UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്ന സവര്‍ണ ഹിന്ദു പുരുഷനല്ല സ്ത്രീകള്‍ എവിടെ കുളിക്കണമെന്ന്‍ തീരുമാനിക്കേണ്ടത്

രമ്യ കുളപ്പുറം

 

അയ്യപ്പൻമാരുടെ വ്രതശുദ്ധിക്ക് ഭംഗം വരുമെന്ന കാരണത്താൽ യുവതികൾ പമ്പാ സ്നാനം ഒഴിവാക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ ശുദ്ധ വിവരക്കേട് എന്നു പറഞ്ഞ് തള്ളിക്കളയേണ്ടുന്ന ഒന്നല്ല. സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി എന്ന രൂപത്തിൽ തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്. നവോത്ഥാന മുന്നേറ്റങ്ങളിലൂടെ നാം നേടിയെടുത്ത മൂല്യങ്ങളെ ഇത്തരം സനാതന ധർമ പരിപാലനത്തിന്റെ പേരും  പറഞ്ഞ് ചോദ്യം ചെയ്യുകയാണ് ഹിന്ദുത്വയുടെ മുഖംമൂടിയണിഞ്ഞ സവർണ ഹിന്ദു ‘പരിഷ്ക്കർത്താക്കൾ’.
 
ഒരു നദിയും ആരുടേയും സ്വന്തമല്ല, പൊതുസമ്പത്താണ് എന്നിരിക്കെ അതിൽ ഒരു വിഭാഗത്തെ വിലക്കണം എന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഭൂമിയിലെ സകല ജീവജാലങ്ങൾക്കും നദിയിൽ അവകാശമുണ്ടെന്നിരിക്കെ പമ്പ ഹിന്ദുവിന്റെ സ്വകാര്യ സ്വത്ത് എന്ന നിലയിൽ യുവതികളെ തടയും എന്നു പറയാൻ എന്തധികാരമാണ് പ്രയാർ ഗോപാലകൃഷ്ണനുള്ളത്?
 
ഹിന്ദുധർമമനുസരിച്ച് കേരളത്തിലെ പുണ്യനദിയാണ് പമ്പ. പമ്പയിൽ മുങ്ങി നിവരുമ്പോൾ പാപങ്ങൾ തീരുമെന്നാണ് വിശ്വാസം. ശബരിമല തീർത്ഥാടകർ പമ്പയിൽ മുങ്ങിക്കുളിക്കുന്നതും പാപങ്ങൾ കഴുകിക്കളയാനാണ്. മഹാതാപസിയായ മാതംഗ മഹർഷിയുടെ പരിചാരികയായ നീലി എന്ന കാട്ടുപെണ്ണ് കാട്ടിൽ വച്ച് സീതാദേവിയെ അന്വേഷിച്ച് ദു:ഖിതനായി നടന്ന ശ്രീരാമനെ കണ്ടുമുട്ടുകയും അവളുടെ സത്ക്കാരത്തിൽ സംപ്രീതനായ ശ്രീരാമൻ നീലിക്ക് മോക്ഷം നൽകുകയും അവൾ പമ്പയായി മാറ്റുകയും ചെയ്തു. ഇതാണ് പമ്പയുടെ ഉത്ഭവം എന്നാണ് വിശ്വസം. അവളെ അച്ഛനായ സഹ്യനും അമ്മയായ ശബരിയും അനുഗ്രഹിക്കുകയും ചെയ്തതോടെ പാപത്തെ നശിപ്പിക്കാൻ കഴിവുള്ള പാപനാശിനിയായി പമ്പ മാറി എന്നും ഐതിഹ്യം പറയുന്നു. 
 
ഹിന്ദു ഐതിഹ്യ പ്രകാരം പമ്പ തന്നെ ഒരു സ്ത്രീയാണ്. സ്ത്രീയായ പമ്പയിൽ അയ്യപ്പൻമാർക്ക് കുളിക്കാം. യുവതികൾ പമ്പയിൽ കുളിക്കരുത്! അങ്ങനെയാണെങ്കിൽ പമ്പയുടെ ഉത്ഭവം മുതലേ കാവൽ നിൽക്കേണ്ടി വരും, ‘വിശ്വാസത്തിന്റെ ആൾരൂപങ്ങൾ’ക്ക്; ഏതെങ്കിലും വിധത്തിൽ സ്ത്രീ കാരണം പമ്പാ ജലം അശുദ്ധിയാകുന്നുണ്ടോയെന്ന പരിശോധനയ്ക്ക്. പമ്പ സ്വയം പാപനാശിനിയാകയാൽ അതിലിറങ്ങുന്നവരുടെ അശുദ്ധി മാറി ശുദ്ധി ആകും എന്നിരിക്കെ എന്തിനാണ് സ്ത്രീകളെ തടയുന്നത്. സ്ത്രീകൾ മൂലം അശുദ്ധി ഉണ്ടായി എന്ന തോന്നലുണ്ടെങ്കിൽ തന്നെ ഒന്നു മുങ്ങി നിവരുന്നതിലൂടെ ശുദ്ധി ആകാമല്ലോ! കഠിന ബ്രഹ്മചര്യ വ്രതമെടുത്തു വന്നിരിക്കുന്ന വിശ്വാസികളായ അയ്യപ്പൻമാർക്ക് യുവതികൾ കുളിക്കുന്നത് കണ്ടാൽ തന്നെഎന്തു ബുദ്ധിമുട്ടാണു സംഭവിക്കുക!
 
 
തീർത്തും സ്ത്രീവിരുദ്ധമായ ഈ പ്രസ്താവനയെ വിവരക്കേടായും ജല്‍പ്പനമായും തള്ളിക്കളയേണ്ടതല്ല. സ്ത്രീകൾ കാലാകാലങ്ങളായി നേടിയെടുത്ത സ്വാതന്ത്ര്യത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള കടന്നു കയറ്റം എന്ന രീതിയിൽ തന്നെ കാണേണ്ട ഒന്നാണ്. ആത്മീയത എന്നത് പുരുഷന് മാത്രം അവകാശപ്പെട്ടതല്ല. ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമൻമാരാണെന്നിരിക്കെ ദൈവത്തിനില്ലാത്ത ആൺ – പെൺ വിവേചനം സമൂഹത്തിൽ സൃഷ്ടിക്കുന്നത് മതത്തിന്റെയും ആചാരത്തിന്റെയും വക്താക്കളെന്നു സ്വയം അവകാശപ്പെടുന്ന പുരുഷമേധാവിത്വ മനസുള്ളവരാണ്.
 
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇത്തരം പുരുഷമേധാവിത്ത സവർണ ഹിന്ദുക്കൾ നടത്തുന്ന വിവേചനപരമായ നിലപാടുകളോട് കൂട്ടി വായിക്കേണ്ടതാണ് പ്രയാർ ഗോപാലകൃഷ്ണന്റെ ഈ പ്രസ്താവനയും. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം എന്ന പേര് സർക്കാരിന്റെ പോലും അഭിപ്രായം തേടാതെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നു മാറ്റിയ ദേവസ്വം ബോർഡിന്റെ ഉത്തരവിനു പിന്നിലെ ചേതോവികാരവും സ്ത്രീ വിരുദ്ധം തന്നെയാണ്. ഇന്നും ലോകമാകെയുള്ള ശാസ്താ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെങ്കിൽ ശബരിമലയിൽ മാത്രം എന്തുകൊണ്ട് വിലക്ക് എന്ന ചോദ്യത്തിന്റെ പഴുതടക്കാനുള്ള ഒരു ശ്രമം ആയിരുന്നു അത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സന്നിധാനത്ത് പന്തൽ കെട്ടി 12 മണിക്കൂർ ഉപവാസ പ്രാർത്ഥനായജ്ഞം നടത്താൻ നേതൃത്വം നൽകിയ ദേവസ്വം പ്രസിഡണ്ടിന്റെ ഇത്തരം നിലപാടുകൾ സ്ത്രീകളെ പൊതു ഇടങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്ന പഴയ വർണ്ണ വ്യവസ്ഥയുടെ ശബ്ദം എന്ന നിലയിൽ തന്നെ എതിർക്കപ്പെടേണ്ടതാണ്.
 
(പരിയാരം മെഡിക്കൽ കോളേജിലെ അസി .ലൈബ്രെറിയൻ ആണ് ലേഖിക)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  
ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍