UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീശ്രീ രവിശങ്കറിന്റെ ലോക സാംസ്‌കാരികോത്സവത്തില്‍ നിന്നും രാഷ്ട്രപതി പിന്‍മാറി

അഴിമുഖം പ്രതിനിധി

ശ്രീശ്രീ രവി ശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തീരുമാനിച്ചു. പരിപാടി അനവധി വിവാദങ്ങളില്‍പ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന കാരണം രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല.

യമുനാ തീരത്ത് നടക്കുന്ന പരിപാടിയുടെ അവസാന ദിവസമായ മാര്‍ച്ച് 13-ന് മുഖ്യാതിഥിയായിരുന്നു രാഷ്ട്രപതി. വെള്ളിയാഴ്ച്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി.

പരിസ്ഥിതിലോല പ്രദേശമായ യുമനാ തീരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു കൊണ്ടുള്ള 2015 ജനുവരിയിലെ ഉത്തരവിനെ ലംഘിക്കുന്നതാണ് രവിശങ്കറിന്റെ പരിപാടി. പ്രധാന റോഡുകളില്‍ നിന്നും വേദിയിലേക്ക് താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാന്‍ സൈന്യത്തെ നിയോഗിച്ചതും പരിപാടി നടത്തുന്നതിനായി പ്രദേശത്തെ പാവപ്പെട്ടവരുടെ കൃഷി നശിപ്പിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിപാടിയെ വിവാദത്തില്‍ ചാടിച്ചത്.

ഒരു സ്വകാര്യ പരിപാടിയുമായി സഹകരിക്കാനാകില്ലെന്ന് സൈന്യം പറഞ്ഞുവെങ്കിലും പിന്നീട് പൊതുതാല്‍പര്യമുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടി സംഘാടകരെ സഹായിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. ഇത് രാഷ്ട്രീയ മേലാളന്‍മാരില്‍ നിന്നുള്ള നിര്‍ദ്ദേശമാണെന്ന് പരിപാടിയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു.

70 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള താല്‍ക്കാലിക പാലങ്ങളാണ് സൈന്യത്തിന്റെ എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതായത് ടാങ്കുകളെ വഹിക്കാനുള്ള ശേഷി. സൈനിക നീക്കങ്ങള്‍ നടത്തുമ്പോഴാണ് സൈന്യം ഇത്തരം പാലങ്ങള്‍ നിര്‍മ്മിക്കാറുള്ളത്. 60 മുതല്‍ 70 വരെ നീളമുള്ള ഇത്തരം പാലങ്ങള്‍ 210 മിനുട്ടുകള്‍ കൊണ്ട് നിര്‍മ്മിക്കാനുള്ള പരിശീലനമാണ് എഞ്ചിനീയര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത്.

ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നില്‍ ഈ പരിപാടിക്ക് എതിരായി യമുന ജിയെ അഭിയാന്‍ എന്ന പൗര സംഘടന പരാതി നല്‍കിയിട്ടുണ്ട്. ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ) ട്രൈബ്യൂണലിന് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഈ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ആദ്യ കണക്കുകൂട്ടലില്‍ നിന്നും പലതവണ വര്‍ദ്ധിച്ചിട്ടുണ്ട്.

ട്രൈബ്യൂണലിന്റെ ഉത്തരവിനെ മാത്രമല്ല ഡിഡിഎയുടെ നിര്‍ദ്ദേശങ്ങളേയും ആര്‍ട്ട് ഓഫ് ലിവിങ് ലംഘിക്കുന്നുവെന്ന് ജമുന ജിയെ അഭിയാന്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ട്ട് ഓഫ് ലിവിങ് പരിപാടിയുടെ സംഘാടനത്തിനായി യമുനാ തീരത്ത് വന്‍തോതില്‍ നഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പരിപാടി നിര്‍ത്തി വയ്ക്കുന്നത് കൊണ്ട് മാത്രം ഫലമില്ലെന്നും 100-120 കോടി രൂപ വരെ നഷ്ടപരിഹാരം ഈടാക്കണമെന്നും പരാതിക്കാര്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിപാടിക്ക് ഡിഡിഎ ആദ്യം അനുമതി നിഷേധിച്ചെങ്കിലും 15 ദിവസം കഴിഞ്ഞപ്പോള്‍ തീരുമാനം മാറ്റുകയായിരുന്നു.

രണ്ട് മുതല്‍ മൂന്ന് ലക്ഷം ആളുകള്‍ പരിപാടിക്ക് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടലെന്ന് ഡിഡിഎ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആര്‍ട്ട് ഓഫ് ലിവിങിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം 155 രാജ്യങ്ങളില്‍ നിന്നായി 35 ലക്ഷം പേരെത്തും. സംഘടനയുടെ 35-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ട്രൈബ്യൂണലിലെ അന്തിമവാദം നാളെ ആരംഭിക്കും.

കൃഷി നശിപ്പിച്ചതിന് എതിരെ ചില കര്‍ഷകര്‍ ജില്ലാ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃഷി ഉപേക്ഷിക്കുകയോ വെട്ടിമാറ്റുകയോ ചെയ്യുന്നതിന് ഒരു ബിഗാ ഭൂമിക്ക് 4,000 രൂപ വച്ച് നല്‍കാമെന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ദളിത് കര്‍ഷകനായ ഹീര ലാല്‍ പറയുന്നു. ചില കര്‍ഷ തൊഴിലാളികളെ പണം അടിച്ചേല്‍പ്പിക്കുകയും അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തുവെന്നും ഹീര ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ആര്‍ട്ട് ഓഫ് ലിവിങ് പരിസ്ഥിതി സൗഹൃദ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനായി സംഘടന നടത്തുന്ന പ്രവര്‍ത്തനത്തിന് സമ്മാനം നല്‍കുകയാണ് വേണ്ടതെന്നും രവി ശങ്കര്‍ പറയുന്നു. എന്നാല്‍ രവിശങ്കര്‍ ചെയ്യുന്ന നിയവിരുദ്ധ പ്രവര്‍ത്തനത്തെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് യമുനാ ജിയെ അഭിയാനിലെ മനോജ് മിശ്ര പറുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍