UPDATES

സിനിമ

അന്‍വര്‍ റഷീദിനെ പിന്തുണയ്ക്കുന്ന ഒരു ടൊറന്റ് ഫാനിന് പറയാനുള്ളത്

മലയാള സിനിമ വ്യവസായത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായുള്ള ഒരു ഹെജിമണി അവസാനിക്കുന്ന കാലമാണിത്

ഞാന്‍ പൈറസിക്ക് അനുകൂലമാണ്. പൈറസിയുടെ ഉപഭോക്താവാണ്. മൈക്രോസോഫ്റ്റ് മുതല്‍ ഹോളിവുഡ് സിനിമകള്‍ വരെ പൈറസിയിലൂടെ ഉപയോഗിക്കുന്ന ആള്‍. ടോറന്റുകളുടെ ആരാധകന്‍. പക്ഷേ, പ്രേമം സിനിമയെ വ്യാജപതിപ്പുകളെ കുറിച്ചുള്ള അന്‍വര്‍ റഷീദിന്റെ നിലപാടിനോപ്പം നില്‍ക്കുന്നത് ഇത് പൈറസിയുമായി ബന്ധപ്പെട്ട വിവാദമല്ല എന്നത് കൊണ്ടു കൂടിയാണ്.

ലോകത്തൊരു വ്യവസായിയും സക്സസ് ആയ തങ്ങളുടെ ഉത്പന്നം ഫ്രീയായി നല്‍കുന്നത് ഇഷ്ടപ്പെടില്ല. കാരണം, ഒരു ഉത്പന്നത്തിന്റെ വിജയം അങ്ങനെ എളുപ്പം സംഭവിക്കുന്നതല്ല. ഈ വ്യവസായിയുടെ മറ്റൊരു ഉത്പന്നത്തിനുണ്ടായ നഷ്ടം, ലാഭത്തിലായ ഉത്പന്നം ഫ്രീയായി ഉപയോഗിച്ച ഉപഭോക്താവ് വന്ന് നികത്തികൊടുക്കില്ല. അത്തരം സോഷ്യലിസ്റ്റ് കൊടുക്കല്‍ വാങ്ങലുകളിലല്ല വ്യവസായം മുന്നോട്ട് പോകുന്നത്. പക്ഷേ ലോകത്തെവിടെയുമുള്ള കുത്തക വ്യവസായികള്‍, യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മതിയായ വേതനവും നീതിപൂര്‍വ്വമായ അംഗീകാരവും നല്‍കാതെ അമിത ലാഭത്തിനെ മാത്രം ലക്ഷ്യം വച്ച് വിറ്റഴിക്കല്‍ നടത്തുമ്പോള്‍ ഡ്യൂപ്ലിക്കേറ്റുകളും പൈറസികളും നിറയട്ടെ എന്ന് നമ്മള്‍ ആഗ്രഹിക്കും. ദശലക്ഷക്കണക്കിനായ തന്റെ പുസ്തകോപ്പികള്‍ കണക്കില്‍ പെടാതെ പ്രസാധകര്‍ വില്‍ക്കുന്നുണ്ട് എന്നും അതുകൊണ്ട് മറ്റാരെങ്കിലും ഡ്യൂപ്ലിക്കേറ്റ് കോപ്പി ഇറക്കുകയാണെങ്കില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും മലയാളികളുടെ സ്വന്തം മാര്‍ക്കേസ് പറഞ്ഞിട്ടുണ്ട്. പക്ഷേ മാര്‍ക്കേസ് പ്രസാധകനായിരുന്നില്ല, എഴുത്തുകാരനായിരുന്നു എന്നും ഓര്‍ക്കണം.

അവിടെ നിന്ന് അന്‍വര്‍ റഷീദിലേയ്ക്ക് വരിക. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി, കേരളകഫേയിലെ ബ്രിഡ്ജ്, ഉസ്താദ് ഹോട്ടല്‍, അഞ്ചു സുന്ദരികളിലെ ആമി എന്നീ സിനിമകളുടെ സംവിധായകന്‍. മലയാളസിനിമ പരീക്ഷയാണെങ്കില്‍ അതിലെ ഒന്നാം റാങ്കുകാരന്‍ എന്ന് മറ്റൊരു സംവിധായകന്‍ വിശേഷിപ്പിച്ച ആള്‍. അന്‍വര്‍ റഷീദടക്കമുള്ള സിനിമ സംവിധായകര്‍ -ആര്‍ട്ടിസ്റ്റുകളല്ല- നിര്‍മ്മാണത്തിലേയ്ക്ക് തിരിഞ്ഞതില്‍ മറ്റൊരു കാരണം കൂടിയുണ്ട്. അതിന് കാരണം ലാഭക്കൊതിയല്ല, പരമ്പരാഗത നിര്‍മ്മാതാക്കളുമായുള്ള ഏറ്റുമുട്ടലുകളിലെ മനംമടുക്കലാണ്. ഒരു കാലത്തെ മലയാള സിനിമ സംവിധായകരൊക്കെ ഒന്നിന് പിറകെ ഒന്നായി ഹാര്‍ട്ട് അറ്റാക്കായി മരിച്ചുപോയതിന് കാരണം മറ്റൊന്നല്ലെന്ന് പകുതി തമാശയായി ആദ്യ സിനിമകള്‍ക്ക് ശേഷം ഈ കൂട്ടര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഓരോ സിനിമകഴിയുമ്പോഴും ആയുസിലെ അഞ്ചുവര്‍ഷം വീതം തീരുന്നുണ്ടാകുമെന്നും. ഏറ്റവും കുറച്ച് പണം മുടക്കുക, താരങ്ങള്‍ക്ക് മാത്രം പ്രതിഫലം നല്‍കുക, മറ്റുള്ളവര്‍ക്ക് എത്രയും കുറച്ചും എത്രയും വൈകിച്ചും എത്രയും തവണകളായും നല്‍കുക, എന്തിലും കോമ്പ്രമൈസ് ചെയ്യുക, മാക്‌സിമം വരുമാനം ഉണ്ടാക്കുക, കഴിയുന്നത്ര കുറവ് ലാഭം മാത്രം കടലാസുകളില്‍ കാണിക്കുക, അതുവഴി കള്ളപ്പണം കുമിഞ്ഞു കൂട്ടുക… ഇതൊക്കെയാണ് സിനിമാ രംഗത്തെ നടപ്പ് രീതി.

അന്‍വര്‍ റഷീദ്; എന്തുകൊണ്ടും ഈ കയ്യടികള്‍ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ

ഇത് പറ്റില്ലെന്ന് കണ്ട്, ഒരോ സംവിധായകരായി നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു. അവരുടെ നല്ലപേരില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറുള്ള സുഹൃത്തുക്കളുടെയോ മറ്റോ പിന്തുണയില്‍. അന്‍വര്‍ റഷീദ് ആദ്യം നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് വിജയമായപ്പോള്‍ എന്നാല്‍ കുറച്ച് വസ്തുവഹകള്‍ വാങ്ങിയിട്ട് ഭാവി ഭദ്രമാക്കുകയോ, അച്ചാര്‍-ഓഹരി-ആസ്പത്രി കച്ചവടം ആരംഭിക്കുകയോ അല്ല ചെയ്തത്, മറിച്ച് അടുത്ത സിനിമയിലേയ്ക്ക് ഇന്‍വെസ്റ്റ് ചെയ്യുകയായിരുന്നു. കൃത്യമായി കോടികള്‍ ടാക്‌സടച്ച്, കൂടെ വര്‍ക്ക് ചെയ്ത ഒരോരുത്തര്‍ക്കും മാന്യമായ പ്രതിഫലം നല്‍കി, സിനിമയുടെ വിജയത്തിന്റെ ഭാഗമായ സംവിധായികയ്ക്ക് ലാഭത്തിന്റെ പകുതിയോളം, (യെസ് പകുതിയോളം, ആരെങ്കിലും കേട്ടിട്ടുണ്ടോ മുമ്പ് അങ്ങയൊന്ന് സംഭവിച്ചിട്ടുള്ളത്?) നല്‍കിയായിരുന്നു അന്‍വര്‍ റഷീദ് എന്റ്റൈര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനി മുന്നോട്ട് പോയത്. പ്രേമത്തിലെത്തുമ്പോഴും അതു തന്നെ. ഇരുപത് വര്‍ഷത്തോളമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഇതല്ലാതെ മറ്റൊരു തൊഴിലും ചെയ്യാനറിയില്ലാത്ത, സാമൂഹ്യ-സാമ്പത്തിക പിന്തുണകളൊന്നുമില്ലാതെ ഒരാള്‍ ഒരു എന്റര്‍റ്റൈയ്ന്‍മെന്റ് ബിസിനസിന്റെ ഭാഗമാകുമ്പോള്‍ സംഭവിക്കുന്ന ഒരു മാറ്റമുണ്ട്. അത് ഇത് മാന്യമായി നടത്തിയാലും ലാഭമുണ്ടാകുന്ന ഒന്നാണ് എന്നുള്ള തിരിച്ചറിവില്‍ നിന്നുണ്ടാകുന്ന നടപടികളാണ്. ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നവരും ഈ ബിസിനസിന്റെ പങ്കാളികളാണ് എന്നുള്ള തിരിച്ചറിവില്‍ നിന്നുള്ള കച്ചവടം.

ആരും ഇക്കാലത്ത് ടൊറന്റ് വിപ്ലവത്തിന് എതിരല്ല. അതുകൊണ്ട് തന്നെ സിനിമയില്‍ ഡിവിഡി റൈറ്റ്‌സ് എന്ന കച്ചവടം അവസാനിച്ചു. കാസറ്റ്, ഓഡിയോ സിഡി പൂട്ടിയ അതേ വേഗത്തില്‍. സിനിമയിറങ്ങി മൂന്ന് മാസം കഴിയുമ്പോള്‍ ആര്‍ക്കെങ്കിലും ദയനീയമായ വിലയ്ക്ക് ഡിവിഡി റൈറ്റ്‌സ് വില്‍ക്കും. അവര്‍ അത് മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ തന്നെ ടൊറന്റെത്തും. ഞാനടക്കമെല്ലാവരും ഡൗണ്‍ലോഡും. കാണും. ചിലപ്പോള്‍ ഇതെന്തായിരുന്നു തീയറ്റെറില്‍ ഹിറ്റാകാത്തത് എന്നത്ഭുതപ്പെടും. ഞാനൊക്കെ തീയേറ്ററില്‍ പോയി കാണാന്‍ മെനക്കെടാത്തതുകൊണ്ട്, എന്നുള്ള ലളിതമായ ഉത്തരം അപ്പോള്‍ ഓര്‍മ്മവരില്ല. പ്രേമം പോലുള്ള, ഹിറ്റുകളുടെ ക്യാമറപ്രിന്റുകളും എത്തും. പക്ഷേ ടൊറന്റ് ഉപഭോക്താക്കളും ഇക്കാലത്ത് ക്വാളിറ്റി ഡ്രിവണ്‍ ആയത് കൊണ്ട് അതൊക്കെ ഡെസ്പരേറ്റ് -കഥയറിയാന്‍ സിനിമകാണല്‍ രോഗികള്‍- കക്ഷികള്‍ മാത്രമാകും ഡൗണ്‍ലോഡുക. ഇതാണ് നാട്ടുനടപ്പ്.

പക്ഷേ, ഇവിടെ നടന്നത് ഇതൊന്നുമല്ല. സിനിമ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സെന്‍സറിങ്ങിനയച്ച കോപ്പിയില്‍ നിന്നുള്ള വ്യാജന്‍സ് കേരളത്തിലുടനീളം പ്രചരിക്കുന്നു. അത് ടൊറന്റ് ആയി നെറ്റുലകത്തിലും പിസികളിലും തത്തിക്കളിക്കുകയല്ല, നല്ല ശൊങ്കന്‍ ഡി.വി.ഡികളായി കടകളിലിരിക്കുന്നു. കപ്രശ്ശേരി എന്ന എന്റെ ഗ്രാമപ്രദേശത്ത് നിന്ന് അമ്മ കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞു, അയല്‍പ്പക്കത്താരോ സിഡിയില്‍ ഇത് കണ്ടതായി പറഞ്ഞു എന്ന്- സാധാരണഗതിയില്‍ ടൊറന്റ് എത്താത്ത സ്ഥലമാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ പോയിട്ട് മൊബൈല്‍ കണക്ഷന്‍ പോലും ദുര്‍ബലമായ മേഖല. അത്രമാത്രം പ്രചാരം നേടിയിട്ടുണ്ട്. ഇത് പ്രചരിക്കാന്‍ കാരണം ഇതിന്റെ ക്വാളിറ്റി തന്നെയാണ്. നിര്‍മ്മാതാവിനെ സംബന്ധിച്ചിടത്തോളം അത് അയാളുടെ ലാഭത്തിലുണ്ടാകുന്ന കുറവ് തന്നെയാണ്. പ്രത്യേകിച്ചും ഠ വട്ടത്തില്‍ മാത്രം ബിസിനസുള്ള കേരളത്തില്‍. സിനിമയിറങ്ങിയ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തിനകത്തെ തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നതിന്റെ വിഹിതം മാത്രമാണ് നിര്‍മ്മാതാക്കളുടെ കാര്യമായ ലാഭം. തമിഴ്‌, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് സിനിമ വ്യവസായമല്ല മലയാളത്തിലുള്ളത്. അത് മനസിലാകണമെങ്കില്‍ ഒരു മറാത്തിയിലോ മറ്റോ സിനിമയെടുക്കുന്നവരോട് സംസാരിക്കണം.

അപ്പോള്‍ എന്തുകൊണ്ട് അന്‍വര്‍ റഷീദിനെ പോലെ -സിനിമയുടെ പിറകിലല്ലാതെ, മാധ്യമങ്ങളിലൊന്നും കാണാത്ത -ഒരു നിര്‍മ്മാതാവ്, സംവിധായകന്‍ പെട്ടന്ന് പ്രകോപിതനായി? അത് എവിടെ നിന്നാകാം ഇത്തരത്തിലൊരു കോപ്പി പ്രചരിക്കപ്പെട്ടത് എന്നതിന്റെ സാധ്യതകള്‍ തന്നെയാകാം ഇതിന് പിന്നില്‍. നിലവില്‍ പ്രചരിക്കുന്ന സെന്‍സറിങ് കോപ്പി സെന്‍സര്‍ ബോര്‍ഡടക്കം മൂന്നിടത്ത് നിന്നു മാത്രമാണ് ലീക്ക് ചെയ്യാനിട എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു. സെന്‍സര്‍ ബോര്‍ഡല്ലാത്ത രണ്ടിടങ്ങളിലൊന്ന് പ്രിയദര്‍ശന്റെ ഫോര്‍ ഫ്രെയിംസും നേരത്തേ മോഹല്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന, ഇപ്പോള്‍ മോഹല്‍ലാലും സോഹന്‍ റോയിയും ചില വിദേശ സ്ഥാപങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന, ബി.ഉണ്ണികൃഷ്ണന്‍ മേല്‍നോട്ടം വഹിക്കുന്ന വിസ്മയ സിനിമാക്‌സുമാണിത്. ഇവിടെ നിന്ന് കോപ്പി പുറത്തു പോയതിനെ കുറിച്ച് ആരോട് പരാതി പറയണം? ബി.ഉണ്ണികൃഷ്ണന്‍ അടക്കുമുള്ളവരോട് തന്നെ. വിഷ്യസ് സര്‍ക്കിള്‍ എന്ന് പറയുന്നത് ഇതിനെ കുറിച്ചാണ്. വിജയുടെ പുതിയ തമിഴ് സിനിമയുടെ ട്രൈയ്‌ലറിന്റേയോ റ്റീസറിന്റേയോ മറ്റോ ക്യാമറ കോപ്പി അപ്‌ലോഡ് ചെയ്തു എന്ന കുറ്റത്തിന് ഒരു പയ്യനെ കൊടുംകുറ്റവാളിയെ പോലെ അറസ്റ്റു ചെയ്തുകൊണ്ടു പോകുന്നതിന്റെ ദൃശ്യം കഴിഞ്ഞ ദിവസം കണ്ടിരുന്നു. അതുമായി ഇതിനെ കൂട്ടിവായിക്കണം. ആ ദൃശ്യത്തില്‍ സൂപ്പര്‍ പോലീസായി കാണപ്പെട്ട പ്രിയദര്‍ശന്‍ അടക്കമുള്ളവര്‍ക്ക് നേരയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. അതുകൊണ്ടാണ് ‘മമ്മൂട്ടി-മോഹല്‍ലാല്‍-ദിലീപ് ചിത്രങ്ങളോ പ്രിയദര്‍ശന്‍-ഷാജി കൈലാസ്-ബി.ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളോ ആണ് ഇത്തരത്തില്‍ ഹിറ്റായിരിക്കുന്ന സമയത്ത് വ്യാജ ഡിവിഡികളായി കടത്തിണ്ണയില്‍ കിടന്നിരുന്നതെങ്കില്‍ നിങ്ങളുടെ പ്രതികരണം ഇതായിരിക്കുമോ’ എന്ന് കുറേയധികം പേര്‍ അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ് ബുക്കില്‍ ഇട്ട ചോദ്യം പ്രസക്തമാകുന്നത്. അന്‍വറിനെ എതിര്‍ക്കുന്നവര്‍ ഇപ്പോള്‍ മനസിലോര്‍ക്കുന്നത് ‘പിന്നെ പ്രേമത്തിന്റെ പൈറേറ്റ് ഉണ്ടാക്കിയവരേയും ഇങ്ങനെ അറസ്റ്റ് ചെയ്തുകൊണ്ടു പോകണമായിരുന്നോ’ എന്നാകും. ഇതുവരെ വായിച്ചിട്ട് അതാണ് മനസിലായതെങ്കില്‍ എന്റെ തെറ്റ്.

എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്

മലയാള സിനിമ വ്യവസായത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായുള്ള ഒരു ഹെജിമണി അവസാനിക്കുന്ന കാലമാണിത്. സൂപ്പര്‍താര പദവിയില്‍ മുതല്‍ കുത്തകകച്ചവടങ്ങള്‍ക്ക് വരെ ഇളക്കം തട്ടുന്നു. ഇതോടെ സോഷ്യലിസം വരുകയാണെന്നൊന്നുമില്ല. ഒരു പക്ഷേ പുതിയൊരു ഹെജിമണിയായിരിക്കും വരുന്നത്. പക്ഷേ മലയാള സിനിമ മാറുക തന്നെയാണ്, കഴിഞ്ഞ നാലഞ്ചു കൊല്ലമായിട്ട് പ്രത്യേകിച്ചും. പഴയ പ്രതാപികളുടെ സിനിമകളെ കണ്ണടച്ച് സ്വീകരിക്കാത്ത ഒരു തലമുറയാണ് ഇപ്പോഴത്തെ പ്രേക്ഷകര്‍. ഏതൊരു പ്രൊഫഷണിലും അനിവാര്യമായ ഒരു റിട്ടയര്‍മെന്റ് കാലത്തിലാണ് പഴയ പ്രതാപികള്‍. രണ്ട് മാര്‍ഗ്ഗങ്ങളാണ് അവര്‍ സിനിമ ലോകത്തുള്ള അവരുടെ പിടി വിടാതിരിക്കാന്‍ ഉപയോഗിക്കുന്നത്. ഒന്ന്-സിനിമ സംഘടനകളുടെ നേതൃത്വം. രണ്ട്-പഴയ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ പോലെ ഏതു കടത്തിണ്ണയിലും ആരംഭിക്കുന്ന ഫിലിം സ്‌ക്കൂളുടെ മേധാവിത്വം. രണ്ടിനും ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ല. കുടംബ സ്വത്തുപോലെ വച്ചനുഭവിക്കാനുള്ളതാണ് സംഘടനകള്‍. എതിര്‍ ശബ്ദങ്ങളെ എല്ലാം വിലക്കുകള്‍ കൊണ്ട് ഇല്ലാതാക്കുന്ന ഫ്യൂഡല്‍ നേതൃത്വമാണ് ഇവരാസ്വദിക്കുന്നത്. തീര്‍ച്ചയായും നീരസമുണ്ടാക്കുന്നതാണ് പ്രേമത്തിന്റെ വിജയവും അതിന് പിന്നിലൂടെ മലയാളത്തില്‍ ശക്തമായ വേരുകളുറപ്പിക്കുന്ന ഒരു ജെനറേഷനും. അന്‍വറും അല്‍ഫോണണ്‍സും അമല്‍ ആന്‍ഡ് അന്‍വര്‍ റിലീസും എല്ലാം ഈ പ്രതാപികള്‍ക്ക് തുടര്‍ന്നും പ്രതാപികളായിരിക്കാന്‍ തടസമാണ്. അതുകൊണ്ട് തന്നെ ദുരൂഹസാഹചര്യത്തില്‍ സെന്‍സറിങ് കോപ്പി ലീക്കാകലും അതിനോട് സംഘടനാ നേതൃത്വം പുലര്‍ത്തിവന്ന അതിനേക്കാള്‍ ദുരൂഹമായ മൗനവും ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവരിക എന്ന അന്‍വര്‍ റഷീദിന്റെ നീക്കം അതീവ ഗൗരവമേറിയ ഒരു ഇടപെടലാണ്.

ആദ്യം വാര്‍ത്ത നല്‍കിയതാര് എന്ന തര്‍ക്കിക്കുന്ന മാധ്യമ സമൂഹത്തിനും ഒരോ ആശയങ്ങളുടെയും മൗലികതയുടെ പേരില്‍ വാദിക്കുന്ന അക്കാദമിക് സമൂഹത്തിനുമിടയിലാണ് ഞാന്‍ ജീവിക്കുന്നത്. സ്വന്തം പ്രൊഡക്റ്റുകളോട് ഓരോരുത്തര്‍ക്കുമുള്ള പൊസസീവ്‌നെസ് ദിനംപ്രതിയോളം കാണുന്നുമുണ്ട്. തന്റെ ജീവിതത്തിലെ ആദ്യ പൂര്‍ണ്ണ സാമ്പത്തിക വിജയത്തെ തകര്‍ക്കാനുള്ള ഒരു ഗൂഢാലോചന ഒരു മലയാള സിനിമ നിര്‍മ്മാതാവ് കാണുന്നുണ്ടെങ്കില്‍, അതേ കുറിച്ച് പ്രതികരിക്കുന്നുണ്ടെങ്കില്‍ അതിന്റേതായ അര്‍ത്ഥത്തില്‍ മനസിലാക്കണം. പൈറേറ്റിനെതിരെ നീയും, കഷ്ടം, അന്‍വറേ എന്ന് പരിഹാസത്തിന് മുമ്പ് ലേശം വിശാലഹൃദയത്വം ആകാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍