UPDATES

സിനിമ

മമ്മൂട്ടിയെ പിന്തള്ളാന്‍ നിവിന്‍ പോളി; മലയാള സിനിമയ്ക്ക് ഇതു നല്ലകാലം

Avatar

അഴിമുഖം പ്രതിനിധി

നേടിയ വിജയത്തേക്കാള്‍ ഉയര്‍ത്തിയ വിവാദങ്ങളായിരുന്നു 2015 ലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചലച്ചിത്രമായി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം മാറാന്‍ കാരണം. പ്രണയവും ഗൃഹാതുരതയും ആണ്‍പോരിമയും നിറഞ്ഞു നിന്ന സിനിമയിലെ കഥാപാത്രങ്ങളെ അനുകരിക്കാനും അതിലെ രീതികള്‍ പരീക്ഷിച്ചുനോക്കാനുമൊക്കെ കേരളത്തിലെ ഒരു വിഭാഗം യുവത്വം ശ്രമിച്ചത്, വലിയ വിമര്‍ശനങ്ങള്‍ക്കും രണ്ടഭിപ്രായമുള്ള ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ കവര്‍ന്നെടുത്ത സംഭവത്തിലേക്കു വരെ പ്രേമത്തിന്റെ പേര് ചേര്‍ക്കപ്പെട്ടതോടെ ഈ ചിത്രം സമീപകാലത്തൊന്നും ഉണ്ടാക്കാത്ത ചര്‍ച്ചയായി മാറി.

ഒരു മാസത്തോളം നിറഞ്ഞു നിന്ന പ്രേമം എഫക്ട്, പിന്നാലെ വന്ന സിനിമകള്‍ നേടിയ വിജയത്തോടെ മലയാളത്തില്‍ നിന്നും പിന്‍വലിഞ്ഞുപോയി. ഇതിനിടയില്‍ ചിത്രം 200 ദിവസം പിന്നിട്ടത് സോഷ്യല്‍ മീഡിയയില്‍, ചിത്രത്തിന്റെ പ്രചാരകര്‍ മാത്രം കൊണ്ടാടുകയും ബാക്കിയുള്ളവര്‍ തങ്ങള്‍ക്കുണ്ടായ സാംസ്‌കാരികമായ എതിര്‍പ്പുകള്‍ തുടരുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ മലയാളത്തില്‍ നില്‍ക്കുമ്പോഴാണ് പ്രേമം അതിനെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കുന്നത്. അതും കേരളത്തില്‍ നിന്നല്ല, തമിഴ്‌നാട്ടില്‍ നിന്ന്. ചെന്നൈ എസ്‌കേപ് സിനിമാസില്‍ 230 ാം ദിവസമാണ് ഈ മലയാള ചിത്രം പ്രദര്‍ശനം നടത്തുന്നത്. 200 ദിവസം പിന്നിട്ടതും 222 ാം ദിവസത്തെ ഷോ കാണാന്‍ നിവിന്‍ പോളി വന്നതുമൊക്കെ ഏതാനും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ നമ്മള്‍ മലയാളികള്‍ സന്തോഷത്തോടെയും ഗൗരവത്തോടെയും കാണേണ്ട മറ്റൊരു നേട്ടമാണ് പ്രേമത്തിനുണ്ടായിരിക്കുന്നത്. അത് മലയാള സിനിമയ്ക്ക് അന്യഭാഷകളില്‍ കിട്ടുന്ന സ്വീകാര്യതയുടെ വര്‍ദ്ധനവാണ്. 

ഒരു കാലഘട്ടത്തില്‍ നമുക്കിതിനേക്കാള്‍ വലിയ സ്വീകാര്യതയും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയക്ക് അന്യഭാഷ പ്രേക്ഷകര്‍ക്കിടയില്‍ തീരെ മാര്‍ക്കറ്റ് ഇല്ലായിരുന്നു. ഇതേ സമയത്ത് ഹിന്ദി,തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും കോടികളാണ് ഉണ്ടാക്കിയിരുന്നത്. ചെറുഗ്രാമങ്ങളില്‍ പോലും അന്യഭാഷ നായകന്മാര്‍ക്ക് ഫാന്‍സ് അസോസിയേഷനുകളുണ്ട്. മലയാള ചിത്രത്തേക്കാള്‍ കൂടുതല്‍ തിയേറ്ററുകള്‍ അന്യഭാഷ സിനിമകള്‍ക്ക് ലഭിക്കുന്നു, നമ്മുടെ സിനിമകള്‍ എടുത്തുമാറ്റി തമിഴ്, തെലുങ്കു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായി. കേരളം ഇതരഭാഷാ സിനിമകളുടെ ഏറ്റവും ലാഭകരമായ മാര്‍ക്കറ്റായി മാറി. കച്ചവടമായാലും കലയായാലും അതു പാകമായി ചേര്‍ത്ത് നിര്‍മിക്കാന്‍ കഴിവില്ലാതെ പോകുന്ന സിനിമകളായിരുന്നു ഇത്തരമൊരു ദുര്‍ഗതിയിലേക്ക് മലയാള ചലച്ചിത്ര വ്യവസായത്തെ കൊണ്ടെത്തിച്ചത്. 

പ്രേമം എന്ന സിനിമ വീണ്ടുമൊരു സംസാര വിഷയമാകുന്നതും ഈ വിഷമാവസ്ഥയ്ക്ക് മാറ്റം വരുന്നു എന്നിടത്താണ്. തമിഴ്‌നാട്ടില്‍ ഒരു മലയാളചിത്രം 230 ദിവസമായി പ്രദര്‍ശനം നടത്തുന്നു എന്നത് നിസ്സാരകാര്യമല്ല. നിലവിലെ അവസ്ഥയനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ നിവിന്‍ പോളി പിന്നിലാക്കും. മദ്രാസ് സഫയറില്‍ 250 ലേറെ ദിവസങ്ങള്‍ പ്രദര്‍ശനം നടത്തി ചരിത്രമിട്ട ഒരു സിബിഐ ഡയറിക്കുറിപ്പിനെ പിന്നിലാക്കാന്‍ നിവിന്‍ പോളി ചിത്രത്തിനു കഴിയും എന്നു തന്നെയാണ് ചെന്നൈയില്‍ നിന്നുള്ള വിവരം. ഒരുപക്ഷേ മലയാളത്തില്‍ ഉണ്ടായതിനേക്കാള്‍ ആവേശം തമിഴ് യുവത പ്രേമത്തിനോട് കാണിക്കുന്നുണ്ട്. മൂന്നുകാലഘട്ടങ്ങളിലൂടെ പറഞ്ഞൊരു പ്രണയകഥ ആസ്വദിക്കാന്‍ വിധകാലഘട്ടങ്ങളില്‍ യുവത്വം ആഘോഷിച്ചവര്‍ക്കു സാധിച്ചു എന്നതായിരുന്നു കേരളത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ തന്ത്രം വിജയിക്കാന്‍ കാരണം. നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിവിധ പ്രായങ്ങളിലെ പ്രകടനങ്ങള്‍ അതാതു കാലങ്ങള്‍ ജീവിതത്തില്‍ അസ്വദിച്ചവരിലേക്കും/ ആസ്വദിക്കുന്നവരിലേക്കും സിനിമ കൃത്യമായി പകര്‍ന്നുകൊടുത്തു(അതുപക്ഷേ അളവുകൂടിയ നിലയിലായിപ്പോയി എന്നിടത്തായിരുന്നു സിനിമ വിമര്‍ശനങ്ങള്‍ നേരിട്ടതും). 

കേരളത്തില്‍ പ്രേമത്തിന്റെ വിമര്‍ശകരില്‍ ഒരു വിഭാഗം പറഞ്ഞത്, കോളേജ് കാലത്തിലെ ജോര്‍ജിന്റെയും കൂട്ടരുടെയും പ്രകടനങ്ങള്‍ തികച്ചും സംസ്‌കാരശൂന്യവും സംവിധായകന്റെ വികലമായ ഭാവനകളുമാണെന്നാണ്. അതേസമയം തമിഴനാട്ടില്‍ നിന്നും അങ്ങനെയുള്ള വിമര്‍ശനങ്ങളും തന്നെ പ്രേമത്തിനെതിരെ ഉണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയം. നിസാരമായ കാര്യങ്ങളില്‍ പോലും വൈകാരികമായി പ്രതികരിക്കുന്നവരാണ് തമിഴ് പ്രേക്ഷകര്‍. പ്രത്യേകിച്ച് സദാചാരപരമായ വിഷയങ്ങളില്‍. ശങ്കര്‍ ചിത്രമായ ബോയ്‌സ് തമിഴ്‌നാട്ടില്‍ തിരിച്ചടി നേരിട്ടതിനൊരു കാരണം അതിലെ യുവത്വം സദാചാരനിയമങ്ങള്‍ ലംഘിക്കുന്നതായി ഉയര്‍ന്ന ആരോപണങ്ങളും പ്രതിഷേധങ്ങളുമാണ്. സാമി എന്ന വിക്രം ചിത്രത്തിലെ ‘കല്യാണം താന്‍ കെട്ടിക്കിട്ട് ഓടിപോലാമാ..’ എന്ന ഗാനത്തിനെതിരെ പോലും ശക്തമായ പ്രതിഷേധം ഉയര്‍ന്ന നാട്ടില്‍ എന്തുകൊണ്ട് അധ്യാപിക-വിദ്യാര്‍ത്ഥി പ്രണയം ചോദ്യം ചെയ്യപ്പെട്ടില്ല എന്നത് മലയാളത്തിലെ വിമര്‍ശകര്‍ ചിന്തിക്കേണ്ടതുണ്ട്.

പ്രേമം ആവിഷ്‌കരിക്കുന്ന കലാലയാന്തരീക്ഷം തങ്ങള്‍ക്ക് അത്ര പരിചയമുള്ളതല്ലായെന്നും അതിനാല്‍ തന്നെ അതാസ്വദിക്കുകയാണ് തങ്ങളെന്നും ചെന്നൈ യുവാക്കള്‍ പറയുന്നു. സിനിമയുടെ സൗന്ദര്യത്തിനും മേക്കിംഗിനും അഭിനേതാക്കള്‍ക്കും അതിലെല്ലാമുപരി ഒട്ടും സിനിമാറ്റിക് അല്ലാത്ത അവതരണത്തിനുമാണ് തമിഴ് പ്രേക്ഷകര്‍ മാര്‍ക്ക് നല്‍കുന്നത്. എങ്ങനെയൊരു തമിഴ് ചിത്രം തങ്ങളാസ്വദിക്കുന്നുവോ അതേപോലെ തന്നെ പ്രേമം എന്ന മലയാള സിനിമയും ആസ്വദിക്കാന്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രേമത്തിന് തമിഴ് റീമേക്ക് വേണ്ടെന്ന ആവശ്യവും അവിടെ നിന്നുയരുന്നത്. സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്തിയായിരിക്കും അതിന്റെ റീമേക്ക് ഉണ്ടാവുക. ഏതൊരു സൃഷ്ടിക്കും അതിന്റെ ഒറിജിനലില്‍ നിന്നു കിട്ടുന്ന അതേ ഫീല്‍ പകര്‍പ്പുകളിലൂടെ ഉണ്ടാക്കാന്‍ കഴിയില്ല.

പ്രേമം എങ്ങനെ ഒരു മുഴുനീള മലയാള ചിത്രമാണെന്നു പറയാന്‍ സാധിക്കും? ചെന്നൈയില്‍ നിന്നുള്ള ഒരു സുഹൃത്ത് ചോദിക്കുന്നു. അതിലെ പ്രധാന കഥാപാത്രം ഒരു തമിഴ്‌സ്ത്രീയല്ലേ..ധാരാളം തമിഴ് ഡയലോഗുകള്‍.. പലപ്പോഴും ഇതൊരു മലയാളം സിനിമയാണെന്നുപോലും മറന്നുപോകുന്ന തരത്തില്‍ ഞങ്ങളിത് ആസ്വദിച്ചു; ആ സുഹൃത്ത് പറയുന്നു.

സിനിമ ആസ്വദിക്കുന്നതിന് ഇപ്പോള്‍ ഭാഷ തടസ്സമല്ലാതായി മാറിയിരിക്കുന്നു എന്നതാണ് പ്രേമത്തിന്റെ വിജയം കാണിക്കുന്നത്. റീമേക്കുകളുടെ എണ്ണം കുറഞ്ഞുവരികയും അതാതു ഭാഷകളില്‍ ഇറങ്ങിയ സിനിമകള്‍ മൊഴിമാറിയല്ലാതെ തന്നെ ആസ്വാദിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാവുകയുമാണ്. തമിഴ് സിനിമകള്‍ മലയാളത്തില്‍ ഹിറ്റാകുന്നത് അതു മലയാളത്തിലേക്ക് മൊഴിമാറിയല്ല. ഈ പ്രവണത ഇപ്പോള്‍ തമിഴിലും വന്നു തുടങ്ങിയിരിക്കുന്നു. ഒരു സിബിഐ ഡയറിക്കുറുപ്പ് 250 ദിവസത്തിലേറെ തമിഴ് ഡബ്ബിംഗ് ആയിട്ടായിരുന്നെങ്കില്‍ പ്രേമം ആ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുന്നത് ഒരു മലയാള ചിത്രമായി തന്നെയാണ്. ഈ വ്യത്യാസം ശ്രദ്ധേയമാണ്. മൊഴിമാറ്റത്തെയോ റീമേക്കിനെയോ തമിഴ് പ്രേക്ഷകര്‍ ഇപ്പോള്‍ അംഗീകരിക്കുന്നുമില്ല എന്നതുമാണ് വാസ്തവം. സമീപകാലത്ത് തമിഴ്‌നാട്ടില്‍ ശ്രദ്ധനേടിയ മലയാള ചിത്രങ്ങളുടെ എണ്ണം ശ്രദ്ധിച്ചാല്‍ തന്നെ അതു മനസിലാകും. ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രം നൂറുദിവസത്തിലേറെയാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്. പ്രേമത്തിനു പിന്നാലെ വന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന പൃഥ്വിരാജ് ചിത്രവും ഇവിടെ ഏറെ ശ്രദ്ധ നേടി. ട്രാഫിക്, 22 ഫീമെയ്ല്‍ കോട്ടയം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഷട്ടര്‍ എന്നീ ചിത്രങ്ങളുടെ റീമേക്കുകളും തമിഴില്‍ വിജയിച്ച ചിത്രങ്ങളാണ്. പക്ഷേ ഇവയുടെ റീമേക്കുകളെ സ്വീകരിച്ചപ്പോള്‍ പോലും അതിലേറെ ആളുകള്‍ ഇവയുടെയെല്ലാം ഒറിജിനല്‍ രൂപം കണ്ടിട്ടുണ്ട് എന്നതാണ് വിരോധാഭാസം. ഭാഷ മാത്രമല്ല മാറുന്നത് പലപ്പോഴും പ്രമേയവും അതിന്റെ അവതരണവുമെല്ലാം വ്യത്യാസപ്പെടുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും ഈ ചിത്രങ്ങള്‍ പുതുരൂപം പൂണ്ടെത്തുന്നത്. അതിനോടുള്ള വിയോജിപ്പാണ് പ്രേമവും ദൃശ്യവും എന്നു നിന്റെ മൊയ്തീനുമെല്ലാം നേടിയ വിജയത്തിലൂടെ ഉണ്ടായിരിക്കുന്നത്. സിനിമ നല്ലതാണെങ്കില്‍ അതില്‍ ഭാഷ തടസമാകുന്നില്ല. പോരാത്തതിന് ഇപ്പോള്‍ എല്ലാ ചിത്രങ്ങള്‍ക്കും സബ്‌ടൈറ്റിലുകളുമുണ്ട്.

ചെന്നൈയില്‍ നിന്നുണ്ടാകുന്ന വിവരമനുസരിച്ച് ഇനിയും നല്ല മലയാളം സിനിമകള്‍ മൊഴിമാറ്റമോ റീമേക്കോ ഇല്ലാതെ തന്നെ തമിഴ്‌നാട്ടില്‍ വിജയം നേടുമെന്നാണ്. അതിനു കിട്ടിയിരിക്കുന്ന ഉറപ്പാണ് പ്രേമത്തിന്റെ ഈ മഹാവിജയം. അതിനാല്‍, മലയാള സിനിമയ്ക്കുണ്ടായിരിക്കുന്ന മുന്നേറ്റമായി വേണം പ്രേമത്തിന്റെ വിജയം ആഘോഷിക്കേണ്ടതും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍