ് പേപ്പര്‍ ഇ-സംവിധാനത്തിലൂടെ പ്രവാസിക്ക് ലഭ്യമാക്കുന്ന രീതിയാണ് രണ്ടാമതായി ആലോചിക്കുന്നത്. ഇത് ഓണ്‍ലൈനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വോട്ടുരേഖപ്പെടുത്തി തപാല്‍ മാര്‍ഗ്ഗം റിട്ടേണിംഗ് ഓഫീസര്‍ക്ക് അയച്ചുകൊടുത്താല്‍ മതിയാകും. നിലവിലുള്ള തപാല്‍ വോട്ട് രീതി സമയം എടുക്കുന്ന പ്രക്രിയ ആയതിനാല്‍ ഇ-സംവിധാനം ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇ-സംവിധാനത്തില്‍ വോട്ടര്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്താനുള്ള സൗകര്യവും ഉണ്ടാവും. 

എന്നാല്‍ ഈ രണ്ട് സംവിധാനവും ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് മണ്ഡലത്തില്‍ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഒന്നാമത് വിവിധ മണ്ഡലങ്ങളില്‍ ഉള്ള വോട്ടര്‍മാരാകും ഉണ്ടാവുക. അത്രയും വ്യത്യസ്ത ബാലറ്റ് പേപ്പറുകള്‍ എത്തിക്കുന്നത് പ്രായോഗികമാവില്ല. മാത്രമല്ല, ജനാധിപത്യ സംവിധാനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ വോട്ടെടുപ്പ് അനുവദിക്കപ്പെടണമെന്നും നിര്‍ബന്ധമില്ല. 

എന്നാല്‍ ഇന്റര്‍നെറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സുരക്ഷ കാരണങ്ങളാണ് ഇതിന് വിഘാതമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. 

ഏതായാലും പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍