UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാര്‍: വന്‍കിടക്കാരോട് ദയയില്ല; പത്തുസെന്റുകാര്‍ക്ക് പാര്‍പ്പിടത്തിന് മുന്‍ഗണനയെന്നും മുഖ്യമന്ത്രി

തോട്ടം തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും

മൂന്നാറില്‍ വന്‍കിട കയ്യേറ്റക്കാര്‍ക്ക് നേരെ യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം കയ്യേറ്റമൊഴിപ്പിക്കലിന്റെ ആദ്യഘട്ടത്തില്‍ വീടു പണിയാനായി പത്ത് സെന്റ് ഭൂമി കയ്യേറിയവരെ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ വിഷയത്തില്‍ ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനത്തിന്റെ വിശദവിവരങ്ങള്‍.

1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ എല്ലാവര്‍ക്കും പട്ടയം നല്‍കും. ഇടുക്കിയില്‍ കയ്യേറ്റക്കാരുണ്ട്. അവരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന് സര്‍വകക്ഷിയോഗം പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. പട്ടയവിതരണത്തിന്റെ ആദ്യ ഭാഗം ഈമാസം 21ന് ഇടുക്കിയില്‍ വച്ച് നടത്തും. നാല്‍പ്പത് വര്‍ഷത്തിന് മുമ്പുള്ള കുടിയേറ്റക്കാരെ ഇനിയും ഭൂരഹിതകരാക്കി നിര്‍ത്താനാകില്ലെന്നതിനാലാണ് തിരക്കിട്ട് പട്ടയം നല്‍കുന്നത്. സമയബന്ധിതമായ നടപടിയാണ് ലക്ഷ്യം വയ്ക്കുന്നത്. സര്‍വകക്ഷിയോഗം നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു.

മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കുകയെന്നത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമായും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത്. ഈ നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. മൂന്നാറിലെ ജൈവവൈവിധ്യവും ജലസ്രോതസും സംരക്ഷിക്കപ്പെടേണ്ടതാണ്. അതോടൊപ്പം സങ്കീര്‍ണമായ ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്. ഇവയെല്ലാം സംരക്ഷിക്കാനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. വനം, പുല്‍മേടുകള്‍, ഷോലവനങ്ങള്‍ എന്നിവ സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും.

സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും ദേശീയ പ്രാധാന്യമുള്ള പ്രദേശമായാണ് മൂന്നാറിനെ കാണുന്നത്. ഭാവിയില്‍ ഒരു കയ്യേറ്റവുമുണ്ടാകാത്തക്ക വിധത്തിലുള്ള ശക്തമായ നടപടികള്‍ ഇപ്പോഴുള്ള കയ്യേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കും. വന്‍കിടക്കാര്‍ക്ക് എവിടെയും കയ്യേറാമെന്നും ഒരു നിയമവ്യവസ്ഥയും തങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് കേള്‍ക്കുന്നത്. അത്തരക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഇതിന് എല്ലാവരുടെയും പൂര്‍ണപിന്തുണയുണ്ട്.

ഇടുക്കിയിലെ തോട്ടങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതയാണ്. തോട്ടത്തിന് നല്‍കിയ ഭൂമി വ്യവസ്ഥകള്‍ ലംഘിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തോട്ടങ്ങളുടെ ഭാഗമായി വരുന്ന തൊഴിലാളികളില്‍ നല്ലൊരു വിഭാഗത്തിനും താമസിക്കാന്‍ സ്വന്തമായി വീടില്ലെന്നത് ഒരു ദുരവസ്ഥയാണ്. വാസയോഗ്യമല്ലാത്ത വീടുകളിലടക്കമാണ് അവര്‍ താമസിക്കുന്നത്. അവര്‍ക്ക് വീടു നല്‍കുകയെന്നത് സര്‍ക്കാര്‍ മുന്‍ഗണനയോടെ സ്വീകരിക്കുന്ന നടപടിയാണ്. മൂന്നാറില്‍ പലതരത്തിലുള്ള കയ്യേറ്റങ്ങളുണ്ട്. അതില്‍ വീടു വയ്ക്കാന്‍ പത്ത് സെന്റ് കയ്യേറുന്നവരുണ്ട്, സര്‍ക്കാര്‍ ഭൂമി ബോധപൂര്‍വം കൈവശം വയ്ക്കുന്നവരുണ്ട്, വേറൊരു വിഭാഗം സര്‍ക്കാര്‍ ഭൂമി കയ്യേറി വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നവരാണ്.

വ്യാജപട്ടയമാണ് ഇടുക്കിയിലെ മറ്റൊരു പ്രശ്‌നം. വ്യാജപ്പട്ടയത്തിലൂടെ ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയവരും സ്റ്റോക് മെമ്മോ കാരണം പണി നിര്‍ത്തിവയ്‌ക്കേണ്ടി വന്നവരുമായ വന്‍കിടക്കാരുണ്ട്. പുറമ്പോക്ക് ഭൂമിയില്‍ കൃഷി ചെയ്യാതെ വീടു വയ്ക്കുന്നവര്‍, വാണിജ്യാവശ്യങ്ങള്‍ക്കായി കെട്ടിടം നിര്‍മ്മിക്കുന്നവര്‍ എന്നിവരുണ്ട്. ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നു വന്നത്. ഇക്കാര്യം സര്‍ക്കാര്‍ നിശ്ചയമായും പരിഗണിക്കും.

മൂന്നാറിലെ നദികളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഇതെല്ലാം നടപ്പിലാകാനായി സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യേറ്റം സാധൂകരിക്കുന്ന യാതൊരു നടപടിയുമുണ്ടാകില്ല. കയ്യേറ്റം കയ്യേറ്റമായി മാത്രമേ കാണൂ. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടുള്ളൂ.

നിലവിലുള്ള വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെയായിരിക്കും നടപടി. വീട് പണിയാന്‍ ഭൂമി കയ്യേറിയ പത്തു സെന്റുകാരനെ തൊടില്ല. അവര്‍ക്ക് പാര്‍പ്പിടമുണ്ടാകണമെന്നതാണല്ലോ നമ്മുടെ ആവശ്യം അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍