UPDATES

സിനിമ

സൗഹൃദ പുഴയുടെ തീരത്ത്: പ്രേമം എന്ന കൂട്ടായ്മ

Avatar

ശബരീഷ് വര്‍മ / അഭിമന്യു

പ്രേമത്തില്‍ നായകന്റെ സുഹൃത്തായും അണിയറയില്‍ ഗാനരചയിതാവായും തിളങ്ങിയ ശബരീഷ് വര്‍മ. ആലുവ പുഴയുടെ തീരത്ത് കൂട്ടുകാര്‍ക്കൊപ്പമിരുന്നു സിനിമാ സ്വപ്‌നം കണ്ട നാളുകളെ കുറിച്ച് അന്നു കണ്ട സ്വപ്‌നങ്ങളും കുത്തിക്കുറിച്ച വരികളും കേരളമാകെ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ശബരീഷ് സംസാരിച്ചത്. 

ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ ഓള്‍ റൗണ്ടര്‍ എന്ന് ശബരീഷ് വര്‍മ്മയെ വിശേഷിപ്പിക്കാം. ഒന്നിലധികം റോളുകള്‍ സിനിമയില്‍ ചെയ്യുന്നു. സൗഹൃദമാണ് ശബരീഷിനെയും സിനിമയില്‍ എത്തിച്ചത്. പ്രേമത്തിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവരെല്ലാം സുഹൃത്തുക്കള്‍. പ്രേമത്തില്‍ കോയയെ അവതരിപ്പിച്ച കൃഷ്ണ ശങ്കറിനും, സഹസംവിധായകന്‍ മുഹസിനുമൊപ്പം ആലുവ എംഇഎസ് കോളേജിലായിരുന്നു പഠനം. അവിടെ തന്നെ ഒരു വര്‍ഷം സീനിയറായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. കോളേജില്‍ പഠിക്കുന്ന കാലത്തും കലാരംഗത്ത് സജീവമായിരുന്നു. പാട്ട്, നാടകം, ഡാന്‍സ് തുടങ്ങി എല്ലാ രംഗത്തം കൈവച്ചിട്ടുണ്ട്. സിനിമാ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ എല്ലാവരും ആലുവയിലെ ഗോപൂസ് ടീ ഷോപ്പില്‍ ഒത്തുകൂടുക പതിവായിരുന്നു. കോളേജ് പഠനം കഴിഞ്ഞതോടെ സിനിമ പഠിക്കാന്‍ ചെന്നൈയിലേക്ക് പോയി. അല്‍ഫോണ്‍സ് പുത്രനും കൂടെയുണ്ടായിരുന്നു.

സിനിമ പഠിക്കാന്‍ ചെന്നൈയിലേക്ക്
സൗണ്ട് എന്‍ജിനീയറിങ്ങാണ് ഞാന്‍ പഠിച്ചത്. അല്‍ഫോണ്‍സ് എഡിറ്റിങ്ങും കൃഷ്ണ ശങ്കര്‍ ക്യാമറയും പഠിച്ചു. ഒരു പാട് ഷോര്‍ട്ട് ഫിലിമുകള്‍ ചെന്നൈയില്‍ നിന്നു ചെയ്തു. നേരം ആദ്യം ചെയ്തത് ഷോര്‍ട്ട് ഫിലിമായിട്ടാണ്. അതില്‍ വട്ടിരാജയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നു തമിഴ് സിനിമയിലെ പ്രധാന യുവതാരങ്ങളില്‍ ഒരാളായ വിജയ് സേതുപതിയാണ്. സൗണ്ട് എന്‍ജിനീയറിങ് പഠിച്ച ശേഷം നിരവധി ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. ഡബ്ബിങ് വളരെ ഇഷ്ടമാണ്. വിണ്ണൈതാണ്ടി വരുവായാ, ജിഗര്‍ത്തണ്ട, പിസ തുടങ്ങി നിരവധി ചിത്രങ്ങളുടെ സൗണ്ട് എന്‍ജിനീയറിങ്ങില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അപ്രതീക്ഷിത വിജയമായി പ്രേമം
പ്രേമം ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇത്ര വലിയ വിജയമായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി പ്രേമം മാറിയതില്‍ സന്തോഷമുണ്ട്. പാട്ടും അഭിനയവും നന്നായെന്ന് എല്ലാവരും പറയുന്നു. പ്രേമം ഇറങ്ങിയതോടെയാണ് അറിയപ്പെടുന്ന ഒരാളായതെന്ന് പറയാം. സിനിമയുടെ വിജയത്തില്‍ വളരെ സന്തോഷത്തിലാണ് ഞങ്ങള്‍ എല്ലാവരും. കൂട്ടായ്മയുടെ വിജയം എന്നു വേണമെങ്കില്‍ പ്രേമത്തെ പറയാം.

ഒരു സിനിമയിലെ മൂന്നു റോളുകള്‍
വായനയും എഴുത്തും ചെറുപ്പം മുതലേയുള്ള കൂട്ടുകാരാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനാണ് പാട്ട് എഴുതാന്‍ ആവശ്യപ്പെടുന്നത്. സീന്‍ കോണ്ട്ര എന്ന പാട്ട് സിനിമയ്ക്ക് വേണ്ടി എഴുതിയതല്ല. സംസാരിക്കുന്ന രീതിയില്‍ എഴുതിയപ്പോള്‍ കൊള്ളാമെന്ന് തോന്നി. അല്‍ഫോണ്‍സും മറ്റുള്ളവരും ഇതേ അഭിപ്രായം പറഞ്ഞു. ഇതോടെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. എഴുതി കഴിഞ്ഞാണ് രാജേഷ് ട്യൂണ്‍ തയാറാക്കുന്നത്. എന്നാല്‍ മറ്റുപാട്ടുകളെല്ലാം ട്യൂണ്‍ തയാറാക്കിയ ശേഷമാണ് എഴുതിയത്. ആലുവപ്പുഴയുടെ തീരത്ത് എന്ന പാട്ട് എഴുതി റെക്കോഡ് ചെയ്തപ്പോള്‍ ഇത് ഹിറ്റാകുമെന്ന് എല്ലാവരും പറഞ്ഞു. പതിവായിട്ടവളെ കാണാന്‍ പോകാറുണ്ടേ എന്ന പാട്ട് കഴിഞ്ഞതോടെ ഇതാണ് മികച്ചതെന്നായി അഭിപ്രായം. മലരേ കേട്ടപ്പോഴും അതാണ് മികച്ചതെന്നായി. പാട്ടുകള്‍ ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. ഒന്നുമില്ലെങ്കിലും ഞങ്ങള്‍ കൂട്ടുകാര്‍ക്കെല്ലാം പാട്ട് ഇഷ്ടമായി. ഞങ്ങള്‍ക്കിടയിലെങ്കിലും പാടാമല്ലോ എന്നു കരുതി. പക്ഷേ രണ്ടു കൈയും നീട്ടി പാട്ടുകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. നേരത്തില്‍ പിസ്ത പാട്ട് എഴുതുന്നതും അപ്രതീക്ഷിതമായിട്ടാണ്. ജഗതി പാടുന്ന വരികള്‍ ഇടയ്ക്ക് ഞാനും മൂളി നടക്കുമായിരുന്നു. ഇതു കേട്ട അല്‍ഫോണ്‍സ് പാട്ട് മുഴുവനായി എഴുതാന്‍ ആവശ്യപ്പെട്ടു. സംഗതി കയറി ഹിറ്റാകുകയും ചെയ്തു. അഭിനയവും എഴുത്തുമാണ് ഇഷ്ടമേഖലകള്‍. ഇതു രണ്ടും തുടരാന്‍ തന്നെയാണ് തീരുമാനം.

പാട്ടു കൊണ്ടു ശ്രദ്ധേയമായ പ്രേമം
ട്രെയ്‌ലര്‍ പോലും പുറത്തിറക്കാതെയാണ് പ്രേമം റിലീസാവുന്നത്. പക്ഷേ ഇതിനു മുന്‍പേ പ്രേമം എന്ന സിനിമ മലയാളിയുടെ മനസില്‍ പതിഞ്ഞിരുന്നു. പാട്ടു തന്നെയാണ് ഇതിനു കാരണം. പ്രേമത്തിലെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ ട്രെയ്‌ലറില്ലാത്തത് സഹായിച്ചു. മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് പ്രേമം. എന്നിട്ടും ആദ്യ കാലഘട്ടത്തിലെ കഥാപാത്രങ്ങളെ മാത്രമേ പോസ്റ്ററിലും പാട്ടുകളിലും ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. ബാക്കിയെല്ലാം സസ്‌പെന്‍സായി നിലനിര്‍ത്തി. ഇതു പ്രേക്ഷകര്‍ക്ക് സിനിമ കാണുമ്പോള്‍ പുതിയ ഫീല്‍ ലഭിക്കാന്‍ കാരണമായി. മലര്‍ എന്ന കഥാപാത്രമെല്ലാം ഇതിന് ഉദാഹരമാണ്. കഥാപാത്രങ്ങളുടെ വിവിധ കാലഘട്ടങ്ങളുള്ള ട്രെയ്‌ലര്‍ ഇറക്കിയിരുന്നെങ്കില്‍ പുതുമ നഷ്ടപ്പെടുമായിരുന്നു.

കലാകുടുംബത്തില്‍ നിന്നും
എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ ശബരീഷ് വര്‍മയുടെ കുടുംബവും കലാകാരന്‍മാരുടേതാണ്. എഴുത്തുകാരനാണ് അച്ഛന്‍ പി കെ നന്ദനവര്‍മ, അമ്മ സുലേഖ വര്‍മ വയലിനിസ്റ്റാണ്. സന്ദീപ് വര്‍മയാണ് ഏക സഹോദരന്‍. മോഹന്‍ലാല്‍, ഭരത് ഗോപി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച അക്കരെ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് നന്ദനവര്‍മയാണ്. മൂന്നു കഥാ സമാഹാരവും രണ്ട് കവിതാ സമാഹാരങ്ങളും നന്ദനവര്‍മയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. സൂര്യാ ടിവിക്കു വേണ്ടി ഐതിഹ്യമാല എന്ന സീരിയല്‍ സംവിധാനം ചെയ്യുകയും ചെയ്തു. അമ്മ സുലേഖ വര്‍മ വയലിന്‍ കച്ചേരികള്‍ നടത്തുന്നു.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് അഭിമന്യു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍