UPDATES

സിനിമ

പ്രേമം സിനിമയെക്കുറിച്ചുള്ള പൊല്ലാപ്പ്; സത്യം മൂടിവയ്ക്കാനുള്ള തമ്മില്‍തല്ല്

”വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലേ?”

‘പ്രേമം’ സിനിമ പൈറേറ്റ് ചെയ്തതിന് പിടിക്കപ്പെട്ട ടീനേജ് പിള്ളേര്‍ ഇന്ന് പാടേണ്ട വരികള്‍ അയ്യപ്പപണിക്കര്‍ പണ്ടു പാടി എന്നേയുള്ളു. Piracy, Plagiarism എന്നൊക്കെ പറഞ്ഞാല്‍ മോഷണം എന്നുതന്നെയാണര്‍ത്ഥം. കലാരംഗത്തുള്ള മോഷണമായതുകൊണ്ട് ആലങ്കാരിക ഭാഷ ഉപയോഗിച്ചുവെന്നേയുള്ളു. ഈ മോഷണത്തെക്കുറിച്ചാണ് കഴിഞ്ഞ കുറേനാളുകളായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചലച്ചിത്രരംഗത്തുള്ളവര്‍ പരസ്പരം പഴിചാരുന്നത്. പൈറസി സെല്‍ അന്വേഷണത്തില്‍ നിറഞ്ഞാടുന്നത്. അതേ, മലയാള സിനിമയില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച്.

ഏതു മോഷണവും മോഷണവസ്തുവിന്റെ ഉടമയ്ക്ക് നഷ്ടം വരുത്തും. മോഷ്ടാവിന് നൂറുശതമാനവും ലാഭമാണ്. റിസ്‌ക് ഉണ്ട് എന്നത് വേറെ കാര്യം. ഏതു മോഷണവും കള്ളനെ സംബന്ധിച്ച്  ക്രിയേറ്റിവിറ്റി ആണ്. ഓരോ മോഷ്ടാവിനും സ്വന്തം സ്റ്റൈല്‍ ഉണ്ട്. രജനി സ്റ്റൈല്‍, മമ്മൂട്ടി സ്റ്റൈല്‍, വിജയ് സ്റ്റൈല്‍ എന്നൊക്കെ പറയുന്നതുപോലെ.

പ്രേമം സിനിമ പൈറേറ്റ് ചെയ്തതിലൂടെ മോഷണവസ്തു ഉടമയുടെ കൈയ്യില്‍ നിന്നും തീര്‍ത്തും ഇല്ലാതാകുന്നില്ല. ഉടമയ്ക്ക് തീയേറ്ററുകളില്‍ നിന്ന് കളക്ഷന്‍ ഇപ്പോഴും കിട്ടുന്നുണ്ട്. പക്ഷെ, പൈറേറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ കളക്ഷന്‍ ഒരു സര്‍വ്വകാല റെക്കോര്‍ഡ് ആകുമായിരുന്നു. മുടക്കുമുതലിനപ്പുറമുള്ള ലാഭം ഗംഭീരമായ ശേഷവും ലാഭവിഹിതത്തിന്റെ തോത് കുറഞ്ഞു പോകുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. അതാണ് സിനിമാ വ്യവസായം ഇതാ നശിക്കാന്‍ പോകുന്നു എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.

ലാഭവിഹിതത്തില്‍ കുറവുവന്നാല്‍, അല്ലെങ്കില്‍ ലഭ്യമാകാന്‍ സാധ്യതയുള്ള ലാഭം മുഴുവന്‍ ലഭ്യമാകാതെ വന്നാല്‍, ഏത് മുതലാളിയ്ക്കും വിഷമമുണ്ടാകും. അതു സത്യമാണെങ്കില്‍, നമ്മളൊക്കെ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ വിന്‍ഡോസ് നമ്മളിലെത്രപേരാണ് പണം മുടക്കി വാങ്ങിയിട്ടുള്ളത്? അയ്യായിരമോ ആറായിരമോ രൂപവരും വിന്‍ഡോസ് സോഫ്റ്റ്‌വെയറിന്. ഈ കേരളത്തില്‍ തന്നെ വിന്‍ഡോസിന്റെ എത്രലക്ഷം plagiarised  കോപ്പികളാണ് നമ്മുടെയൊക്കെ കമ്പ്യൂട്ടറുകളില്‍ കിടക്കുന്നത്? അതൊക്കെ പിടിച്ചെടുക്കാന്‍, നിയമപരമായി, മൈക്രോസോഫ്റ്റ് കമ്പനിയ്ക്ക് അവകാശമുണ്ട്. അവര്‍ അതിന് തുനിഞ്ഞു എന്നിരിക്കട്ടെ. കേരളത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ  പകുതിയെങ്കിലും കുറ്റവാളികളെ പാര്‍പ്പിക്കാനുള്ള ജയിലറകളാക്കി മാറ്റേണ്ടിവരില്ലേ?

വിദേശരാജ്യങ്ങളിലെ വന്‍കിട മരുന്നുകമ്പനികള്‍ ഗവേഷണം ചെയ്ത്, പരീക്ഷണം നടത്തി, വിജയിപ്പിച്ചെടുക്കുന്ന മരുന്നുകളുടെ മൂലകം വേര്‍തിരിച്ചെടുത്ത് എത്ര പെട്ടെന്നാണ് നമ്മുടെ നാട്ടിലെ കമ്പനികള്‍ അതേ മരുന്ന് വേറെ രൂപത്തിലും പേരിലും ഇറക്കുന്നത്? അതെല്ലാം നമ്മുടെ സര്‍ക്കാര്‍ ആസ്പത്രികളിലും മറ്റും വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്നില്ലേ? അവിടെയെല്ലാം ഈ മുതല്‍ മുടക്കുന്നവന്റെ വേദന ആരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

ഇനി അതൊക്കെ വലിയ അന്താരാഷ്ട്രമാനങ്ങളുള്ള കാര്യമാണെന്നു സമാധാനിച്ചിട്ട് പ്രേമം സിനിമയുടെ പൈറസിയെക്കുറിച്ചു മാത്രമാണ് ചര്‍ച്ചയെങ്കിലോ?

ജിത്തു ജോസഫ് എന്ന സംവിധായകന്‍ പറഞ്ഞത് (മനോരമ ചാനല്‍), രണ്ടുലക്ഷം പേര്‍ pirated version ഡൗണ്‍ ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണം എന്നാണ് (ശിക്ഷ അഞ്ച് വര്‍ഷം വരെ തടവാണ്). മുന്‍ കെ എസ് എഫ് ഡി സി ചെയര്‍മാന്‍ സാബു ചെറിയാന്‍ പറഞ്ഞത് (മനോരമ ചാനല്‍) അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം കൊടുക്കരുതെന്നാണ്. കൊലക്കേസില്‍ പോലും പ്രതിയ്ക്ക് ജാമ്യം കൊടുക്കണമെന്ന് നാട്ടില്‍ നിയമമുള്ളപ്പോഴാണ്, pirated version  കണ്ട രണ്ടു ലക്ഷം പേര്‍ക്ക് ജാമ്യം നിഷേധിക്കണമെന്ന ആവശ്യവുമായി സിനിമാ പ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത്.

പൈറസി അനുവദിക്കില്ല എന്ന് സിനിമ മന്ത്രി തിരുവഞ്ചൂരും പൈറസി സിനിമാ നിര്‍മ്മാതാവിനെയും സിനിമ വ്യവസായത്തെയും തകര്‍ക്കുമെന്ന് ‘പ്രേമ’ത്തിലെ നായകന്‍ നിവിന്‍ പോളിയും പറയുന്നു. രണ്ടുപേരും പറയുന്നത് സിനിമാ വ്യവസായത്തെ കുറിച്ചാണ്. അത് നന്നായി. സിനിമ എന്ന കലാരൂപത്തെക്കുറിച്ച് ചര്‍ച്ച കൊഴുപ്പിച്ച സിനിമാ പ്രവര്‍ത്തകരോ മാധ്യമങ്ങളോ ഒന്നും പറയുന്നില്ല. ഒരു പക്ഷേ, അതിന്റെ ആവശ്യമില്ല. ഒരു കലാരൂപമെന്ന നിലയില്‍ മലയാള സിനിമയുടെ മരണവും സഞ്ചയനവും പുലകുടി അടിയന്തിരവുമൊക്കെ എന്നേ നടന്നുകഴിഞ്ഞു. അതിനു ചുക്കാന്‍ പിടിച്ചവരോ, ആ മരണം ആഘോഷിച്ചവരോ, അങ്ങനെ ഒരു മരണം നടന്ന കാര്യം അറിയാത്തവരോ ആണ് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

അതുകൊണ്ട്, തല്‍ക്കാലം കലയുടെ കാര്യം വേണ്ട. കച്ചവടത്തിന്റെ കാര്യം ചര്‍ച്ച ചെയ്താല്‍ മതി. പക്ഷെ, കച്ചവടത്തിന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അത് കച്ചവടത്തിന്റെ ഭാഷയിലായിരിക്കണം. കച്ചവടത്തിന്റെ ഭാഷ മുതല്‍മുടക്കിന്റെയും ലാഭത്തിന്റെയും നഷ്ടത്തിന്റെയുമൊക്കെയാണ്. അതില്‍ ധാര്‍മ്മികതയ്ക്ക് യാതൊരു സ്ഥാനവുമില്ല. (ക്ഷാമം വരുമ്പോള്‍ അവശ്യസാധനങ്ങള്‍ പോലും പൂഴ്ത്തിവച്ച് വന്‍വിലയ്ക്ക് വില്‍ക്കുന്ന കച്ചവടക്കാരന് എന്ത് ധാര്‍മ്മികത?) മലയാള സിനിമ ഒരു വ്യവസായം മാത്രമായ സ്ഥിതിയ്ക്ക് സിനിമ സംഘടനകള്‍ പിരിച്ചുവിട്ട് സിനിമാക്കാര്‍ ഒന്നടങ്കം വ്യാപാരി -വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളാകുകയാണ് വേണ്ടത്.

കച്ചവടത്തിന്റെ ഭാഷയില്‍ സംസാരിച്ചാല്‍ ‘പ്രേമം’ സിനിമയുടെ പൈറസി എങ്ങനെയാണ് സിനിമാ വ്യവസായത്തെ തകര്‍ക്കുന്നത്? അഞ്ച് കോടി മുതല്‍ മുടക്കുള്ള സിനിമ ഇതിനകം 35 കോടി കളക്ട് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. അതായത്, മുതല്‍മുടക്കിന്റെ ഏഴിരട്ടി ലാഭം. അപ്പോള്‍ പിന്നെ, പൈറസി എങ്ങനെയാണ് നിര്‍മ്മാതാവിനെയും വ്യവസായത്തെയും തകര്‍ക്കുന്നത്? മുതല്‍മുടക്കിന്റെ ഏഴിരട്ടി ലാഭം നേടിയ ഒരു നിര്‍മ്മാതാവിന്റെ ലാഭത്തിന്മേലുള്ള നഷ്ടത്തെക്കുറിച്ചാണ് ഈ ചര്‍ച്ചകള്‍ മുഴുവന്‍ നടക്കുന്നത് എന്ന് ഓര്‍ക്കണം.

അപ്പോള്‍, മുതല്‍മുടക്കുപോലും തിരിച്ചുകിട്ടാത്ത നിര്‍മ്മാതാക്കളുടെ നഷ്ടമോ? ഈ വര്‍ഷം പുറത്തിറങ്ങിയ അന്‍പതിലേറെ ചിത്രങ്ങളില്‍ അഞ്ചോ ആറോ സിനിമയ്ക്കാണ് ലാഭം കിട്ടിയത്. ബാക്കിയുള്ളവയൊക്കെ നഷ്ടക്കച്ചവടങ്ങളായിരുന്നു. കഴിഞ്ഞ അഞ്ച് കൊല്ലത്തെ മാത്രം സിനിമാ വ്യവസായത്തിന്‌റെ നഷ്ടം 300 കോടിയിലേറെ വരുമെന്നാണ് കണക്ക്. നമ്മുടെ കെ എസ് ആര്‍ ടി സി പോലെ കട്ടപ്പുറത്തിരിക്കുന്ന സിനിമാ വ്യവസായത്തിലെ ഒരു നിര്‍മ്മാതാവിന് തന്റെ വന്‍ലാഭത്തിലുണ്ടായ ഇടിച്ചില്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുമെന്നു പറയുന്നത് അദാനിക്കു വിഴിഞ്ഞം തുറമുഖം തീറെഴുതി കൊടുത്തില്ലെങ്കില്‍ കേരളത്തിന്റെ വികസനം അവസാനിക്കും എന്നു പറയുന്നതുപോലെയാണ്.

നഷ്ടമായ സിനിമകളെക്കുറിച്ചോ അവരുടെ നഷ്ടത്തെക്കുറിച്ചോ ഇന്നുവരെയെങ്കിലും ഒരു ചര്‍ച്ചയെങ്കിലും നടന്നിട്ടുണ്ടോ? മുതല്‍മുടക്ക് തിരിച്ചുകിട്ടിയില്ലേല്‍ പോലും ഒരു നിര്‍മ്മാതാവും വീണ്ടും പടംപിടിയ്ക്കാതിരിക്കില്ല. അതിനു കാരണം സിനിമയുടെ ഗ്ലാമര്‍ ആണ്. (ഒ വി വിജയനെ അറിയുന്നതിനേക്കാള്‍ എത്രയോ ഇരട്ടി മലയാളികള്‍ക്ക് പ്രിയദര്‍ശനെ അറിയാം!) എന്നിട്ടും എന്തേ ഇരുപതോ മുപ്പതോ കൊല്ലങ്ങളായി സിനിമ നിര്‍മ്മാണം നടത്തുന്ന ഒറ്റ നിര്‍മ്മാതാവുപോലും മലയാളത്തില്‍ ഇല്ലാതായിപ്പോയി? ആരായിരുന്നു അവരെ ഒക്കെ നിര്‍ധനരാക്കി മാറ്റിയത്? മൂന്നേ കാല്‍ കോടി മലയാളികള്‍ മാത്രം കാണാന്‍ സാധ്യതയുള്ള മലയാള സിനിമയുടെ  നിര്‍മ്മാണച്ചിലവ് എങ്ങനെ അഞ്ചു പത്തും കോടി രൂപയായി? സൂപ്പര്‍ സ്റ്റാറുകളുടെ റേറ്റ് എങ്ങനെ, എന്തിന്, രണ്ടും മൂന്നും കോടി രൂപയായി? അവര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പൊട്ടി പാളീസാകുമ്പോള്‍, അതിന്റെ നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുമ്പോള്‍, ഈ താരങ്ങളുടെ റേറ്റുകള്‍ മാത്രമെന്തേ താഴേയ്ക്കു വരാത്തത്? പടം വിജയിച്ചാല്‍ അതു താരത്തിന്റെ ഗുണം കൊണ്ടും, പടം പൊട്ടിയാല്‍ അത് താരമൊഴിച്ച് ബാക്കിയുള്ളവരുടെ കഴിവുകേട് കൊണ്ടും എന്ന ആപ്തവാക്യം എങ്ങനെയാണ് സിനിമാലോകത്ത് വ്യാപകമായത്?

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ കടന്നുവന്ന വഴിയില്‍ അവര്‍ തകര്‍ത്തെറിഞ്ഞ നിര്‍മ്മാതാക്കളെക്കുറിച്ചാണ് പറഞ്ഞത്. പുതിയ സൂപ്പര്‍താരമാകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന നിവിന്‍ പോളി ഇക്കാര്യങ്ങളെക്കുറിച്ചുകൂടി ‘മലയാള മനോരമ’യില്‍ എഴുതുമോ? (‘ഒരു വടക്കന്‍ സെല്‍ഫി’യുടെയും ‘പ്രേമ’ത്തിന്റെയും വന്‍വിജയത്തോടെ നിവിന്‍ പോളി തന്റെ റേറ്റ് കുത്തനെ ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.)

ആരാണ് ഈ പൈറേറ്റ് ചെയ്ത ചിത്രങ്ങള്‍ കാണുന്നത്? ഒരു പക്ഷേ, എല്ലാ തീയേറ്ററുകളിലും ഒരേ സമയം ചിത്രം റിലീസ് ചെയ്താല്‍ ആരെങ്കിലും മൊബൈലിലോ കമ്പ്യൂട്ടറിലോ സിനിമ കാണാന്‍ താല്‍പ്പര്യപ്പെടുമോ? ടിക്കറ്റിന്റെ നൂറു രൂപയൊന്നും വാസ്തവത്തില്‍, മലയാളിക്ക് ഒരു പ്രശ്‌നമല്ല. പണമില്ലാത്തവനല്ല, പൈറേറ്റ് ചെയ്ത സിനിമ ഇന്റര്‍നെറ്റിലൂടെ  ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത്. അല്ലെങ്കില്‍ത്തന്നെ, 120-150 രൂപയ്ക്ക് ചിക്കന്‍ ഫ്രൈ ആഴ്ചയില്‍ നാലെണ്ണമെങ്കിലും അകത്താക്കുന്ന, ബാറുമുതലാളിമാരെ കോടീശ്വരന്‍മാരാക്കി വളര്‍ത്തുന്ന, മലയാളിക്ക് നൂറുരൂപ ഒന്നുമല്ല. പക്ഷെ, വൈഡ് റിലീസിന് തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ എതിരാണ്. അവര്‍ക്ക് അതിന് ന്യായമുണ്ട്. ‘എ’ ക്ലാസ് തീയേറ്ററുകളില്‍ നിന്ന് വിതരണക്കാര്‍ മുന്‍കൂറായി ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം സിനിമ പുറത്തിറങ്ങുമ്പോള്‍ എല്ലാ തീയേറ്ററുകള്‍ക്കും ഒരേ ദിവസം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി പ്രിന്റുകള്‍ നല്‍കുന്നതില്‍ കച്ചവടപരമായും ധാര്‍മ്മികപരമായും അനീതി ഇല്ലേ? പ്രദര്‍ശിപ്പിയ്ക്കാന്‍ സിനിമ കിട്ടാത്തതുകൊണ്ടു മാത്രം കേരളത്തില്‍ ആയിരത്തോളം തീയേറ്ററുകള്‍ അടച്ചുപൂട്ടി എന്നതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം.

എന്നാല്‍ പിന്നെ അന്‍വര്‍ റഷീദിനെ അങ്ങ് തൂക്കിക്കൊല്ല്
അന്‍വര്‍ റഷീദിനെ പിന്തുണയ്ക്കുന്ന ഒരു ടൊറന്റ് ഫാനിന് പറയാനുള്ളത്
അല്‍ഫോണ്‍സ് പുത്രനോട് മലയാളി കടപ്പെട്ടിരിക്കുന്നു; പല കാരണങ്ങളാല്‍

തീയേറ്ററില്‍ പോയി ആള്‍ക്കാര്‍ സിനിമ കണ്ടെങ്കിലേ മുടക്കുമുതലും ലാഭവും കിട്ടുകയുള്ളു എന്ന വാദം ഈ അടുത്ത കാലംവരെ ഇല്ലായിരുന്നു. കാരണം, സാറ്റലൈറ്റ് റൈറ്റ് ആയിരുന്നു. സാറ്റലൈറ്റ് റൈറ്റിന്റെ റേറ്റിംഗില്‍ ഉയര്‍ന്നു നില്‍ക്കുന്ന താരങ്ങളേയും സാങ്കേതിക വിദഗ്ധരേയും സംഘടിപ്പിച്ച് പണം മുന്‍കൂറായി വാങ്ങി പടംപിടിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. ചാനലുകള്‍ വന്‍ തുക കൊടുത്ത് എടുത്ത പടം കാണാന്‍ ചാനല്‍ പ്രേക്ഷകര്‍ തയ്യാറാകാത്തതുകൊണ്ടാണ് ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ്‌സില്‍ നിന്ന് പിന്നാക്കം മാറിയത്. ആള്‍ക്കാര്‍ക്കിഷ്ടമില്ലാത്ത സിനിമകള്‍ എന്തിനുണ്ടാക്കി? ഇനി ഇതിലൊന്നും പഴയ ആര്‍ട് സിനിമ  വിഭാഗത്തില്‍ ഉള്ളതല്ലായിരുന്നു എന്നും ഓര്‍ക്കണം. നിര്‍മ്മാതാവിന്റെ പണം മുടക്കി കലയും കച്ചവടവുമല്ലാത്ത സാധനങ്ങള്‍ പടച്ചതിനുത്തരവാദികള്‍ ആര്? സിനിമ വ്യവസായം നിശിപ്പിച്ചവര്‍ ആരാണ്? സിനിമ പൈറേറ്റു ചെയ്തവരോ? അതോ, സിനിമ പ്രവര്‍ത്തകര്‍ തന്നെയോ?

ഇനി മോഷണമാണ് പ്രശ്‌നമെങ്കില്‍ (Piracy എന്നാല്‍ മോഷണം എന്നുതന്നെയാണെന്നര്‍ത്ഥം) മലയാള സിനിമ പ്രവര്‍ത്തകര്‍ നിരന്തരമായി നടത്തിവരുന്ന മോഷണമോ? (Plagiarism എന്ന വാക്കിനര്‍ത്ഥം മോഷണം തന്നെ.)

മലയാള സിനിമയിലെ മോഷണത്തിന്റെ തലതൊട്ടപ്പന്‍മാര്‍ ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍നായരും എ വിന്‍സെന്റുമാണ്. ഇരുവരും കൂടി ഉണ്ടാക്കിയ ‘നഗരമേ നന്ദി’ (1967) എന്ന സിനിമ ഗതിന്‍ ഗര്‍ടോവ് സംവിധാനം ചെയ്ത The Conquerors of the Golden City (1965)  എന്ന ടര്‍ക്കിഷ് സിനിമയുടെ മോഷണമാണ്. പദ്മരാജന്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത ‘ലോറി’ (1980) ഫെല്ലിനിയുടെ ‘ലാസ്ട്രാഡ’ (1954) എന്ന ഇറ്റാലിയന്‍ സിനിമയുടെ മോഷണ വൈകൃതമാണ്. പദ്മരാജന്റെ ശിഷ്യന്‍ ബ്ലസി സംവിധാനം ചെയ്ത ‘കാഴ്ച’ (2004) Bashu the Little Stranger (1989) എന്ന ഇറാനിയന്‍  സിനിമയുടെ മോഷണമാണ്. ബ്ലസിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘പ്രണയം’ (2011) പോള്‍ കോക്‌സ് സംവിധാനം ചെയ്ത Innocence (2000)ന്റെ മോഷണമാണ്. മലയാള സിനിമയുടെ പുതിയ ഗുരു രഞ്ജിത്ത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന്‍’ (2010) ജൂലിയന്‍ സുവീവര്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ഇറ്റാലിയന്‍ ചിത്രമായ Le Pefit Monde de don comilo (1952)ന്റെ മോഷണമാണ്. ഷാജി എന്‍ കരുണിന്റെ ‘വാനപ്രസ്ഥം’ (1999) അരവിന്ദന്റെ ‘മാറാട്ട’ത്തിന്റെ (1988) മോഷണമാണ്. കമല്‍ സംവിധാനം ചെയ്ത ‘മേഘമല്‍ഹാര്‍’  (2011) ബ്രിട്ടീഷ് സിനിമ Brief Encounters (1945)ന്റെ മോഷണമാണ്.  ഫാസിലിന്റെ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ (1983) അമേരിക്കന്‍ സിനിമ ‘ആനി’ (1982) യുടെ മോഷണമാണ്. സമീര്‍ താഹീര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ് (2011) മോഷണങ്ങളുടെ സമ്മിശ്രമാണ്. അതിന്റെ പ്രമോ അമേരിക്കന്‍ ചിത്രമായ 21grams ന്റെ തനിപ്പകര്‍പ്പാണ്; പോസ്റ്ററാകട്ടെ സ്പാനിഷ് ചിത്രമായ Changing Lines ന്റെതാണ്; ഇതിവൃത്തമാകട്ടെ ദക്ഷിണ കൊറിയന്‍ ചിത്രമായ Hand Phone ന്റേതാണ്. ഘടനാ മോഷണം വേറേയുമുണ്ട്. അരവിന്ദന്റെ ‘എസ്തപ്പാനും’ ഷാജി എന്‍.കരുണിന്റെ ‘കുട്ടി സ്രാങ്കും’ കുറസോവയുടെ ‘റാഷമോണി’ന്റെ ഘടന അപ്പാടെ പകര്‍ത്തിയിരിക്കുകയാണ്. മലയാള സിനിമയുടെ വഴിത്തിരിവായി വ്യാഖ്യാനിക്കപ്പെടുന്ന ‘ട്രാഫിക്കി’ന്റെ ഘടന അമേരിക്കന്‍ ചിത്രമായ Vantage Point (2008)ന്റെ തനിപ്പകര്‍പ്പാണ്. സത്യന്‍ അന്തിക്കാടിന്റെ ‘വിനോദ യാത്ര’ ദക്ഷിണ കൊറിയന്‍ ചിത്രമായ My Sassy Girl (2001)ന്റെ പകര്‍പ്പാണ്. സിബി മലയിലിന്റെ ‘ആകാശ ദൂത്’ അമേരിക്കന്‍ ചിത്രമായ Who will Love my Children (1983)ന്റെ മോഷണമാണ്. ജോണ്‍പോള്‍ തിരക്കഥയെഴുതി ഭരതന്‍ സംവിധാനം ചെയ്ത ‘മാളൂട്ടി’ അമേരിക്കന്‍ ചിത്രമായ The Rescue of Jessica Mclure (1989)ന്റെ പകര്‍പ്പാണ്.

മലയാള സിനിമയുടെ ഗതിമാറ്റിയ സിനിമയാണ് ‘ഉദയനാണ് താരം’. മലയാള സിനിമയിലെ കുഞ്ചന്‍ നമ്പ്യാരായാണ് പലതരം ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്രീനിവാസനെ വിശേഷിപ്പിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ ജനനം കൂടിയായിരുന്നു ‘ഉദയനാണ് താരം’. പക്ഷെ, അതും ഒരു മോഷണമായിരുന്നു എന്നതാണ് സത്യം. അമേരിക്കന്‍ സിനിമ Bowfinger (1999) ആണ് ഉദയനാണ് താരത്തിന്റെ ഒറിജിനല്‍. ദിലീപ് നായകനായ ‘പച്ചക്കുതിര’യും മോഹന്‍ലാല്‍ നായകനായ ‘അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്’ഉം Rain Man (1988) എന്ന അമേരിക്കന്‍ ക്ലാസിക്കിന്റെ വികലവും വികൃതവുമായ പകര്‍പ്പുകളാണ്.

‘ഓം’ എന്നതിനുശേഷം ഉണ്ടായതെല്ലാം മോഷണമാണെന്ന് വാദിക്കുന്ന അത്യാധുനിക മോഷ്ടാവ് അനൂപ് മേനോന്റെ ഒട്ടുമിക്കവാറും എല്ല സിനിമകളും മോഷണമാണ്. ഏറ്റവും പുതിയ  ചിത്രമായ ‘ലാവണ്ടര്‍’ ദക്ഷിണകൊറിയന്‍ ചിത്രമായ Daisy(1945)യുടെ മോഷണമാണ്.

ഇതൊക്കെയാണെങ്കിലും മോഷണകലയുടെ ചക്രവര്‍ത്തി പ്രിയദര്‍ശന്‍ ആണ്. തൊട്ടതെല്ലാം മോഷണം. ഇനി തൊടാനിരിക്കുന്നതും മോഷണം. ചിന്തിക്കുന്നത് മോഷണം. ഇനി ചിന്തിയ്ക്കാനിരിക്കുന്നതും മോഷണം. മലയാള സിനിമയിലെ ഏറ്റവും വിജയിച്ച സംവിധായകന്‍ ഒരു മോഷ്ടാവാണെന്ന് മനസ്സിലക്കുമ്പോഴാണ് അയ്യപ്പപണിക്കരുടെ കവിതയ്ക്ക് പ്രസക്തി കൂടുന്നത്; മലയാളിയുടെ സിനിമാ സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അറിയുന്നത്. ഇതേ പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിരുന്നു എന്നതുകൂടി ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. മലയാളി കൊട്ടിഘോഷിക്കുന്ന സിനിമ സംസ്‌കാരം വെറും പൊള്ളയാണെന്ന് അപ്പോള്‍ മനസ്സിലാകും.

മലയാള സിനിമാക്കാര്‍ നടത്തിയ മോഷണങ്ങളുടെ ചരിത്രത്തിലൂടെ കടന്നുപോയാല്‍ രണ്ട് കാര്യങ്ങള്‍ മനസിലാകും. 

ഒന്ന്, നമ്മുടെ പല സെലിബ്രിറ്റീസും ഒന്നാംകിട മോഷ്ടാക്കളാണ്. മോഷണവസ്തു ആലങ്കാരികമായി കൊണ്ടുനടക്കുന്നവര്‍ ആണ്. ഈ മോഷണം പിടിയ്ക്കാന്‍ നാട്ടില്‍ നിയമം ഇല്ലാത്തതുകൊണ്ടു മാത്രം (വിദേശത്തുനിന്നുള്ള മോഷണം) മഹാന്‍മാരായിത്തീര്‍ന്നവരാണിവര്‍.

രണ്ട്, മലയാള സിനിമ ഒരു കലാരൂപമായി അതില്‍ പ്രവര്‍ത്തിക്കുന്നവരോ കാണികളോ കാണുന്നില്ല. സാഹിത്യമോഷണം നടത്തിയ ഒരാള്‍ സാഹിത്യരംഗത്ത് മഹാനാകുമോ? അയാളെ സാഹിത്യപ്രേമികള്‍ വച്ചേക്കുമോ? മറ്റേതെങ്കിലും കലാരംഗത്ത് മോഷണം ഇത്ര വ്യാപകമായി, അംഗീകാരത്തോടെ നടക്കുമോ? (ഓര്‍ക്കുക, മോഷണ പട്ടികയിലെ പല സിനിമകള്‍ക്കും സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അവാര്‍ഡ് ജൂറിമാര്‍ ഇതൊന്നും അറിയണമെന്നില്ല. അത് മറ്റൊരു തമാശ.)

പക്ഷെ, എല്ലാം അറിയുന്നവര്‍, നല്ല ഒന്നാംതരം മോഷ്ടാക്കള്‍, ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നിട്ട്  പൈറസിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇതൊക്കെ എന്തു ജന്മം എന്നു ചോദിച്ചു പോകുന്നത്. ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’ത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റിലുണ്ട് എന്നതിനെക്കുറിച്ച് പ്രതികരിക്കവേ (മനോരമ ചാനല്‍) വാചാലനാകുന്ന ജിത്തു ജോസഫ് ഒരു കാര്യം സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ജിത്തു ജോസഫിന്റെ ‘ദൃശ്യം’ ജപ്പാന്‍ ചിത്രമായ Suspect X ന്റെ മോഷണമാണെന്ന കാര്യം; ജിത്തുവിന്റെ ‘മൈ ബോസ്’ അമേരിക്കന്‍ ചിത്രമായ The Proposal ആണ് എന്ന കാര്യം; ജിത്തുവിന്റെ മെമ്മറീസ് തെക്കന്‍ കൊറിയന്‍ ചിത്രമായ Our Town ന്റെ മോഷണമാണെന്ന കാര്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍