UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

അപര്‍ണ്ണ

സിനിമ

കാല്‍പനികമല്ല പ്രേമം

അപര്‍ണ്ണ

ആലുവാപ്പുഴ ആയിരം പാദസരങ്ങള്‍ കിലുക്കി പണ്ടേ ഒഴുകി എങ്കിലും യുട്യുബില്‍ ഹിറ്റായ ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടും സിനിമാ പേരുമാണ് ഇറങ്ങും മുന്നേ പ്രേമത്തെ ജനകീയമാക്കിയത്. നേരം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തനായ അല്‍ഫോന്‍സ് പുത്രനും നിവിന്‍ പോളിയിലുള്ള വിശ്വാസവും പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായി പ്രേമത്തെ മാറ്റി.

ആ പാട്ടും പ്രേമം എന്ന പേരും സിനിമയുടെ ത്രെഡും തമ്മില്‍ വലിയ ബന്ധം ഒന്നുമില്ല. നിവിന്‍ പോളിയുടെ ജോര്‍ജിന്റെ കൗമാരം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് സിനിമയുടെ ത്രെഡ്. 2000ല്‍ ആണ് സിനിമ തുടങ്ങുന്നത്. പ്ലസ്ടുക്കാരി ആയ മേരിയും പ്രീഡിഗ്രിക്കാരനായ ജോര്‍ജും തമ്മിലുള്ള പ്രേമം നമ്മള്‍ കണ്ട പാട്ടിന്റെയും പരസ്യങ്ങളുടെയും വിപുലീകരണം തന്നെയാണ്. ഈ ഭാഗം നല്ല ഒഴുക്കും ഒതുക്കവും ഉള്ള ഒന്നായി തന്നെ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിച്ചിരിക്കുന്നു. ചിരിക്കാനും കൗതുകപ്പെടാനും ഉള്ള കുറെ കൗമാരക്കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് ഈ ഘട്ടം. പ്രീഡിഗ്രിയുടെ അവസാന തലമുറയും പ്ലസ് ടു വിന്റെ ആദ്യ തലമുറയും പുതിയ നൂറ്റാണ്ട് തുടങ്ങുന്ന ആ കാലവും ഒക്കെ ഈ ഭാഗത്ത് നിറഞ്ഞു നില്‍ക്കുന്നു.

രണ്ടാം ഘട്ടത്തില്‍ ജോര്‍ജും കൂട്ടൂകാരും കോളേജില്‍ എത്തുന്നു. തല്ലുണ്ടാക്കുന്ന, മീശ പിരിക്കുന്ന, ക്ലാസ്സില്‍ ഇരുന്നു കള്ള് കുടിക്കുന്ന പതിവ് കാഴ്ചയായി ഇവിടെയും നായകന്‍. ക്യാമ്പസ് പശ്ചാത്തലം ഉള്ള മറ്റനേകം ഇന്ത്യന്‍ സിനിമകളെ പോലെ റാഗിംഗ് എന്ന ക്രൈമിനെ തമാശ രൂപത്തില്‍ അവതരിപ്പിക്കുന്ന രംഗങ്ങള്‍ പ്രേമത്തിലും ഉണ്ട്. ഈ ഘട്ടത്തില്‍ സജീവ സാനിധ്യമായ മലര്‍ എന്ന സുന്ദരി തമിഴത്തി ടീച്ചര്‍ ചാമരത്തിലെയും നക്ഷത്രകൂടാരത്തിലെയും കാമുകിയുടെയും മേ ഹൂ ന യിലെയും ഹാപ്പി ഡയസ് ലെയും ‘സെക്‌സി’ ബിംബത്തിന്റെയും ഇടക്ക് എവിടെയോ നില്‍ക്കുന്ന കഥാപാത്രം ആണ്. സംഭവബഹുലമായ കുറെ രംഗങ്ങള്‍ ഉണ്ടെങ്കിലും വലിച്ചു നീട്ടലുകള്‍ രണ്ടാം ഘട്ടത്തില്‍ മുഴച്ചു നില്‍ക്കുന്നു.

നായകന്റെ പാകത എത്തിയ മുപ്പതുകളെ അടയാളപ്പെടുത്തുന്ന മൂന്നാം ഘട്ടം തരാതമ്യേന ചെറുതാണ്. ‘ജീവിതത്തിലെ നല്ല നേരങ്ങളെയും ചീത്ത നേരങ്ങളെയും’ പറ്റി മുന്‍സിനിമയില്‍ സംവിധായകന് ഉണ്ടായിരുന്ന കാഴ്ച്ചപാടുകള്‍ ഈ ഘട്ടത്തില്‍ നിഴലിക്കുന്നത് കാണാം. നേരത്തിലും പ്രേമത്തിലും ഉള്ള അതി ലാഘവത മറ നീക്കി മുഴുവനായി പുറത്തു വരുന്ന ഘട്ടവും ഇതാണ്.

പ്രേമത്തിന്റെ കാല്‍പനികതയെ തകര്‍ത്ത് നിത്യ ജീവിതത്തിനിടയില്‍ സംഭവിക്കുന്ന, മറ്റു ബന്ധങ്ങളെ പോലെ സ്വാഭാവികമായ ഒന്നായി അവതരിപ്പിക്കാനുള്ള ശ്രമം ആണ് സിനിമ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതി ലാഘവത്വവും നിസ്സാരവത്കരണങ്ങളും ചിലപ്പോഴൊക്കെ ഒതുക്കമില്ലായ്മ ഉണ്ടാക്കുന്നു. ഒരാളുടെ അത്രയൊന്നും സങ്കീര്‍ണ്ണം അല്ലാത്ത ജീവിതത്തെയും സിനിമയാക്കാം എന്ന ആശയത്തെ അവതരിപ്പിക്കാനുള്ള ചിതറിപ്പോയ ശ്രമവും സിനിമയില്‍ ഉണ്ട്. നിലനില്‍ക്കുന്ന ക്യാമറ കാഴ്ചകളെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ‘നേര’ത്തില്‍ അടക്കം നിരവധി പുതിയ മലയാള സിനിമകളില്‍ കണ്ട ഒന്നാണ്. നായകന് സസ്‌പെന്‍ഷന്‍ കിട്ടി, പ്രീ ഡിഗ്രി തോറ്റു എന്നൊക്കെ സ്‌ക്രീനില്‍ എഴുതികാട്ടുന്നതും പുതുമ ഉണ്ടാക്കാതെ ആയിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രതീക്ഷകളെ തെറ്റിക്കാതെ തന്നെ അഭിനയിച്ചു നിവിന്‍ പോളി. സന്ദര്‍ഭോചിതമായി പാട്ടുകളെ അവതരിപ്പിച്ചിരിക്കുന്നു. മേരിക്കും സെലിനും ഒന്നും നല്ല കഴ്ചയാവുക എന്നതില്‍ കവിഞ്ഞു കാര്യമായി ഒന്നും ചെയ്യാനില്ല. മലര്‍ ആയി എത്തിയ തെലുങ്ക് നര്‍ത്തകി സായി പല്ലവി ഒരു ഫീല്‍. ഗുഡ് സാനിധ്യമായി നിറഞ്ഞു നില്‍ക്കുന്നു. മേരി ആയി എത്തിയ അനുപമ ഇതിനോടകം തന്നെ പലരുടെയും ഫെയ്‌സ്ബുക് പ്രൊഫൈല്‍ ചിത്രവും മൊബൈല്‍ വാള്‍പേപ്പറും ഒക്കെ ആയിട്ടുണ്ട്.

നിവിന്‍ പോളി ജീവിതത്തിലെ വിവിധ കാലങ്ങളെ അവതരിപ്പിച്ച 1983, ഓം ശാന്തി ഓശാന എന്നീ ഹിറ്റ് സിനിമകള്‍ക്ക് വലിയ പഴക്കമില്ലത്തത് ഈ സിനിമയെ പ്രതികൂലമായി ബാധിച്ചേക്കാം. 15 കൊല്ലം മുന്നത്തെ കാഴ്ചകള്‍ സംവിധായകന്‍ യുക്തിക്ക് നിരക്കുംവിധം അവതരിപ്പിച്ചെങ്കിലും മറ്റു രണ്ടു നിവിന്‍ പോളി ചിത്രങ്ങളുടെ ഓര്‍മ്മകള്‍ അല്‍ഫോന്‍സ് പുത്രന് പാരയാകും എന്നുറപ്പാണ്.

അലറുന്ന നായകന് പകരം മനുഷ്യനെ പോലെ കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരാളാണ് പ്രേമത്തിലെ ജോര്‍ജ്. നായികയുടെ ഉടല്‍ വടിവുകളിലേക്ക് ക്യാമറ വല്ലാതെ നീണ്ടിട്ടില്ല. പ്രേമം ഒരിക്കല്‍ മാത്രം, ഒരാളോട് മാത്രം എന്നൊക്കെയുള്ള സങ്കല്പങ്ങളെ പൊളിച്ചെഴുതുന്നു എന്നതാണ് സിനിമ നല്‍കുന്ന മറ്റൊരു പുതുമ. രണ്ടു പേര്‍ പ്രണയിക്കുമ്പോഴോ അനുരാഗത്തിലാകുമ്പോഴോ ഇല്ലാത്ത സ്വാഭാവികതയുണ്ട് രണ്ടു പേര്‍ പ്രേമത്തിലാകുമ്പോള്‍. അതെ സ്വാഭാവികതയിലാണ് സൂര്യനും സമയത്തിനും നന്ദി പറഞ്ഞുള്ള സിനിമയുടെ തുടക്കവും. പക്ഷെ ആ സ്വാഭാവികത പലപ്പോഴും പിന്നീടു കൈമോശം വരുന്ന കാഴ്ച ആകുമ്പോഴും ബോക്‌സ് ഓഫീസില്‍ ചലനങ്ങള്‍ ഉണ്ടാക്കിയ സമീപകാല ഹിറ്റ്കളെക്കാള്‍ കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് പ്രേമം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍