UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുണാചലിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍; മോദി സര്‍ക്കാരിന്റെ മറ്റൊരു ധിക്കാരം

Avatar

ടീം അഴിമുഖം

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ റിപ്ലബിക്ക് ദിനത്തില്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണിത്. തിടുക്കപ്പെട്ടുള്ള ഈ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമായ സഹകരണ ഫെഡറലിസത്തിന്റെ സത്തയ്ക്ക് എതിരാണ്. കേന്ദ്ര നികുതികളുടെ വലിയൊരു ശതമാനം സംസ്ഥാനങ്ങളുടെ ചുമലിലേക്കിട്ടതും ആസൂത്രണ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ ധിക്കാരപൂര്‍വ്വം ഇല്ലാതാക്കിയതുമെല്ലാം ഈ ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ഗവര്‍ണമാരെ ആശ്രയിച്ചിരുന്ന ഇന്ദിരാ ഗാന്ധിയുടെ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി വേണം അരുണാചലിലെ ഈ പുതിയ നീക്കത്തെ കാണാന്‍.

കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി നബാം തുകിക്കെതിരേ വിമത ശബ്ദമുയര്‍ത്തി ഒരു സംഘം കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ രംഗത്തു വന്നതോടെയാണ് അരുണാചലില്‍ പ്രതിസന്ധിയുടെ തുടക്കം. വ്യക്തമായ ഒരു അമിതാധികാര പ്രയോഗത്തിലൂടെ ഗവര്‍ണര്‍ ജെ പി രാജ്‌ഖോവ നിയമസഭയുടെ ശീതകാല സമ്മേളനം നീട്ടിവയ്ക്കുകയും സഭയുടെ ആദ്യ സിറ്റിംഗില്‍ തന്നെ സ്പീക്കറെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു പ്രമേയം വോട്ടിനിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതോടെ പ്രശ്‌നം ഭരണഘടനാ പ്രതിസന്ധിയായി മാറുകയായിരുന്നു. ഗുവാഹത്തി ഹൈക്കോടതി ഗവര്‍ണറുടെ തീരുമാനം ആദ്യം സ്റ്റേ ചെയ്തു. ഇതു നീക്കിയപ്പോള്‍ സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണിപ്പോള്‍.

പാര്‍ട്ടിയെ പിളര്‍ത്തിയും കൂറുമാറിയും അധികാരത്തിനു വേണ്ടി രാഷ്ട്രീയക്കാര്‍ വടംവലി നടത്തുന്നത് അരുണാചലില്‍ ഒരു പുതിയ സംഭവമല്ല. നിയമസഭാംഗങ്ങള്‍ക്കിടയിലെ ഈ രാഷ്ട്രീയ വിശ്വാസ്യതയുടെ അഭാവം സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വിശ്വാസ പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യും. അരുണാചലിലെ ഈ അസ്ഥിരത തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ചൈനയുമായി തര്‍ക്കബാധിത അതിര്‍ത്തി പങ്കിടുന്ന ഒരു സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍ഗണാക്രമം നിശ്ചയിക്കാന്‍ ഒരിക്കലും ഹ്രസ്വകാല നേട്ടങ്ങളെ അനുവദിക്കാന്‍ പാടില്ല. സഭയിലെ ഭൂരിപക്ഷം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വ്യക്തവും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങളുണ്ട്. ഇതിലെല്ലാം ഉപരിയായി രാഷ്ട്രീയ സൂത്രപ്പണികളില്‍ നിന്ന് ഭരണഘടനാ തലവന്‍മാര്‍ മാറി നില്‍ക്കേണ്ടതുമുണ്ട്.

വംശീയ ഭിന്നിപ്പുകളാണ് അരുണാചലില്‍ രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായിരിക്കുന്നത്. മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംഭവങ്ങള്‍ക്കിടയില്‍ ദീര്‍ഘകാല ഇടവേളയുണ്ട്. മൂന്നിലൊന്ന് എംഎല്‍എമാരും പലതവണ കളംമാറിയതിനെ തുടര്‍ന്ന് 1979 നവംബര്‍ മൂന്നിനാണ് അരുണാചലില്‍ ആദ്യമായി 76 ദിവസം നീണ്ട രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഒരു പ്രശ്‌നസാധ്യതയുള്ള സംസ്ഥാനത്ത് തിടുക്കപ്പെട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് കടുത്ത നടപടികളുടെ സൂചനയാണ് നല്‍കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍