UPDATES

വിദേശം

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യ സിക്ക് വനിതയും ആദ്യ തലപ്പാവ് ധാരിയും

ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 12 ആയി. ഇത് റെക്കോഡാണ്

ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ തന്‍മന്‍ജീത് സിംഗ് ദേശി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ തലപ്പാവ് ധാരിയും പ്രീത് കൗര്‍ ഗില്‍ ആദ്യ സിക്ക് വനിതയുമാകുകയാണ്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരും സിക്ക് വംശജരും തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമല്ലെങ്കിലും തലപ്പാവ് ധരിക്കുന്ന സിക്ക് വംശജനും സിക്ക് വംശജയായ സ്ത്രീയും ആദ്യമായാണ് പാര്‍ലമെന്റിലെത്തുന്നത്.

കഴിഞ്ഞ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജരായ 10 എംപിമാരാണ് ഉണ്ടായിരുന്നത്. അഞ്ച് പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരും അഞ്ച് പേര്‍ ലേബര്‍ പാര്‍ട്ടിക്കാരും. ഇവരെല്ലാം ഇക്കുറിയും വിജയം ആവര്‍ത്തിച്ചു. ഇതോടെ ഇത്തവണ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 12 ആയി. ഇത് റെക്കോഡാണ്. അമ്പതിലേറെ ഇന്ത്യന്‍ വംശജരാണ് ഇക്കുറി മത്സരിച്ചത്. ലേബര്‍ പാര്‍ട്ടി പ്രതിനിധികളായാണ് ദേശിയും, ഗില്ലും പാര്‍ലമെന്റിലെത്തുന്നത്. ദേശി സ്ലോഗില്‍ നിന്നും ഗില്‍ ബിര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം മറ്റൊരു തലപ്പാവുധാരിയായ സ്ഥാനാര്‍ത്ഥി കുല്‍ദീപ് സഹോത ടെല്‍ഫോര്‍ഡ് മണ്ഡലത്തില്‍ 720 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഇന്ത്യന്‍വംശജനുമായ കെയ്ത് വാസ് ലീസെസ്റ്റര്‍ ഈസ്റ്റിലെ സീറ്റ് നിലനിര്‍ത്തി. 1987ലാണ് ഇദ്ദേഹം ആദ്യമായി ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരി വലേരി വാസും വല്‍സാല്‍ സൗത്തിലെ തന്റെ സീറ്റ് നിലനിര്‍ത്തിയിട്ടുണ്ട്.

തെരേസ മെയ് സര്‍ക്കാരില്‍ ഏഷ്യവകുപ്പ് മന്ത്രിയായിരുന്ന അലോക് ശര്‍മ്മയും റീഡിംഗ് വെസ്റ്റിലെ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ 2015ലെ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട പൗള്‍ ഉപ്പല്‍ വോള്‍വര്‍ഹാംപ്റ്റണ്‍ സൗത്ത് വെസ്റ്റില്‍ ഇക്കുറിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. അന്താരാഷ്ട്ര വികസന സെക്രട്ടറി പ്രിതി പട്ടേല്‍, റിഷി സുനക്, ഷൈലേഷ് വേര എന്നിവരും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സീറ്റുകള്‍ നിലനിര്‍ത്തി.

ഗോവന്‍ വംശജയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സുവേല ഫെര്‍ണാണ്ടസ് തന്റെ സീറ്റ് നിലനിര്‍ത്തി. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ വിരേന്ദ്ര ശര്‍മ്മ, ലിസ നന്ദി, സീമ മല്‍ഹോത്ര എന്നിവരും സീറ്റുകള്‍ നിലനിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍