UPDATES

സിനിമ

പ്രേമം; കഥാപട്ടിണിക്കാര്‍ക്കുള്ള മറുപടി

Avatar

സഫിയ ഓ സി

പ്രേമം ആദ്യം കൌതുകപ്പെടുത്തിയത് അതിന്റെ ടൈറ്റില്‍ കൊണ്ടാണ്. സിനിമയുണ്ടായ കാലം മുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പ്രേമം. ആഗോളാടിസ്ഥാനത്തില്‍ തന്നെ. മലയാളത്തില്‍ വിഗതകുമാരനും ജീവിത നൌകയും നീലക്കുയിലും ചെമ്മീനും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രേമകഥകള്‍ സിനിമയായിട്ടുണ്ട്. എന്നിട്ടും എന്തേ പ്രേമം എന്ന പേരില്‍ ഒരു സിനിമ ഇതുവരെ മലയാളത്തില്‍ ഇറങ്ങിയില്ല. ആശ്ചര്യം തന്നെ. യഥാര്‍ഥത്തില്‍ പേരിലെ ഈ സാധാരണത്വം തന്നെയാണ് പ്രേമത്തിന്‍റെ അസാധാരണത്വവും.

യെമണ്ഡന്‍ കഥയില്ല
പിരിവുകളും ഉള്‍പ്പിരിവുകളും ഉള്ള യെമണ്ഡന്‍ കഥ പറയാനല്ല അല്‍ഫോണ്‍സ് പുത്രന്‍ ശ്രമിച്ചത്. ഒരു യുവാവിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങള്‍. മൂന്നു പ്രണയങ്ങള്‍. പ്രത്യേകിച്ച് പരിണാമ ഗുപ്തി ആവിശ്യമില്ലാത്ത ഒരു സാധാരണ കഥ.

യഥാര്‍ഥത്തില്‍ കഥാ ദാരിദ്ര്യം എന്നു നിലവിളിക്കുന്ന വൃദ്ധ ബോധങ്ങള്‍ക്കുള്ള അടിയാണ് ചിത്രം. കഥയല്ല കഥ പറച്ചിലാണ് പ്രധാനം എന്നു പറഞ്ഞുവെക്കുകയാണ് സംവിധായകന്‍. കഥകളും ഉപകഥകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന കുഴമറിച്ചിലുകളിലല്ല അത് സംഭവിക്കുന്ന ഇടത്തിനും സമയത്തിനും വൈകാരിക ഭാവങ്ങള്‍ക്കും കഥാപാത്ര നിര്‍മ്മിതിയിലുമൊക്കെയാണ് സംവിധായകന്‍റെ ശ്രദ്ധ. തന്റെ ആദ്യ ചിത്രമായ നേരത്തിലും സിനിമയെന്ന സമയ കലയുടെ സാധ്യതകള്‍ പുത്രന്‍ നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിലും ചില സ്ക്രീന്‍ എഴുത്തുകളിലൂടെയും പ്രോപ്പര്‍ട്ടികളിലൂടെയും താരതമ്യേന ആയാസ രഹിതമായാണ് കാലചക്രം തിരിക്കുന്നതെങ്കിലും സിനിമയുടെ ദൃശ്യ-ശ്രാവ്യ ഭാഷയുടെ സാധ്യതകള്‍ അനുഭവിപ്പിക്കാന്‍ പ്രേമത്തിന് കഴിയുന്നു എന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം.

ഇതൊരു ആണ്‍ സിനിമ
ജോര്‍ജ്ജ് കുട്ടി എന്ന നായകന്‍റെ പ്രണയ പരീക്ഷകളാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്നു പെണ്‍കുട്ടികളും അവര്‍ അവനില്‍ തീര്‍ക്കുന്ന ഓളങ്ങളുമാണ് ചിത്രീകരിക്കപ്പെടുന്നത്. നായികമാരുടെ എണ്ണക്കൂടുതല്‍ ഉണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും ഒരാണ്‍ സിനിമയാണ്. പെണ്ണുങ്ങളെല്ലാം നായകനില്‍ പ്രണയം ജനിപ്പിക്കുന്ന തോന്നലുകളും. ആണിന് പ്രണയം തോന്നിപ്പിക്കാവുന്ന രൂപപ്പെടുത്തലുകള്‍ അല്ലാതെ മറ്റെന്തെങ്കിലും ഈ സ്ത്രീ പാത്ര നിര്‍മ്മിതിയില്‍ എടുത്തു പറയേണ്ടതുണ്ടെന്നു തോന്നുന്നില്ല. പക്ഷേ ആ നായികമാരുടെ സൃഷ്ടിയേക്കാള്‍ ഉപരി അവരെ അവതരിപ്പിക്കാന്‍ നായികമാരെ തെരഞ്ഞെടുത്തതില്‍ കാണിച്ച ശ്രദ്ധയാണ് കയ്യടി നേടുന്നത്. പ്രത്യേകിച്ചും മുഖക്കുരുവുമായി പ്രത്യക്ഷപ്പെട്ട മലര്‍ എന്ന തമിഴ് പെണ്‍കുട്ടി വ്യവസ്ഥാപിത നായിക സൌന്ദര്യ സങ്കല്‍പ്പത്തെ ചെറുതായൊന്ന് ചൊറിയുന്നുണ്ട്. തെലുങ്കു നര്‍ത്തകി സായ് പല്ലവിയുടെ കയ്യില്‍ മലര്‍ ഭദ്രം. 

ആവര്‍ത്തനങ്ങള്‍, ഗൃഹാതുരതകള്‍
ഏതൊരു മലയാളിപ്പയ്യന്റെയും ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ അതി സാധാരണമായ രീതിയില്‍ ചിത്രീകരിക്കുകയാണ് സംവിധായകന്‍. അതില്‍ ആവര്‍ത്തനങ്ങളും തുടര്‍ച്ചകളും ഉണ്ട്. മുന്‍പ് കണ്ട ചില ചിത്രങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ട്. പിന്നെ എന്നും എപ്പോഴും നൂറു മേനി വിളവു തരുന്ന ഗൃഹാതുരതയുണ്ട്. പൂവാലന്‍മാര്‍ ഒത്തുകൂടുന്ന ചായക്കടയും എസ് ടി ഡി ബൂത്തും പ്രേമിക്കുന്ന സുന്ദരി പെണ്ണിന് പിന്നാലെ സൈക്കിളില്‍ ചുറ്റിയടിക്കുന്നതും പെണ്ണിന്റെ അച്ചനെന്ന ഭീകരനും പ്രേമ ലേഖനമെഴുത്തും തട്ടിന്‍ പുറത്തെ കനപ്പെട്ട ചര്‍ച്ചകളും പിന്നെ 80 കളിലെ മലയാള സിനിമാ നായികയുടെ രൂപ ലാവണ്യത്തോടെ എത്തുന്ന മലരുമൊക്കെ ഈ ഗൃഹാതുരതയുടെ സന്നിവേശനങ്ങളാണ്. പക്ഷേ ഈ ബലഹീനതകളെ സംവിധായകന്‍ മറികടക്കുന്നത് തികച്ചും റിയലിസ്റ്റിക്ക് ആയ അവതരണത്തിലൂടെയാണ്. കണ്ടു ചെടിക്കാത്ത നടീ നടന്മാരെ അവതരിപ്പിച്ചുകൊണ്ടാണ്. ജോര്‍ജ്ജ് കുട്ടിയുടെ കഫേയുടെ പാരപ്പറ്റില്‍ പ്രത്യക്ഷപ്പെടുന്ന അങ്ങാടിക്കുരുവിയും പൂവാലനായ യുവാവ് യാത്ര ചെയ്യുന്ന കുതിരയുമൊക്കെ ഈ കാസ്റ്റിംഗിന്റെ ചില അപൂര്‍വ്വതകളാണ്.

പാട്ടുകളുടെ മേളം
പ്രേമത്തിന്റെ മറ്റൊരു ആകര്‍ഷണം പാട്ടുകളാണ്. ഒരു മ്യൂസിക്കല്‍ എന്ന രീതിയില്‍ പ്രേമത്തെ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമം പരാജയപ്പെട്ടിട്ടില്ല എന്നു തിയറ്ററിലെ പ്രതികരണത്തില്‍ നിന്നു തന്നെ വ്യക്തമാണ്. പാട്ടുകളുടെ ആധിക്യം ഉണ്ടാക്കുന്ന ലാഗ് ഈ ചിത്രത്തെ ബാധിക്കുന്നില്ല. പാട്ടുകളുടെയും പ്രണയ സൌഹൃദ ബന്ധങ്ങളുടെയും കാര്യത്തില്‍ ബാംഗ്ലൂര് ഡേയ്സ് സൃഷ്ടിച്ച ഓളം തിയറ്ററില്‍ ഉണ്ടാക്കാന്‍ പ്രേമത്തിന് കഴിഞ്ഞിരിക്കുന്നു.  ട്രയിലര്‍ ഇറക്കാതെ രണ്ടു പാട്ടുകള്‍ മാത്രം ലോഞ്ച് ചെയ്തു നടത്തിയ പ്രമോഷണല്‍ തന്ത്രം കുറിക്കുക്കൊണ്ടു എന്നു വേണം കരുതാന്‍.

നിവിന്‍ പൊളിയെക്കുറിച്ച്
നിവിന്‍ പോളി എന്ന നടനെക്കുറിച്ച് പറയാതെ ഈ ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ആദ്യകാല മോഹന്‍ ലാലിനെ ധ്വനിപ്പിക്കുന്ന തരത്തില്‍ ഹ്യൂമറും റൊമാന്‍സും കൈകാര്യം ചെയ്യുന്നതോടൊപ്പം താടിയും മീശയുമൊക്കെയായി പരുക്കന്‍ ഭാവത്തിലും പ്രത്യക്ഷപ്പെടാന്‍ നിവിന്‍ പൊളിക്ക് സാധിക്കുന്നുണ്ട്. എല്ലാ വര്‍ഷവും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന സിനിമാ വ്യവസായത്തിന്റെ പ്രിയ നായകനായി നിവിന്‍ പോളി മാറിയിരിക്കുന്നു എന്നതിന് അടിവരയിടുകയാണ് പ്രേമവും. 

പറയാതെ വയ്യ
ജനപ്രിയ ചേരുവകളുടെ മികച്ച പാചകം എന്നു പറയുമ്പോഴും ആ ചിത്ര ശലഭ ക്ലീഷേ ഒഴിവാക്കാമായിരുന്നു. രൂപകങ്ങള്‍ ഉപയോഗിച്ച് അര്‍ഥ വിശദീകരണം നടത്താന്‍ മാത്രം ആഴം പ്രേമത്തിന്നുണ്ടെന്ന് തോന്നുന്നില്ല. ചിന്തിപ്പിക്കാനല്ല പ്രേക്ഷകനെ രസിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ച് എടുക്കപ്പെട്ടിട്ടുള്ള സിനിമയാണല്ലോ ഇത്. അതേ അത് അങ്ങനെത്തന്നെ മാത്രമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍