UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദി അറിയാവുന്ന മന്ത്രിമാര്‍ പ്രസംഗങ്ങള്‍ ഹിന്ദിയിലാക്കണം: രാഷ്ട്രപതി നിര്‍ദേശം അംഗീകരിച്ചു

ഹിന്ദി ഭാഷ ജനകീയമാക്കാന്‍ 2011-ല്‍ പാര്‍ലമെന്റ് ഔദ്യോഗികഭാഷാ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്

ഹിന്ദി അറിയാവുന്ന ജനപ്രതിനിധികള്‍ അവരുടെ പ്രസംഗങ്ങള്‍ ഹിന്ദിയിലാക്കണം എന്ന നിര്‍ദ്ദേശം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. ഹിന്ദി ഭാഷ ജനകീയമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടി 2011-ല്‍ പാര്‍ലമെന്റ് ഔദ്യോഗികഭാഷാ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ മുഴുവന്‍ നിര്‍ദ്ദേശങ്ങള്‍ക്കും രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടില്ല. 117 നിര്‍ദ്ദേശങ്ങളാിരുന്നു കമ്മീഷന്‍ നല്‍കിയത്.

എയര്‍ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റുകളില്‍ ഹിന്ദി ഉപയോഗിക്കുകയും യാത്രകാര്‍ക്ക് ഹിന്ദി പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ലഭ്യമാക്കുകയും എന്നീ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധ പാഠ്യവിഷയം ആക്കണമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദി സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കാനും മറ്റു സംസ്ഥാനങ്ങളില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും രാഷ്ട്രപതി അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഹിന്ദിയില്‍ ആശയവിനിമയം നടത്തണം, സര്‍ക്കാര്‍ ജോലിയ്ക്കായി ഹിന്ദി പരിജ്ഞാനം വേണം, സ്വകാര്യസ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ഹിന്ദിയിലും ഉല്‍പ്പന്നത്തിന്റെ പേര് ദേവനാഗരിയിലും നല്‍കണം എന്നീ നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രപതി തള്ളി. പക്ഷെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളുടെ പേര് ഹിന്ദിയില്‍ കൊടുക്കണം.

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ ഹിന്ദിയില്‍ പരീക്ഷയെഴുതാനുള്ള അവസരം അനുവദിക്കണമെന്ന നിര്‍ദ്ദേശം മാനവവിഭവശേഷി മന്ത്രാലയം അന്വേഷിക്കാന്‍ പ്രണബ് മുഖര്‍ജി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ പുതിയ ഉത്തരവ് എല്ലാ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും അംഗീകാരത്തിനായി അയച്ചു കഴിഞ്ഞു.

മുന്‍ ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റ് ഔദ്യോഗികഭാഷാ കമ്മീഷന്‍ ചെയര്‍മാനായിരുന്ന 2011-ലായിരുന്നു ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് പ്രസിഡന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഔദ്യോഗിക രംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷിലെ പല പദങ്ങളും ഹിന്ദിയിലേക്ക് തര്‍ജ്ജിമ ചെയ്യുന്നതിനുള്ള നടുപടികള്‍ മുമ്പെ തന്നെ തുടങ്ങിയിരുന്നു. സര്‍ക്കാര്‍ എഴുത്തുകുത്തുകള്‍ക്കായി ഇംഗ്ലീഷ്-ഹിന്ദി ഡിക്ഷണറി തയ്യാറായികൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍