UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പീഡിപ്പിച്ചയാളെ കൊണ്ടുതന്നെ വിവാഹം കഴിപ്പിക്കുക; കേരളത്തിലെ ഒരു പഞ്ചായത്തിന്റെ നീതി നടത്തിപ്പ്

Avatar

എയ്ഞ്ചല്‍ മേരി മാത്യു

ദളിത്-ആദിവാസി ജീവിതങ്ങളെക്കുറിച്ച് നാം നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. അതേമയത്തു തന്നെ സമൂഹത്തിന്റെ അരികുകളില്‍ നിന്നുപോലും പുറന്തള്ളപ്പെട്ട മനുഷ്യര്‍ നമുക്ക് മുന്നില്‍ വേട്ടയാടപ്പെടുന്നു. സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാം, നേരിട്ട ദുരന്തവും. പക്ഷേ ഇരകളുടെ വേദന എപ്പോഴും ഒരേപോലെ. ജിഷയ്ക്കുവേണ്ടി മാത്രം ശബ്ദമുയര്‍ത്തിയതുകൊണ്ട് നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നോര്‍മിപ്പിക്കുകയാണ് പത്തനംതിട്ടയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത.

പത്തനംത്തിട്ട മൂഴിയാര്‍ സായിപ്പന്‍ കോളനിയില്‍ മലപ്പണ്ടാരം വിഭാഗത്തില്‍ പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നു. കോളനിയിലെ ചുമതലയുള്ള എസ് ടി പ്രമോട്ടറായ ഒരാളാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് അറിയുന്നു. ഇയാള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കേള്‍ക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനു വിധേയ ആവുകയും അതുവഴി ഗര്‍ഭം ധരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും അതിനു കാരണക്കാരനായ ആള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാതെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുവെന്നതാണ് വിരോധാഭാസം. നിയമവും നീതിയും തെറ്റിച്ചുള്ള ഈ ഒത്തുതീര്‍പ്പ് എന്താണെന്നു വച്ചാല്‍; കുട്ടിയെ പീഡിപ്പിച്ചയാളെ കൊണ്ടു തന്നെ വിവാഹം കഴിപ്പിക്കുക. ശൈശവ വിവാഹത്തിന്റെ പരിധിയില്‍ വരുന്ന ഈ വിവാഹത്തിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പഞ്ചായത്ത് അധികാരികളാണെന്നതാണ് പ്രശ്‌നം കൂടുതല്‍ ഗൗരവമേറിയതാക്കുന്നത്.

ഉള്‍വനപ്രദേശങ്ങളില്‍ താമസിക്കുന്ന മലപ്പണ്ടാരം വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ വിവാഹം കഴിക്കുന്നത് പതിവാണ്. ശൈശവ വിവാഹം നിരോധിച്ചുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങിയതിനുശേഷം കോളനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

പ്രദേശത്ത് ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിക്കവേ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തകരാണ് മഹിളാസമഖ്യയെ വിവരം അറിയിച്ചത്. അവരുടെ നിര്‍ദ്ദേശപ്രകാരം കോളനിയിലെത്തിയ പ്രാഥമിക ആരോഗ്യപ്രവര്‍ത്തകരാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ല ശിശുക്ഷേമസമിതിയുടെ നിര്‍ദ്ദേശപ്രകാരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. മെയ് 24നു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനുശേഷം ശിശുക്ഷേമ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു കേസ് ആയിട്ടുപോലും അതിന്റെ അടിയന്തരസ്വഭാവം മനസിലാക്കി കാര്യക്ഷമമായ അന്വേഷണം നടത്താനോ എന്തിന് ആ പെണ്‍കുട്ടിയെ ചെന്നു കാണാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

ഇതിനിടയില്‍ കഴിഞ്ഞദിവസം കോളനിയിലെത്തിയ പഞ്ചായത്തംഗങ്ങള്‍ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചു തീയതി കുറിച്ചു. വിവാഹത്തിനാവശ്യമായ സഹായങ്ങള്‍ കുടുംബത്തിനു വാഗ്ദാനവും ചെയ്തു. അടുത്തമാസം അഞ്ചിനു വിവാഹം നടത്താനാണ് തീരുമാനം. നിയമത്തിന്റെ വഴിയിലൂടെ കാര്യങ്ങള്‍ നീക്കം ചെയ്യുന്നതിനുപകരം സ്വന്തം തീരുമാനം നടപ്പാക്കാന്‍ പഞ്ചായത്തിനെ പ്രേരിപ്പിച്ചത് എന്താണ്? ഇവിടെ പ്രകടമായത് രാഷ്ട്രീയം തന്നെയാണെന്നാണ് അഭിപ്രായപ്പെടുന്നവരുണ്ട്. വാര്‍ത്തയും വിവാദവുമാക്കാതെ സംഭവം മൂടിവയ്ക്കുക. ആദിവാസി/ ദളിത് വിഭാഗങ്ങള്‍ക്ക് നിരന്തരം പീഡിപ്പിക്കപ്പെടുന്നുവെന്ന അന്തരീക്ഷം നിലനില്‍ക്കുന്നത് മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ ഗുണകരമാവില്ലെന്നു വിശ്വസിക്കുന്നവരാണ് വിവാഹം എന്ന സൂത്രമുപയോഗിച്ച് വലിയൊരു തെറ്റ് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കോളനിയില്‍ സ്ഥിരമായി എത്തുന്ന പ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് തന്നെ വിവാഹിതയായ പെണ്‍കുട്ടിയുടെ മൂത്തസഹോദരിയെ അട്ടത്തോട് പ്രദേശത്ത് നിന്ന് കഴിഞ്ഞ വര്‍ഷം പൊലീസിന്റെ ഇടപെടല്‍ മൂലം രക്ഷിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ശിശുക്ഷേമവകുപ്പിന്റെ ഉത്തരവു പ്രകാരം ഇടുക്കി നിര്‍ഭയ ഹോമില്‍ കഴിയുന്ന ആ പെണ്‍കുട്ടിക്ക് 17 വയസ് ആണെന്നിരിക്കെ ഇളയ സഹോദരി പ്രായപൂര്‍ത്തിയായതാണെന്നവാദം തള്ളിക്കളയുകയാണു മഹിളാസമഖ്യയുടെ ജില്ല കോര്‍ഡിനേറ്റര്‍ ശാലിനി. എസ്.ടി പ്രമോട്ടര്‍ കൂടിയായ യുവാവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന വിവരമടക്കം ചൈല്‍ഡ് ലൈനില്‍ അറിയിച്ചിരുന്നു. എങ്കിലും ബന്ധപ്പെട്ടവര്‍ ആരും തന്നെ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയെ നേരില്‍ കാണാനോ അന്വേഷിക്കാനോ തയ്യാറായിട്ടില്ല. കോളനിയിലെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉത്തരവാദിത്തപ്പെട്ട യുവാവ് തന്നെ ഉള്‍പ്പെട്ട സംഭവത്തെ സമാന്യവത്കരിച്ച് പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് പഞ്ചായത്തിന്റെ ശ്രമമെന്നു ശക്തമായ ആക്ഷേപമുണ്ട്. അന്വേഷണത്തിനു മുന്‍ കയ്യെടുക്കേണ്ട ജില്ല ശിശുസംരക്ഷണ ഓഫീസറോടു സംസാരിച്ചതിനു ശേഷമാണു വിവാഹം നിശ്ചയിച്ചതെന്ന വൈരുദ്ധ്യ നിലപാടാണ് പഞ്ചായത്തിന്റേത്.  ഈ സംഭവം പുറത്തുവന്നിട്ടുപോലും ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനു പോലീസും തയ്യാറിയിട്ടില്ല; ശാലിനി പറയുന്നു.

ഇതേസമയം പെണ്‍കുട്ടിക്ക് പതിനെട്ടു വയസു പൂര്‍ത്തിയാതെന്ന പൂര്‍ണ്ണ ഉറപ്പിലാണ് പഞ്ചായത്ത് അംഗങ്ങള്‍. രണ്ടര വയസുള്ളപ്പോള്‍ 2000ല്‍ കുട്ടിയെ അംഗനവാടിയില്‍ ചേര്‍ത്തതിന്റെയും 2009ല്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളില്‍ അംഗമായതിന്റെയും രേഖകള്‍ പരിശോധിക്കാമെന്ന് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് മേഘ സുരേഷ് വ്യക്തമാക്കുന്നു. കോളനിയിലെ ജീവിത സാമൂഹിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു തങ്ങള്‍ മുന്‍ കയ്യെടുത്തു വിവാഹം നടത്തുന്നെന്നാണ് പഞ്ചായത്തിന്റെ പക്ഷം. ലൈംഗിക അതിക്രമണം നടന്നിട്ടില്ല. ശിശുക്ഷേമസമതിയുടെ അന്വേഷണത്തേയും ബാലവകാശകമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയതിനെയും സ്വാഗതം ചെയ്യുന്നു. രേഖകള്‍ ഹാജരാക്കി പ്രയാപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്ന് തെളിയിക്കും. സ്വാര്‍ത്ഥ രാഷ്ട്രീയതാത്പര്യങ്ങള്‍ ആണ് ആരോപണത്തിന് പിന്നില്‍; പ്രസിഡന്റ് മേഘ സുരേഷ് അഴിമുഖത്തോട് പറഞ്ഞു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരമറിയാനായി ബന്ധപ്പെട്ടപ്പോള്‍ ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥനായ എബിന്‍ പറഞ്ഞത്.

മലപ്പണ്ടാരം വിഭാഗം പിന്തുടരുന്ന ആചാരങ്ങളുടെ മറവില്‍ നിയമപ്രകാരമുള്ള തെറ്റ് മറച്ചു വെയ്ക്കാനുള്ള ശ്രമമാണ് പഞ്ചായത്തിന്റെതെന്ന കടുത്ത ആരോപണമാണ് സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്. പെണ്‍കുട്ടിക്ക് പതിനഞ്ചുവയസ്സിനപ്പുറമോ ഗര്‍ഭിണിയാവനുള്ള ആരോഗ്യമോ ഇല്ലെന്ന് ഉറപ്പാണെന്ന് അവര്‍ പറയുന്നു. 

തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് കോളനി നിവാസികള്‍ ജീവിക്കുന്നതെന്ന് ഭരണസമിതികള്‍ക്കോ അധികാരികള്‍ക്കോ സംശയമില്ല. കോളനിയിലുള്ള പെണ്‍കുട്ടികളില്‍ അധികവും എട്ടിലോ ഒന്‍പതിലോ പഠനം അവസാനിപ്പിച്ചു കോളനയില്‍ തിരിച്ചെത്തുകയാണു പതിവ്. വൈകാതെ തന്നെ ഇവരുടെ വിവാഹം നടക്കുകയും തുടര്‍ന്നു ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഇവരില്‍ ഭൂരിഭാഗത്തിനും തന്നെ പ്രായപൂര്‍ത്തിയായിട്ടുണ്ടാവില്ല. നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാനും ശാരീരിക മാനസിക ഉല്ലാസത്തിനും ബോധവത്കരണത്തിനുമുള്ള വിപുലമായ പ്രവര്‍ത്തങ്ങള്‍ കോളനിയില്‍ നടക്കുന്നെണ്ടെങ്കിലും അടച്ചുറപ്പു തീരെയില്ലാത്ത വീടുകളില്‍ തീര്‍ത്തും അരക്ഷിതാവസ്ഥയിലാണു പെണ്‍കുട്ടികളുടെ താമസം. കോളനിയില്‍ സ്ഥിരമായി വരുന്ന സന്നദ്ധപ്രവര്‍ത്തരോട് പോലും ഇടപെടാന്‍ വിമുഖത കാണിക്കുന്ന ഇവര്‍ ലൈംഗിക ചൂഷണത്തിന്നി വിധേയമാക്കപ്പെടുമ്പോള്‍ പരാതിയുമായി മുന്നോട്ടുവരുമെന്നോ അതിനു തയ്യാറാവുമെന്നൊ കരുതാന്‍ സാധിക്കില്ല. ജില്ലയില്‍ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സെന്ററുകളുടെ അപര്യാപ്തതമൂലം, ശൈശവ വിവാഹങ്ങളെ ആചാരപ്രകാരം ഉഭയസമ്മതത്തോടെ എന്നൊക്കെ കരുതി തള്ളിക്കളയുന്നത് പതിവാണ്. കോളനികളില്‍ പ്രത്യേക ശ്രദ്ധ നല്‍കി എല്ലാപ്രവര്‍ത്തനങ്ങളും നടത്തുന്നു എന്ന് പറയുമ്പോഴും അവിടെയുള്ള ഒരു പെണ്‍കുട്ടിയുടെ വയസ്സ്‌ പോലും കൃത്യമായി പ്രാദേശിക ഭരണകൂടത്തിനു പറയാന്‍ സാധിക്കാത്തത് ഇവര്‍ക്കു നല്‍കുന്ന പരിഗണനയുടെ അപര്യാപ്ത തന്നെയാണ് സൂചിപ്പിക്കുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് എയ്ഞ്ചല്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍