UPDATES

സിനിമ

വഴിമാറി നടക്കുന്ന ഒരു ‘പ്രേതം’

രഞ്ജിത്ത് ശങ്കർ- ജയസൂര്യ  കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമയായ പ്രേതം “Mentalist’എന്ന മലയാളി ജീവിതത്തിനു അത്രയൊന്നും പരിചയമില്ലാത്ത ശാഖയെ ജനകീയമാക്കുകയാണ്. സുധി വാത്മീകം സുധീന്ദ്രൻ എന്ന ബാങ്കറുടെ ജീവിതത്തെ ആശ്രയിച്ചു നിർമ്മിച്ചതാണെങ്കിൽ പ്രേതത്തിലെ ജയസൂര്യയുടെ മെന്റലിസ്റ്റ് ജോൺ ആദിയിൽ നിന്നും പ്രചോദിതമായ ഒന്നാണ് 

മൂന്നു സുഹൃത്തുക്കൾ ചേർന്ന് ഒരു ഹോം സ്റ്റേ  നടത്തുന്നു. അവിടെ ദുരൂഹമായ നിരവധി സംഭവ വികാസങ്ങൾ ഉണ്ടാകുന്നു. യാദൃശ്ചികമായി അവിടെ എത്തിയ മെന്റലിസ്റ്റ് ജോണിന്റെ സഹായത്തോടെ ഇവർ മൂന്നുപേരും ദുരൂഹവും ഭീതിദമായ സംഭവ വികാസങ്ങളുടെ ചുരുളഴിക്കാനും അതിൽ നിന്നും രക്ഷപ്പെടാനും ശ്രമിക്കുന്നു. ഇതാണ് പ്രേതത്തിന്റെ പ്രധാന കഥാഗതി.

ഇന്ന് ക്രിമിനൽ കേസുകൾ തെളിയിക്കാൻ പോലും മെന്റലിസ്റ്റുകളുടെ സഹായം തേടാറുണ്ട്. Micro expressions നോക്കി  പ്രതികളുടെ മനോനില അളന്നു കേസുകളിൽ വഴിത്തിരുവുകൾ ഉണ്ടാക്കാറുമുണ്ട്. ഇന്ത്യയിലും കേരളത്തിലും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണ്. ഈയൊരു പുതുമ പ്രേതത്തിനുണ്ട്. വളരെ ലളിതമായി നീങ്ങുന്ന ഒന്നാം പകുതിയും കൗതുകമുണ്ടാക്കുന്ന രണ്ടാം പകുതിയുമാണ്  സിനിമയുടേത്.

പ്രേതാവതരണത്തിലും, പ്രേതകഥയിലും പുതുമകൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ചില ഘട്ടങ്ങളിൽ മെന്റലിസ്റ്റ് ഒരു സിബിഐ ഉദ്യോഗസ്ഥനെ പോലെ പെരുമാറിയെങ്കിലും കേസ് തെളിയിക്കുന്ന വഴി കൗതുകമുണ്ടാക്കുന്നുണ്ട്. യേശുവിനെ പോലെ ചില കഥാപാത്രങ്ങൾ മാനസിക വിശകലനത്തിനു സാധ്യതകൾ തരുന്നുണ്ട്.

പുരുഷ ജീവിത കാഴ്ച്ചകളും സെക്സിനെ പറ്റിയുള്ള പരാമർശങ്ങളും ഇപ്പോൾ മലയാള സിനിമ ആശ്രയിക്കുന്ന ദ്വയാർത്ഥ രീതിയിൽ പ്രയോഗിച്ചിട്ടില്ല. ആസക്തികളെ അതായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഗോവിന്ദ് പത്മസൂര്യയും, അജു വർഗ്ഗീസും ഷറഫുദ്ധീനും ചേർന്നുള്ള സൗഹൃദ നിമിഷങ്ങൾ കുറെയൊക്കെ റിയലിസ്റ്റിക് ആണ്. ഇന്നത്തെ മധ്യ വർഗ്ഗ, ഉപരി മധ്യ വർഗ്ഗ ജീവിതങ്ങളിൽ എവിടെയൊക്കെയോ കണ്ട ചെറുപ്പക്കാരാണവർ.

പ്രേതവും ഭൂതകാലവും ട്വിസ്റ്റുകളുമൊക്കെ കാണാൻ രസമുണ്ട്. ചില ഇടങ്ങളിൽ ക്ലീഷേ കഥ പോലെ തോന്നി അശ്വതിയുടെ പൊരുതലുകൾ. സിനിമയുടെ സസ്പെൻസ് നിറഞ്ഞ കഥാഗതി ആസ്വാദനത്തെ ബാധിക്കും എന്നതിനാൽ വിശദീകരിക്കുന്നില്ല. Father fixation പോലുള്ള വിഷയങ്ങളിൽ കൂടുതൽ ഡീറ്റെയിലിങ്ങ് ആവാമെന്ന് തോന്നി. 

മെന്റലിസത്തിന്റെയും മൈക്രോ എക്സ്പ്രെഷന്റെയും സാധ്യതകളെയും ആധികാരികതയേയും കുറിച്ചുള്ള പഠനങ്ങൾ പൂർണ്ണമല്ല. ഒരുപാട് ആശയക്കുഴപ്പങ്ങൾക്കും സംവാദങ്ങളും ഇപ്പോഴും നടക്കുന്ന മേഖലയാണിത്. നമ്മുടെ കേവല യുക്തിക്കപ്പുറമുള്ള ഒരു പഠന മേഖല കൂടിയാണിത്. അത്തരം ഒരു മേഖലയെ പരിചയപ്പെടുത്തുന്നു എന്നതിൽ കവിഞ്ഞ ആധികാരികത മുന്നിലെ പിന്നിലോ പ്രവർത്തിച്ച ആരും അവകാശപ്പെടുന്നില്ല.

പ്രേതം അല്ലെങ്കിൽ മരിച്ചവരുടെ ആത്മാവുമായുള്ള സംവാദങ്ങൾ- യുക്തികൾക്കൊന്നും തൃപ്തികരമായ ഒരുത്തരമില്ല. പ്രേതം ഒരു കാൽപ്പനിക സങ്കല്പം മാത്രമാണ്, യഥാർത്ഥത്തിൽ ഇല്ലാത്ത ഒന്ന്.

ഒരു സിനിമ എന്ന രീതിയിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് ഈ രഞ്ജിത്ത് ശങ്കർ ചിത്രം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍