UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരവൂര്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് എതിരെ ഡിജിപി

അഴിമുഖം പ്രതിനിധി

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ ഭരണകൂടത്തെ വിമര്‍ശിച്ച് ഡിജിപിയുടെ റിപ്പോര്‍ട്ട്. വെടിക്കെട്ട് നിരോധനം സംബന്ധിച്ച് കൃത്യമായ അറിയിപ്പ് പൊലീസിന് ജില്ലാ ഭരണകൂടം നല്‍കിയിരുന്നില്ലെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയില്‍ 33 ഉല്‍സവങ്ങള്‍ അന്നേ ദിവസം നടന്നിരുന്നതിനാല്‍ പൊലീസ് വിന്യാസം ദുഷ്‌കരമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ഡിജിപി ചൂണ്ടികാണിച്ചു.

നേരത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്ക് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരാകട്ടെ ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെ ആഭ്യന്തര സെക്രട്ടറിയെ മറികടന്ന് ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയില്‍ നളിനി നെറ്റോ മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും അതൃപ്തി അറിയിച്ചു.

പ്രതികളെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പരവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

അതേസമയം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി കൊണ്ട് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ചാത്തന്നൂര്‍ എസിപിയും പരവൂര്‍ എസ് ഐയും വെടിക്കെട്ടിനെ അനുകൂലിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.വെടിക്കെട്ട് നടത്തരുതെന്ന് ഏപ്രില്‍ നാലിന് നിര്‍ദ്ദേശം നല്‍കിയ പൊലീസ് നാലുദിവസത്തിനുശേഷം വീണ്ടും നല്‍കിയ റിപ്പോര്‍ട്ടില്‍ മത്സരകമ്പം ഒഴിവാക്കണമെന്ന് മാത്രം നിര്‍ദ്ദേശിച്ചു. മറ്റു സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതുമില്ല. ഈ വാര്‍ത്തയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍